എല്ലാവർക്കും ഇവിടെ ഇടമുണ്ട്
text_fieldsജെറ്റ്ലൈൻ സിൻഡ്രോം (Jetline Syndrome) എന്നത് ഒരു ഔദ്യോഗിക മെഡിക്കൽ പദമല്ലെങ്കിലും വിമാനയാത്രക്കാർക്ക് ഉണ്ടാകുന്ന ‘ജെറ്റ് ലാഗ്’ അഥവാ യാത്രാക്ഷീണത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നിലധികം ടൈം സോണുകൾ കടന്ന് യാത്ര ചെയ്യുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക ഉറക്ക ചക്രവും പുതിയ സ്ഥലത്തെ സമയവും തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എന്റെ കാര്യത്തിൽ ഇത് വല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നത്. നേരത്തെ ബ്രസീലിൽ പോയപ്പോൾ കുറച്ച് അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇത്രമാത്രം പ്രയാസമായിരുന്നില്ല. വ്യാഴാഴ്ച നടന്ന ചെച്ചിയ- ദക്ഷിണാഫ്രിക്ക മത്സര വേദിയായ മെർസിഡസ് ബെൻസ് സ്റ്റേഡിയത്തിലേക്കുള്ള യാത്രക്കായി ഒരുക്കം തുടങ്ങിയത് ഇവിടത്തെ പുലർച്ചെ രണ്ട് മണിക്കാണ്. നാട്ടിൽ ഏകദേശം ഉച്ചഭക്ഷണ സമയം. സമയം തീരെ പോകുന്നില്ല എന്ന് മനസ്സിലായെങ്കിലും ഉറക്കം തീരെ വന്നതുമില്ല. രാവിലെ സഹപ്രവർത്തകൻ സമീർ മാഷിന്റെ ബന്ധു ബംഗളൂരുവിൽ എൻജിനീയറായ റാഫി എത്തുമെന്നറിയിച്ചിരുന്നു. വാഷിങ്ടണിൽ നിന്ന് ബസ് മാർഗമാണ് പുള്ളിയുടെ വരവ്. ഒരു ബാക്ക് പാക്കുമായി നിത്യ സഞ്ചാരിയായ ചെറുപ്പക്കാരൻ. വന്ന ഉടനെ അദ്ദേഹത്തെ കൂട്ടി ബ്രേക് ഫാസ്റ്റിനായി ഭക്ഷണ ഹാളിലേക്ക് നീങ്ങി. മഴമേഘങ്ങൾ മാനത്തുണ്ടെങ്കിലും, ഇത് പെട്ടെന്ന് തന്നെ മാറിപ്പോവാം. പക്ഷെ, മുന്നിലുള്ള ടെലിവിഷനിലെ അവതാരക മഴ പ്രവചിക്കുന്നുണ്ട്.
കളി മഴ കൊണ്ടുപോകുമോ എന്ന ഭീതി അറ്റ്ലാന്റ സ്റ്റേഡിയത്തിനകത്തെ ലോകോത്തര സംവിധാനം കണ്ടപ്പോൾ തന്നെ ഇല്ലാതായി. കാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച റൂഫ് ടോപ്പ് സ്റ്റേഡിയമാണ് ഇവിടത്തേത്. രാവിലെ കൃത്യം പത്ത് മണിക്കുതന്നെ സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ചു. ചെച്ചിയയായി പേര് മാറിയ ചെക് റിപ്പബ്ലിക്കിന്റെയും ദക്ഷിണാഫ്രിക്കൻ സംഘങ്ങളുടെ ഒഴുക്കിനിടയിൽ കൂടിയുള്ള യാത്രക്കിടെ ഗേറ്റ് നമ്പർ ഒന്നിന് മുന്നിലെ വലിയ ബോർഡ് കണ്ടപ്പോൾ തെല്ലൊന്നമ്പരന്നു. കാരണം ഹലാൽ ഫുഡ് ഓപ്ഷനും മുസ്ലിം മത വിശ്വാസികൾക്കായുള്ള പ്രാർഥന മുറിയുടെ വിവരങ്ങളുമായിരുന്നു ഇതിൽ. എന്റെ അഞ്ചാമത്തെ ഫുട്ബാൾ ലോകകപ്പ് യാത്രയിൽ സ്റ്റേഡിയത്തിനകത്ത് ഇങ്ങനെയൊന്ന് ആദ്യമായാണ്. ബോർഡിനടുത്ത് തന്നെ ഒരു ഒഫീഷ്യൽ ഈ കാര്യങ്ങൾ വിവരിക്കുന്ന ഒരു കാർഡും വിതരണം ചെയ്യുന്നുണ്ട്. ഒരു ബഹുസ്വര സമൂഹത്തിൽ ഭക്ഷണ, ആരാധന രീതിക്ക് പ്രത്യേക സൗകര്യം ചെയ്യുന്നത് അതും ഒരമേരിക്കൻ നഗരത്തിൽ എന്നത് എന്തുകൊണ്ടും പ്രശംസനീയമാണ്. ഒരു വലിയ ഇവന്റ് വളരെ ചിട്ടയായി നടത്താമെന്നതിന്റെ ഉദാഹരണമായി തദ്ദേശവാസികൾ തന്നെ ഒഴുകിവന്ന സമനിലയിലവസാനിച്ച മനോഹരമായ ഒരു മത്സരത്തിലെ കാണികളുടെ സാന്നിധ്യവും ത്രില്ലടിപ്പിച്ചു. എഴുപതിനായിരം കപ്പാസിറ്റിയുള്ള ഒരു സ്റ്റേഡിയത്തിലാണ് വലിയ സെക്യൂരിറ്റി ശബ്ദ കോലാഹലങ്ങളില്ലാതെ 67442ത്തോളം പേർ കളിയാസ്വദിക്കാനെത്തിയത്. ഏറ്റവും മനോഹരമായ സംഘാടനം കൊണ്ട് അമേരിക്കൻ ലോകകപ്പ് ചരിത്രമാകുന്നത് ഇതൊക്കെ കൊണ്ടാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

