വടക്കൊരു വീരഗാഥ; അഥവാ ഐബീരിയൻ ഡെർബി
text_fieldsഡാളസ്: കപ്പടിച്ചിരുന്നെങ്കിൽ എന്ന് കാൽപ്പന്തുലോകം ആഗ്രഹിക്കുന്ന രണ്ട് ടീമുകൾ. കലാശപ്പോരാട്ടത്തിലേക്കായി കാത്തുവെച്ചവർ. രണ്ടിലൊരാൾക്ക് മരണം അനിവാര്യമായ അങ്കത്തട്ടിലേക്ക് കയറിവരുന്ന ചേകവന്മാരെ പോലെ ഐബീരിയൻ പെനിൻസുലയിലെ അയൽക്കാരായ സ്പെയിനും പോർചുഗലും മുഖാമുഖമെത്തുമ്പോൾ ടെൻഷൻ മൊത്തം ആരാധകർക്കാണ്. ലോകകപ്പ് കിരീടത്തിലേക്ക് ആരാധകർ ഫേവറിറ്റ് പട്ടം നൽകിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലും, ലമിൻ യമാലിന്റെ സ്പെയിനും. ഡാളസിലെ എ.ടി ആൻഡ് ടി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്ന പ്രീക്വാർട്ടറിൽ തിങ്കളാഴ്ച രാത്രി 12.30ന് പന്തുരുളുമ്പോൾ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിലെ നെഞ്ചിടിപ്പിന് വേഗംകൂടും.
പകയുടെ കണക്ക്
ഫുട്ബാളിൽ പഴക്കമേറെയുള്ള നാട്ടങ്കത്തിനാണ് ലോകകപ്പ് മൈതാനം ഇത്തവണ വേദിയൊരുക്കുന്നത്. മെഡിറ്ററേനിയൻ കടലിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിൽ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഐബീരിയൻ ഉപദ്വീപിന്റെ ഭാഗമായ സ്പെയിനും പോർചുഗലും കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രാഷ്ട്രീയ വൈര്യത്തിന്റെ കഥയുമുണ്ട്. 1580കളിൽ പോർചുഗലിനെ പിടിച്ചടക്കി, അടക്കി ഭരിച്ച സ്പെയിനിലെ രാജാവും, അവർക്കെതിരായ പോർചുഗലിന്റെ സ്വാതന്ത്ര്യ സമരവും ഉൾപ്പെടുന്ന പോരാട്ടകഥ. എന്നാൽ, ഫുട്ബാളിലെ ഐബീരിയൻ ഡെർബിക്ക് 1921ലാണ് പന്തുരുണ്ട് തുടങ്ങുന്നത്. അയൽക്കാർ തമ്മിലെ സൗഹൃദ മത്സരങ്ങളിൽ തുടങ്ങി, യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും ലോകകപ്പിലുമായി കഴിഞ്ഞ ഒരു നൂറ്റാണ്ടായി തുടരുന്ന അങ്കത്തിന്റെ ഇങ്ങേത്തലക്കൽ ഇപ്പോൾ ലമിൻ യമാലും ക്രിസ്റ്റ്യാനോ റൊണാൾഡോയും വരെയെത്തി നിൽക്കുമ്പോഴും പോർവീര്യത്തിന് കുറവില്ല. രണ്ടു വർഷത്തിനിടെ ഇതു രണ്ടാം പോരാട്ടം.
ക്രിസ്റ്റ്യാനോ x യമാൽ
ലോകകപ്പ് ഗ്രൂപ് ‘എച്ച്’ ജേതാക്കളായ സ്പെയിൻ, നോക്കൗട്ടിൽ ഓസ്ട്രിയൻ വെല്ലുവിളിയെ 3-0ത്തിന് തരിപ്പണമാക്കിയാണ് പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ് ‘കെ’യിൽ കൊളംബിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായ പോർചുഗൽ, നോക്കൗട്ടിലെ ആദ്യ അങ്കത്തിൽ ക്രൊയേഷ്യയെ 2-1ന് വീഴ്ത്തിയും മുന്നേറി. മോഡ്രിചും പെരിസിചും അണിനിരന്ന ക്രൊയേഷ്യക്കെതിരെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ നേടിയ ഗോൾ പോർചുഗലിന് രക്ഷയാവുകയായിരുന്നു.
ഗോളടിച്ച ക്രിസ്റ്റ്യാനോയെ ഗത്യന്തരമില്ലാതെ പിൻവലിച്ച് വിശ്രമം നൽകിയായിരുന്നു കോച്ച് റോബർടോ മാർടിനസ് പോർചുഗലിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.
മുന്നേറ്റത്തിലെ സൂപ്പർതാരം ടീമിന് ബാധ്യതയാകുന്നുവെന്ന വിമർശനത്തിനിടെയാണ് സ്പെയിനിനെ നേരിടുന്നത്. പരിക്ക് ആശങ്കകളൊന്നുമില്ല. ബ്രൂണോ ഫെർണാണ്ടസ്, പെഡ്രോ നെറ്റോ, വിടീന്യ, റാഫേൽ ലിയാവോ എന്നിവരടങ്ങിയ നിരയ്ക്ക് ഇന്ന് പണികൂടുമെന്നുറപ്പ്.
അതേസമയം, മറുപകുതിയിൽ സ്പെയിനാണ് കൂടുതൽ കരുത്തർ. യൂറോപ്യൻ ചാമ്പ്യന്മാർ പ്രായത്തിലും ചെറുപ്പം. ഗ്രൂപ് എച്ചിലെ ആദ്യ കളിയിൽ കബോ വെർഡെയോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും മിന്നും വിജയങ്ങളുമായി ടീം തിരികെയെത്തി. ലോകകപ്പിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്നതും മറ്റൊരു റെക്കോഡ്.
ലമിൻ യമാലിനൊപ്പം, ടൂർണമെന്റിൽ നാല് ഗോളടിച്ച മൈകൽ ഒയർസബാൽ, ഡാനി ഒൽമോ, അലക്സ് ബയേന സംഘവും മിന്നും ഫോമിലാണ്. പ്രതിരോധവും മധ്യനിരയും ശക്തമായ സ്പെയിനിനെ പിടിച്ചുകെട്ടൽ വലിയ ദൗത്യമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

