ലോകകപ്പ്- 2026: എനിക്ക് ഞാനാവണം, മെസ്സിയാവേണ്ട-യമാൽ
text_fieldsന്യൂയോർക്: ലയണൽ മെസ്സിയെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ബഹുമാനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെപ്പോലെ ആകാനല്ല, മറിച്ച് ‘താൻ തന്നെയായി’ സ്വന്തം വഴി വെട്ടിത്തുറക്കാനാണ് താൽപര്യമെന്ന് സ്പെയിനിന്റെ കൗമാര താരം ലമീൻ യമാൽ. ‘‘മെസ്സി ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യാൻ ഞാൻ യോഗ്യനല്ല. എനിക്ക് മെസ്സി ആകാൻ താൽപര്യമില്ല. എന്റെ സ്വന്തം വഴിയിലൂടെ സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’’-ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ യമാൽ വ്യക്തമാക്കി.
‘‘ഒരു കുട്ടിയായി ഫുട്ബാൾ കളിച്ചു തുടങ്ങിയ കാലം മുതലേ ലോകകപ്പ് എന്നത് എപ്പോഴും എന്റെയൊരു സ്വപ്നമായിരുന്നു. ഇത് എന്റെ (ഓർമയിലെ) മൂന്നാമത്തെ ലോകകപ്പാണ്. ഞാനും അതിന്റെ ഭാഗമാകാൻ പോകുന്നു. എനിക്കിത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഫുട്ബാൾ കളിക്കേണ്ടത് മൈതാനത്താണ്, പേപ്പറിലല്ല’’ -താരം തുടർന്നു. ‘‘കഴിഞ്ഞ യൂറോ കപ്പ് നേടുമെന്ന് ആരെങ്കിലും കരുതിയ ഫേവറിറ്റുകൾ ആയിരുന്നില്ല ഞങ്ങൾ. പക്ഷേ ഞങ്ങൾ അത് വിജയിച്ചു. അവസാന 48ൽ എത്തിയ ഓരോ ടീമിനും അർഹിക്കുന്ന ബഹുമാനം നൽകേണ്ടതുണ്ട്. അവർ അവിടെ എത്തിയിരിക്കുന്നത് സ്വന്തം കളിമികവുകൊണ്ട് തന്നെയാണ്’’ -യമാൽ കൂട്ടിച്ചേർത്തു.
ബാഴ്സലോണക്കുവേണ്ടി കളിക്കവേ ഇടത് കാലിലെ പേശിക്ക് പരിക്കേറ്റതിനാൽ യമാൽ നിലവിൽ പ്രത്യേക ചികിത്സയിലാണ്. സ്പെയിനിന്റെ ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങളിൽ താരം പങ്കെടുക്കുന്നില്ല. എങ്കിലും സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ പ്രഖ്യാപിച്ച ലോകകപ്പ് സ്ക്വാഡിൽ 18 കാരൻ ഇടംപിടിച്ചിട്ടുണ്ട്. ജൂൺ 15ന് കേപ്പ് വെർഡെക്കെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം. അതിനുമുമ്പ് താരം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

