ഫൈനലിന് മുമ്പ് സ്പെയിൻ ക്യാമ്പിൽ ആശങ്ക; സൂപ്പർതാരം ഫൈനൽ കളിക്കുമോ?
text_fieldsന്യൂജഴ്സി: 2026 ഫിഫ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ക്യാമ്പിൽ കനത്ത ആശങ്ക പരത്തി സൂപ്പർതാരം ലാമിൻ യമാലിന്റെ പരിക്ക്. പ്രധാന പരിശീലന സെഷനിൽ ബാഴ്സലോണയുടെ യുവ വിംഗറായ യമാൽ ടീമിനൊപ്പം പങ്കെടുക്കാതെ മാറിനിന്നതാണ് ആശങ്ക വർധിപ്പിച്ചത്. താരത്തിന്റെ ഇടത് തുടയിൽ വലിയ ബാൻഡേജ് ചുറ്റിയ നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ താരം ഫൈനലിൽ ബൂട്ടണിയുമോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ ശക്തമായി.
ന്യൂജഴ്സിയിൽ വ്യാഴാഴ്ച നടന്ന പരിശീലന സെഷനിൽ ലാമിൻ യമാൽ പ്രധാന ഗ്രൂപ്പിൽ നിന്ന് മാറി പരിശീലിച്ചതോടെയാണ് ലോകകപ്പ് ഫൈനലിന് മുമ്പ് സ്പെയിൻ ക്യാമ്പിൽ പെട്ടെന്നൊരു ആശങ്ക പടർന്നത്. ഫ്രാൻസിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷമുള്ള സ്പെയിനിന്റെ ആദ്യ പരിശീലന സെഷനായിരുന്നു ഇത്. യമാലും പ്രതിരോധ താരം പെഡ്രോ പോറോയും ടീമിൽ നിന്ന് മാറി വ്യക്തിഗത റിക്കവറി ഡ്രില്ലുകളിൽ ഏർപ്പെടുകയായിരുന്നു.
ഇരുവരും തനിയെ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഈ ആശങ്കകൾ ഉടൻ തന്നെ തള്ളിക്കളഞ്ഞു. ഞായറാഴ്ച അർജന്റീനക്കെതിരെ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ ഈ കൗമാര താരം പൂർണ സജ്ജനായി കളത്തിലിറങ്ങുമെന്നും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായുള്ള 'വർക്ക് ലോഡ് മാനേജ്മെന്റ്' പ്രോഗ്രാമിന്റെ ഭാഗമായാണ് ഇരുവരും പരിശീലനം നടത്തിയതെന്ന് ഫെഡറേഷൻ വ്യക്തമാക്കി.
ഫ്രഞ്ച് ഫുൾ ബാക്കുകളായ ലൂക്കാസ് ഡിഗ്നെ, തിയോ ഹെർണാണ്ടസ് എന്നിവരുമായി നിരന്തരം പൊരുതേണ്ടി വന്ന ശാരീരികമായി ഏറെ വെല്ലുവിളി നിറഞ്ഞ സെമിഫൈനൽ മത്സരത്തിന് ശേഷമാണ് യമാലിന് വ്യക്തിഗത പരിശീലനം നൽകിയത്. സെമിഫൈനലിന്റെ 22-ാം മിനിറ്റിൽ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ ബോക്സിനുള്ളിൽ വെച്ച് നടത്തിയ കടുത്ത ഫൗളിലാണ് യമാലിന് പരിക്കേറ്റത്. ഇതിന് ലഭിച്ച പെനാൽറ്റി കിക്കിൽ നിന്നാണ് മൈക്കൽ ഒയർസബാൽ സ്പെയിനിനായി ഗോൾ നേടിയത്. മത്സരം മുഴുവൻ യമാൽ കളിച്ചിരുന്നെങ്കിലും പിന്നീട് വേദന കൂടിയതിനെത്തുടർന്ന് ഡാളസിലെ ടീം ഹോട്ടലിൽ വെച്ച് സ്പെയിനിന്റെ മെഡിക്കൽ സംഘം താരത്തിന് അടിയന്തര ചികിത്സ നൽകി. എങ്കിലും, ഞായറാഴ്ച നടക്കുന്ന സ്വപ്ന ഫൈനലിൽ യമാൽ ബൂട്ടണിയുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

