Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right‘വിലങ്ങും ഒരു തോക്കും...

‘വിലങ്ങും ഒരു തോക്കും ഉണ്ടെങ്കിൽ മെസ്സിയെ പൂട്ടാം...!’; കോച്ചുമാരുടെ ഉറക്കംകെടുത്തുന്ന മെസ്സി ട്രാപ്പ്

text_fields
bookmark_border
Lionel Messi
cancel

2018 സ്പാനിഷ് ലാ ലിഗ സീസണിനിടെയാണ് സംഭവം. ലയണൽ മെസ്സിയുടെ ബാഴ്സലോണയും, ഒസാസുനയും ലീഗിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. മത്സരത്തിനായി ആഴ്ചകൾക്കു മുമ്പുതന്നെ ഒസാസുന കോച്ച് പിറ്റാർ വസിൽജെവിച്ച് മെസ്സിയെ പൂട്ടുന്നത് ആലോചിച്ച് തലപുകക്കാൻ തുടങ്ങിയിരുന്നു. ബാഴ്സയുടെ എഞ്ചിനായ മെസ്സിയെ പൂട്ടിയാൽ കളി പാതി ജയിച്ചുവെന്ന് കോച്ചിനും ടീം അംഗങ്ങൾക്കും ഉറപ്പാണ്. മെസ്സിയെ തളക്കാൻ പദ്ധതി തയാറാക്കണമെന്ന് കോച്ച് കളിക്കാരോട് നേരത്തേ പറഞ്ഞിരുന്നു. അങ്ങനെ ടീം മീറ്റിങ്ങിനിടെ സൂപ്പർതാരത്തെ നേരിടാൻ എന്തുണ്ട് പ്ലാൻ എന്നായി കോച്ച്. കളിക്കാർക്കിടയിൽനിന്നാണ് ആ മറുപടി വന്നത് ‘ഒരു കൈവിലങ്ങും പിസ്റ്റളും ഗ്രൗണ്ടിലേക്ക് കൊണ്ടുപോകാം’ -ടീം യോഗത്തിലും പിന്നീട്, ഫുട്ബാൾ ചർച്ചകളിലും ചിരിയും ഗൗരവവും പടർത്തിയ മറുപടി.

കളിക്കാർ കോച്ചിന് നൽകിയ ഉത്തരത്തിലുണ്ട് ലയണൽ മെസ്സിയെന്ന താരം എതിരാളികൾക്ക് നൽകുന്ന തലവേദനയുടെ ആഴം. ലോകകപ്പിലെ ഉഗ്ര പോരാട്ടത്തിൽ അർജന്റീനയും സ്പെയിനും ബൂട്ടുകെട്ടാൻ ഒരുങ്ങുമ്പോഴും ആ തലവേദനക്ക് മാറ്റമില്ല. ലയണൽ മെസ്സിയെന്ന സൂപ്പർതാരം ലോകഫുട്ബാളിലേക്ക് ഉയർന്നുവന്ന കാലത്ത് തുടങ്ങിയതാണ് ഈ വെല്ലുവിളി. ബാഴ്സലോണ, പി.എസ്.ജി, ഇൻറർമയാമി തുടങ്ങിയ ക്ലബുകളും, അർജന്റീന ദേശീയ ടീമായാലും മെസ്സി കളിക്കാനിറങ്ങുന്നതിന് ആഴ്ചകൾക്കു മുമ്പേ എതിർ ടീം കോച്ചുമാരുടെ ഉറക്കം നഷ്ടമായിത്തുടങ്ങും.

സെമിയിൽ ഇംഗ്ലീഷ് കോച്ച് തോമസ് തുഹേലും, ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിന്റെ മുറാത് യാകിനും തീർത്ത പത്മവ്യുഹവും ഭേദിച്ച ലയണൽ മെസ്സി കളിയെ റാഞ്ചിയെടുത്തത് കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ചയാണ്. നാലു വർഷം മുമ്പ് ഖത്തറിൽ ചൂടിയ സ്വർണകിരീടം നിലനിർത്താൻ മെസ്സിപ്പട ന്യൂജഴ്സി സ്റ്റേഡിയത്തിലെത്തുമ്പോൾ, എന്തെല്ലാം തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന ചൂടുപിടിച്ച ആലോചനയിലാകും സ്പാനിഷ് കോച്ച് ലൂയി ഡാ ലാ ഫുവന്റെ.

മിന്നൽവേഗത്തിൽ പായുകയും, ഏത് പ്രതിരോധവും തുളച്ചു കയറുകയും, ആരും കാണാത്ത സ്പേസും അവസരവും കണ്ടെത്തുകയും, അസാധ്യമായ ആംഗിളിൽ പാസ് നൽകുകയും ചെയ്യുന്ന മെസ്സിയെ എങ്ങനെ തളക്കും..? രണ്ടു ദശാബ്ദം പിന്നിട്ട കരിയറിനിടെ, 39ാം വയസ്സിൽ തന്റെ ആറാം ലോകകപ്പിലാണ് മെസ്സി പന്തു തട്ടുന്നത്. ‘ഒപ്റ്റ സ്റ്റാറ്റസ്’ പ്രകാരം ഈ ലോകകപ്പിലെ ഏറ്റവും വേഗം കുറഞ്ഞ താരങ്ങളിൽ ഒരാളാണ് മെസ്സി. മണിക്കൂറിൽ ശരാശരി വേഗത 2.8 മൈൽ. എന്നാൽ, ടൂർണമെന്റിൽ ഏറ്റവും പ്രഹരശേഷിയുള്ള താരവും മറ്റൊരാളല്ല.

മാഫിയോ പൂട്ടിയ മെസ്സി

ലയണൽ മെസ്സിയെ ഏറ്റവും ഫലപ്രദമായി കത്രികപൂട്ടിൽ നിർത്തിയ താരം ആരെന്ന് ചോദിക്കും മുമ്പേ ലഭിക്കുന്ന ഉത്തരം സ്പാനിഷ് ഡിഫൻഡർ പാേബ്ലാ മാഫിയോയുടെ പേരാകും. 2017 ലാ ലിഗ സീസണിനിടെ ബാഴ്സയും ജിറോണയും ഏറ്റുമുട്ടിയ മത്സരത്തിലായിരുന്നു അത്. അസാധ്യമായ ജോലിയാണ് അന്ന് കോച്ച് 20കാരനായ മാഫിയോക്ക് നൽകിയത്. കളത്തിൽ എവിടെയും മെസ്സിയുടെ നിഴലായി പ്രത്യക്ഷപ്പെട്ട മഫിയോ മാൻ മാർക്കിങ്ങിലൂടെ താരത്തെ എങ്ങനെ തളക്കാമെന്ന് യൂറോപ്പിന് പകർന്നു നൽകി.

മെസ്സിയുടെ ടീമുമായി ഏറ്റുമുട്ടും മുമ്പ് താരത്തെ നേരിടുന്നതിൽ ശാരീരിക തയാറെടുപ്പിനേക്കാൾ മാനസിക തയ്യാറെടുപ്പാണ് കൂടുതൽ ആവശ്യമെന്ന് മുൻ ചെൽസി-പോർചുഗൽ ഡിഫൻഡർ ജോസ് ബോസിൻഗ പറയുന്നു. ‘മെസ്സിയെ നേരിടും മുമ്പ് ആദ്യം വേണ്ടത് മാനസിക തയ്യാറെടുപ്പാണ്. ശേഷം, മണിക്കൂറുകൾ ഇരുന്ന് മെസ്സിയുടെ കളിയറിയാൻ വീഡിയോകൾ കാണുക. തീർച്ചയായും അതൊരു മാനസിക ഒരുക്കമാണ്. ഭയത്തിനു പകരം, എതിരാളിയെ ബഹുമാനിച്ച് കളിക്കുന്നതാവും ഏറ്റവും നല്ലത്’ -2009ൽ നു കാംപിൽ നടന്ന ചെൽസി-ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ അനുഭവത്തിൽ ജോസ് ബോസിൻഗ പറയുന്നു.

2010ൽ ഇന്റർമിലാൻ-ബാഴ്സലോണ മത്സരത്തിനിടെ മറ്റൊരു അർജന്റീനക്കാരാനായ എസ്തബൻ കാമ്പിയാസോയെ കളത്തിലിറക്കിയായിരുന്നു കോച്ച് മൗറീന്യോ മെസ്സി ട്രാപ്പ് ഫലപ്രദമായി നടപ്പാക്കിയത്.

മെസ്സിപ്പൂട്ട് പലവിധം

2010 ലോകകപ്പ് ക്വാർട്ടറിൽ ജർമനി 4-0ത്തിന് അർജന്റീനയെ തരിപ്പണമാക്കിയ മത്സരത്തിലായിരുന്നു മറ്റൊരു മെസ്സി ട്രാപ്പ് വിജയകരമായി വർക്കൗട്ട് ചെയ്തത്. ആ മത്സരത്തെ കുറിച്ച് ജർമൻ ഡിഫൻഡർ ആർനെ ഫ്രെഡറിക് പിന്നീട് വെളിപ്പെടുത്തിയത് ഇങ്ങനെ -‘ഞങ്ങളുടെ മധ്യനിരക്കും പ്രതിരോധത്തിനുമടിയിൽ ഒരു സ്പേസും നൽകാതെ കളിക്കാനാണ് ശ്രമിച്ചത്. രണ്ട് ലൈനിനുമിടയിൽ ഏഴോ എട്ടോ വാരയിൽ കൂടുതൽ സ്പേസ് വരുത്തിയില്ല. ഇതോടെ മെസ്സിക്ക് പന്ത് ലഭിക്കുന്നില്ല എന്നുറപ്പാക്കി. അദ്ദേഹത്തിന്റെ ബൂട്ടിൽ പന്ത് ലഭിച്ചാൽ കാര്യങ്ങൾ കൈവിടും. പന്ത് മെസ്സിയിലെത്തിയാൽ, അദ്ദേഹം നീങ്ങും മുമ്പേ ഇടപെടുമെന്നുറപ്പാക്കി. അയാൽ പന്തിൽ വേഗത നേടിയാൽ പിന്നെ കിട്ടില്ലെന്നുറപ്പാണ്’. 2014 ലോകകപ്പ് സെമിയിൽ നെതർലൻഡ്സിന്റെ നിജെൽ ഡിയോങ് ആയിരുന്നു മാൻ മാർക്കിങ്ങിലൂടെ മെസ്സിയെ പൂട്ടുന്നതിൽ വിജയിച്ച ഒരു താരം.

കളിയുടെ ആദ്യ പത്ത് മിനിറ്റിൽ കളത്തിലെ വെല്ലുവിളിയുടെ സൂചന നൽകുകയെന്നതാണ് പ്രധാനം. മെസ്സിയുടെ ശരീരഭാഷ വായിച്ചെടുക്കുക, ചലനങ്ങൾ മൂൻകൂട്ടി കാണുക, അദ്ദേഹം എങ്ങിനെ ചിന്തിക്കുമെന്നും നേരത്തെ കണക്ക് കൂട്ടണം. ഗോളിൽ നിന്ന് അകലെയാണെങ്കിലും മെസ്സിയെ അവഗണിക്കരുത്. കണ്ണ് തെറ്റിച്ചാൽ പ്രതിരോധത്തിൽ വലിയ വിള്ളലാവും വരുത്തുന്നത്. ഇടത്തേക്ക് നോക്കി വലത്തേക്ക് ശരം പോലെ നീങ്ങാനും, തിരിച്ചും കഴിയും. മാൻമാർക്കിങ്ങിന് പകരം നീക്കം തുടങ്ങിയശേഷമായിരുന്നു ഞാൻ പ്രതിരോധിച്ചത്’ -താരം പറയുന്നു. ഗോൾരഹിതമായ സെമിയിൽ ഷൂട്ടൗട്ടിൽ അർജന്റീനക്കായിരുന്നു ജയം. 2018 ലോകകപ്പിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടിയ പ്രീക്വാർട്ടറിൽ കോച്ച് ദിദിയർ ദെഷാംപ്സ് മെസ്സിയെ മാൻ മാർക്ക് ചെയ്യാൻ ചുമതല നൽകിയത് എൻഗോളോ കാന്റെക്കായിരുന്നുവെന്ന് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ഓർക്കുന്നു. ‘കാന്റെ ആ ജോലി ഭംഗിയായി ചെയ്തതിനാൽ ഞങ്ങൾ ലോകകപ്പ് ജയിച്ചു’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFIFA World CupFIFA World Cup final
News Summary - How to stop Lionel Messi?
Next Story