സൗദി അറേബ്യക്കെതിരായ ഗോൾ; ലോകകപ്പിൽ ചരിത്രം കുറിച്ച് ലമീൻ യമാൽ
text_fieldsഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്നത് സ്പെയിനിന്റെ കൗമാര വിസ്മയം ലമീൻ യമാലിലേക്കാണ്. സൗദി അറേബ്യക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ നാലു ഗോളുകൾക്ക് വിജയിച്ച സ്പെയിൻ ടീമിന്റെ അമരക്കാരനായി മാറിയത് 18 വയസ്സുകാരനായ ഈ താരം തന്നെയാണ്. മത്സരത്തിലെ ആദ്യ ഗോൾ നേടി ചരിത്രത്തിലേക്ക് നടന്നുകയറിയ യമാൽ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോൾവേട്ടക്കാരനായി മാറി.
മത്സരത്തിന്റെ പത്താം മിനിറ്റിലായിരുന്നു യമാലിന്റെ ആ ചരിത്ര ഗോൾ. മൈക്കിൾ ഒയാർസബലിന്റെ പാസ് സ്വീകരിച്ച് പോസ്റ്റിന് തൊട്ടടുത്ത് നിന്ന് സ്ലൈഡിങ് ഷോട്ടിലൂടെയാണ് യമാൽ സ്പെയിനിനെ മുന്നിലെത്തിച്ചത്. 18 വയസ്സും 323 ദിവസവും മാത്രം പ്രായമുള്ള യമാൽ, ഈ ഗോൾ നേടിയതോടെ ലോക ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡിന് തൊട്ടടുത്തെത്തി. 1958-ൽ വെയ്ൽസിനെതിരെ ഗോൾ നേടുമ്പോൾ 17 വയസ്സും എട്ടു മാസവുമായിരുന്നു പെലെയുടെ പ്രായം. ലോകകപ്പിൽ ഇത്രയും ചെറിയ പ്രായത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ഇതോടെ യമാലിന് സ്വന്തമായി.
ഏപ്രിലിൽ നേരിട്ട ഹാംസ്ട്രിങ് പരിക്ക് യമാലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഭീഷണിയായിരുന്നു. ടൂർണമെന്റിന് തൊട്ടുമുമ്പ് വരെ താരം കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, കേപ് വെർഡെയ്ക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ യമാൽ, സൗദി അറേബ്യക്കെതിരെ സ്റ്റാർട്ടിങ് ഇലവനിലെത്തുകയും തന്റെ ഫോം തെളിയിക്കുകയും ചെയ്തു. ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചിൽ സ്പെയിൻ തങ്ങളുടെ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. ജൂൺ 26-ന് ഉറുഗ്വായ്‌ക്കെതിരെയാണ് സ്പെയിനിന്റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

