ഹേയ്...കുറക്കാവോ; ജർമനിയും കുറസാവോയും ഇന്ന് മുഖാമുഖം
text_fieldsകുറസാവോ ടീം പരിശീലനത്തിൽ
ഹൂസ്റ്റൺ (യു.എസ്): ജർമനിയിലെ ചെറിയ നഗരങ്ങളിലൊന്നിന്റെ (ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷം) ജനസംഖ്യ മാത്രമുള്ള രാജ്യമാണ് കുറസാവോ. ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യമെന്ന നിലയിൽ ചരിത്രം കുറിച്ച് ലോകകപ്പിനെത്തിയവർ. ജർമനി-കുറസാവോ മത്സരം സത്യത്തിൽ ഗോലിയാത്തും ദാവീദും തമ്മിലെ പോരാട്ടം പോലെയാണ്. എങ്കിലും അരങ്ങേറ്റത്തിനിറങ്ങുന്ന കൊച്ചു രാജ്യത്തിന് അഭിമാനിക്കാം. ഫലത്തിലുപരി ഈ കളി ലോകത്തിന് ഒരുപോലെ ആകാംക്ഷയും ആവേശവും സമ്മാനിക്കുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 10.30ന് ഹൂസ്റ്റൺ സ്റ്റേഡിയത്തിലാണ് ഗ്രൂപ് ഇ-യിലെ പ്രസ്തുത മത്സരം.
ഫിഫ റാങ്കിൽ ആദ്യ പത്തിലുള്ള ജർമൻ സംഘം ഉജ്ജ്വല ഫോമിലാണ്. കഴിഞ്ഞ ഒമ്പത് മാസങ്ങൾക്കിടെ തുടർച്ചയായ ഒമ്പത് ജയങ്ങൾ. ഏറ്റവും ഒടുവിൽ നടന്ന സന്നാഹ മത്സരത്തിൽ കരുത്തരായ യു.എസിനുപോലും മുൻ ചാമ്പ്യന്മാരെ തളക്കാനായില്ല. 22 വർഷത്തെ ഇടവേളക്കുശേഷം ആഴ്സനലിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും ചാമ്പ്യൻസ് ഫൈനലിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ച കൈ ഹാവെർട്സ് നയിക്കുന്ന ജർമൻ മുന്നേറ്റം ശക്തമാണ്. ജമാൽ മ്യൂസിയാലയും ലെറോയ് സാനെയും ഫ്ലോറിയൻ വിർട്സും ഫോമിലുള്ളതിനാൽ ഏത് സമയവും കുറസാവോ ഗോൾമുഖം വിറക്കാം. നായകൻ ജോഷ്വ കിമ്മിച്ചാണ് പ്രതിരോധത്തിലെ പ്രധാന പോരാളി. ക്രോസ് ബാറിനുകീഴിൽ മാനുവൽ നോയറിന്റെ ചോരാത്ത കൈകളും ചേരുമ്പോൾ മത്സരഫലത്തെക്കുറിച്ച് ജർമൻ ആരാധകർക്ക് ആധിയില്ല.
ലോകകപ്പ് യോഗ്യത പോലും കുറസാവോയെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. ലോക റാങ്കിങ്ങിൽ 82ാമതാണ് ടീമിപ്പോൾ. വടക്കെ-മധ്യ അമേരിക്കൻ, കരീബിയൻ മേഖലയായ കോൺകകാഫ് യോഗ്യത റൗണ്ട് മൂന്നിൽ ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇവർ ടിക്കറ്റെടുത്തത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനായ 78കാരൻ ഡിക്ക് അഡ്വോകാറ്റിന് കീഴിലിറങ്ങുന്ന ടീമിൽ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്ട്രൈക്കർ താഹിത് ചോങ് ഉൾപ്പെടെ ചില പ്രമുഖരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

