Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോൽക്കാത്ത ഇറാനെ ലോകം തോൽപിച്ചു..!

text_fields
bookmark_border
  • ആ​രോ​ടും മു​ട്ടു​മ​ട​ക്കാ​തെ കി​ട്ടി​യ​തെ​ല്ലാം തി​രി​ച്ചു​കൊ​ടു​ത്ത് അ​വ​ർ മ​ട​ങ്ങു​ന്നു
  • അൽജീരിയ-ഓസ്ട്രിയ മത്സരത്തിന് അവസാന നിമിഷം സമനില; പുറത്തായത് ഇറാൻ
തോൽക്കാത്ത ഇറാനെ ലോകം തോൽപിച്ചു..!
cancel
camera_alt

ഈ​ജി​പ്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജ​യം ന​ഷ്ട​മാ​യ​പ്പോ​ൾ ഇ​റാ​ൻ താ​ര​ങ്ങ​ളു​ടെ സ​ങ്ക​ടം

ടെക്സസ്: ഒറ്റശ്വാസത്തിൽ ആഘോഷവും നിരാശയുമെല്ലാം കടന്നുപോയ സമയങ്ങൾ. കാൻസസ് സിറ്റിയിൽ അൽജീരിയയും ഓസ്ട്രിയയും തങ്ങളുടെ അവസാന ഗ്രൂപ് മത്സരത്തിനിറങ്ങിയപ്പോൾ, അവർക്കിടയിൽ പാഞ്ഞു നടന്ന പന്തിലെ കാറ്റിന് ഇറാന്റെ ജീവവായുവിന്റെയും ഗന്ധമുണ്ടായിരുന്നു. ജീവൻരക്ഷാ മുറിപോലെ മൈതാനത്തെ പോരാട്ടം നിർണായകമായപ്പോൾ, തെഹ്റാനിലെ തെരുവുകളും വീടുകളും മജ്‍ലിസുകളും പ്രാർഥനയോടെ കാത്തിരുന്നു. ഒടുവിൽ, ആർപ്പുവിളികളും ആഘോഷവും പൊട്ടിക്കരച്ചിലും കണ്ണീരുമായി മാറി. ഒരുകളിപോലും തോൽക്കാതെ മുന്നേറിയ ഒരു ടീം, പല തോൽവികളേറ്റുവാങ്ങിയവർക്കും പിന്നിൽ കണ്ണീരോടെ മടങ്ങാൻ വിധിക്കപ്പെട്ട ഫുട്ബാളിന്റെ അപൂർവത. ലോകകപ്പ് ഫുട്ബാൾ നോക്കൗട്ടിന്റെ പെരും പോരാട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഗ്രൂപ് റൗണ്ടിന്റെ കണ്ണീരും സങ്കടവുമായി മാറിയിരിക്കുന്നു ഇറാൻ എന്ന ഏഷ്യൻ കരുത്തർ.

അൽജീരിയയും ഓസ്ട്രിയയും കളിച്ചു; തോറ്റത് ഇറാൻ

ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ അമേരിക്കയിലെ കാൻസസ് സിറ്റി ആരോഹെഡ് സ്റ്റേഡിയത്തിൽ അൽജീരിയയും ഓസ്ട്രിയയും ഗ്രൂപ് റൗണ്ടിലെ അവസാന അങ്കത്തിൽ ഏറ്റുമുട്ടുമ്പോൾ ആകാംക്ഷയും പിരിമുറുക്കവുമെല്ലാം തെഹ്റാനിലെയും ഇസ്ഫഹാനിലെയും തെരുവുകളിലും മെക്സികോയിലെ ടിജുവാനയിൽ ഇറാൻ ടീമിന്റെ ബേസ് ക്യാമ്പിലുമായിരുന്നു. ഗ്രൂപ് ‘ജി’യിൽ കളിച്ച ഒരു കളി പോലും തോൽക്കാതെ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനക്കാരായിട്ടും ലോകകപ്പ് നോക്കൗട്ടിലെ പ്രവേശനം അന്യമാക്കപ്പെട്ട ‘ടീം മില്ലി’ വടക്കൻ അമേരിക്ക ലോകകപ്പിന്റെ മുറിപ്പാടായി മാറി. കാൻസസ് സിറ്റിയിലെ ഞായറാഴ്ച ഞായറാഴ്ചത്തെ മത്സരത്തിലേക്കായിരുന്നു ഇറാന്റെയും ആരാധകരുടെയും കണ്ണുകളെല്ലാം.

ഒരു ദിവസം മുമ്പ് ഈജിപ്തിനെതിരായ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഉറപ്പിച്ച ജയം വി.എ.ആറിൽ കുരുങ്ങി നിഷേധിക്കപ്പെട്ടപ്പോഴും പ്രതീക്ഷകളോടെ കാത്തിരിപ്പിലായിരുന്നു പേർഷ്യൻ പടയാളികൾ. ഗ്രൂപ്പിൽ മൂന്ന് സമനിലയോടെ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനക്കാരായവർക്ക് മികച്ച എട്ടു പേരിൽ ഒരാളായി റൗണ്ട് ഓഫ് 32ൽ ഇടം പിടിക്കാമെന്ന ഉറപ്പുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കുമ്പോഴും ഇറാൻ സുരക്ഷിതമായ നിലയിലായിരുന്നു. ഗ്രൂപ്പ് ‘ജി’യിൽ അർജന്റീന ജോർഡനെ നേരിടാനിറങ്ങിയ മത്സരത്തിലേക്കായിരുന്നു ആരാധക ലോകത്തിന്റെ ശ്രദ്ധ. എന്നാൽ, അതേസമയം കാൻസസിൽ അൽജീരിയയും ഓസ്ട്രിയയും തട്ടിയ തുകൽ പന്തിൽ ഇറാന്റെ ജീവനാണുള്ളതെന്ന് തിരിച്ചറിഞ്ഞവർ ജീവൻരക്ഷാ മുറിയിലെ മരണപ്പോരാട്ടമെന്ന പോലെ ശ്വാസമടക്കിപിടിച്ച് കാത്തിരുന്നു.

ഹൈപ്രസിങ് ഗെയിമിൽ തുല്ല്യ ശക്തികളായ രണ്ടു പേർ മുഖമുഖമെത്തിയപ്പോൾ കളത്തിൽ എന്തും സംഭവിക്കാമെന്ന സ്ഥിതി. അർജന്റീന ഗ്രൂപ് ജേതാക്കളായ ഇവിടെ മൂന്ന് പോയന്റുമായി രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടത്തിലായിരുന്നു അൽജീരിയയും ഓസ്ട്രിയയും. വിജയികൾക്ക് ആറ് പോയന്റുമായി നേരിട്ട് നോക്കൗട്ടുറപ്പിക്കാം. തോൽക്കുന്നവർക്ക് മൂന്ന് പോയന്റാകും, നോക്കൗട്ട് സാധ്യതകളുമടയും. സമനില രണ്ട് ടീമുകൾക്ക് ആശ്വാസമാകുമ്പോൾ, ഇവിടെ സമനില പിറക്കരുതെന്നായിരുന്നു തെഹ്റാനിലെ ആരാധകരുടെ പ്രാർഥനകൾ.

റിയാദ് മെഹ്റസും അമിൻ ഗൗരിയും നബിൽ ബിൻതാലിബും ഉൾപ്പെടുന്ന അൽജീരിയയും, മാർകോ അർനടോവിചിന്റെ ഓസ്ട്രിയയും തമ്മിലെ പോരാട്ടം തീപാറുന്ന കാഴ്ചയായിമാറി. ആദ്യ പകുതിയിൽ റഫീഖ് ബെൽഗാലിയുടെയും, മാർകോ അർനോവിചിന്റെയും ഗോളുകളിൽ ഇരുവരും ഒപ്പത്തിനൊപ്പം. രണ്ടാം പകുതിയിൽ റിയാദ് മെഹ്റസും (60ാം മിനിറ്റ്), മാഴ്സൽ സാബിറ്റ്സറും (55) അൽജീരിയക്കും ഓസ്ട്രിയക്കുമായി ഓരോ ഗോൾ കൂടി നേടി. കളി ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയപ്പോഴും സ്കോർ 2-2ന് സമനിലയിൽ. തെഹ്റാനിലും ടിജുവാനിലും ടി.വിക്കു മുന്നിൽ ഇറാൻ ആരാധകരും കളിക്കാരും നിരാശയോടെ കുത്തിയിരുന്ന മിനിറ്റുകൾ. മത്സരത്തിന്റെ തത്സമയ വിവരണവുമായി സജീവമായിരുന്ന ഇറാനിലെ സർക്കാർ ടി.വി ചാനലായ ഇറിബ് സ്റ്റുഡിയോ മുറി മരണവീടായ നിമിഷം. ടി.വി സ്ക്രീനുകൾക്ക് മുന്നിൽ ആരാധകർ മുഖംപൊത്തി നിൽപ്പായി.

ഇതിനിടയിലാണ് ആ ഗോളിന്റെ പിറവി. ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ റിയാദ് മെഹ്റസിലൂടെ അൽജീരിയയുടെ മൂന്നാം ഗോൾ പിറക്കുന്നു. ഗോളടിച്ച ടീമിന്റെ ആരാധകരേക്കാൾ ആഘോഷം ഇറാനിലായി. ചാനൽ മുറി മുതൽ ഡ്രസിങ് റൂം വരെ മെഹ്റസിന്റെ ഗോൾ ഉത്സവത്തിൽ പൊട്ടിത്തെറിച്ചു. അമേരിക്കയുടെയും ഫിഫയുടെയും ഗൂഢതന്ത്രങ്ങളും തകർത്ത് ഇറാൻ ലോകകപ്പിന്റെ നോക്കൗട്ടിൽ പ്രവേശിച്ചുവെന്നായി ടി.വി അവതാരകൻ. പക്ഷേ, ആഘോഷങ്ങൾക്ക് വെറും മൂന്ന് മിനിറ്റിന്റെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. ഇഞ്ചുറി ടൈം അവസാനിക്കാനിരിക്കെ (90+6) അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഓസ്ട്രിയ സാസ കാലാസിചിലൂടെ മൂന്നാം ഗോൾ കുറിച്ച് സമനില പിറന്ന നിമിഷം. നേരത്തേ തിമിർത്താടിയ സ്ഥലങ്ങളെല്ലാം പൊടുന്നനെ നിശ്ശബ്ദമായി. ആഘോഷം കണ്ണീരായി മാറി. ഇനിയൊരു മറുപടി ഗോളിന് സമയമില്ലാതെ കാൻസസിലെ കളി പിരിഞ്ഞപ്പോൾ ഇറാൻ ഡ്രസങ് റൂം ഒരു മരണവീട്പോലെ മൂകമായി.

നാല് പോയന്റുമായി ഓസ്ട്രിയയും അൽജീരിയയും നോക്കൗട്ടിലേക്ക് മാർച്ച് ചെയ്തപ്പോൾ മൂന്നാം സ്ഥാനക്കാരിൽ എട്ടിനുള്ളിലുണ്ടായിരുന്ന ഇറാൻ ഒമ്പതിലേക്ക് പിന്തള്ളപ്പെട്ടു. ‘ജി’യിൽ അൽജീരിയ മൂന്നാം സ്ഥാനക്കാരായി. പരഗ്വേ, സെനഗാൾ ടീമുകളും ഒരുവിധം കടന്നുകൂടിയപ്പോൾ, ഇറാൻ ഒരു കളിയും തോൽക്കാതെ നിരാശയുടെ പടുകുഴിയിൽ മടങ്ങി. അമേരിക്ക-ഇസ്രായേൽ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ ഫുട്ബാൾ ടീമും രാജ്യാന്തര രാഷ്ട്രീയപോർനിലമായി മാറുന്നത്. അമേരിക്കയിലെ ലോകകപ്പിൽ ഇറാൻ കളിക്കില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. മാനേജ്മെന്റിനും സപ്പോർട്ടിങ് സ്റ്റാഫിനും വിസ നിഷേധിച്ചു. ഒടുവിൽ യാത്രാപ്രതിസന്ധി മാറിയപ്പോൾ ടീം ബേസ് ക്യാമ്പ് മെക്സികോ അതിർത്തിയായി മാറി. ഓരോ മത്സരത്തിനും കിലോമീറ്ററുകൾ താണ്ടിയെത്തേണ്ടവർ, കളിക്കുപിന്നാലെ അഭയാർഥികളെ പോലെ മടങ്ങാൻ വിധിക്കപ്പെട്ടു. എല്ലാ മനോസമ്മർദങ്ങളെയും അതിജീവിച്ച് മുന്നേറിയ സംഘമാണ് ഇപ്പോൾ തോൽക്കാതെ പടിയിറങ്ങുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The world has defeated the undefeated Iran
Next Story