കുഞ്ഞന്മാരെ തച്ചുതകർത്ത് ജർമൻ എക്സ്പ്രസ്സ്; കുറസാവോയ്ക്കെതിരെ 7-1ന്റെ പടുകൂറ്റൻ ജയം
text_fieldsഹൂസ്റ്റൺ (യു.എസ്): ആദ്യ പകുതിയിൽ പൊരുതിനിന്ന കുറസാവോയെ രണ്ടാം പകുതിയിൽ അക്ഷരാർത്ഥത്തിൽ തച്ചുതകർത്ത് ജർമനി. 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുഞ്ഞന്മാരായ കുറസാവോയെ 7-1 എന്ന കൂറ്റൻ സ്കോറിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ലോകകപ്പിലെ ആദ്യ ഗോൾ നേടിയെന്ന ചരിത്രം കുറസാവോയ്ക്ക് അവകാശപ്പെടാമെങ്കിലും, ജർമനിയുടെ ആക്രമണ ഫുട്ബാളിന് മുന്നിൽ അവർക്ക് അടിതെറ്റി. കായ് ഹാവർറ്റ്‌സ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഫെലിക്സ് നെമെച്ചാ, നിക്കോ ഷ്ളോട്ടർബെക്, ജമാൽ മുസിയാല, ബ്രൗൺ, ഡെനിസ് ഉൺഡവ് എന്നിവർ ജർമനിക്കായി ഓരോ തവണ വലകുലുക്കി.
തുടക്കത്തിലേ ആക്രമിച്ച് ജർമനി
മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ തന്നെ പന്തവകാശത്തിലും ആക്രമണത്തിലും ആധിപത്യം പുലർത്തിയ ജർമനിക്ക് ആറാം മിനിറ്റിൽ തന്നെ ലക്ഷ്യം കാണാനായി. ജമാൽ മുസിയാലയുടെ മുന്നേറ്റം തടയുന്നതിൽ കുറസാവോ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഫ്ലോറിയാൻ വിർറ്റ്സ് നൽകിയ തകർപ്പൻ പാസ് ഫെലിക്സ് നെമെച്ചാ വലയിലെത്തിച്ചു. ബോക്സിന് പുറത്തുനിന്നുള്ള ലോങ്ങ് റേഞ്ചർ ഷോട്ടുകളും കൃത്യതയാർന്ന ക്രോസ്സുകളുമായി ജർമൻ മുന്നേറ്റ നിരയും മധ്യനിരയും കുറാസാവോ ഗോൾ മുഖം നിരന്തരം വിറപ്പിച്ചു.
ചരിത്രം കുറിച്ച് കുറസാവോ
തുടർച്ചയായ ജർമൻ ആക്രമണങ്ങൾക്കിടയിലും പതറാതെ പിടിച്ചുനിന്ന കുറസാവോ 21-ാം മിനിറ്റിൽ ലോകകപ്പ് വേദിയിലെ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഗോൾ നേടി ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചു. ജർമൻ പ്രതിരോധത്തിലെ ചെറിയൊരു പിഴവിൽ നിന്നും ബോക്സിന് പുറത്തുനിന്നും 22-കാരനായ ലിവാനോ കൊമെനെൻസിയ എടുത്ത ഷോട്ട് ഒരു ഡിഫ്ലക്ഷനോടെ ജർമൻ ഗോളി മാനുവൽ ന്യൂയറെയും മറികടന്ന് വലയിൽ കയറുകയായിരുന്നു. ആവേശക്കടലായി മാറിയ സ്റ്റേഡിയം ഈ ചരിത്ര നിമിഷത്തെ ഗംഭീരമായാണ് വരവേറ്റത്.
ലീഡ് തിരിച്ചുപിടിച്ച് ജർമൻ പട
സമനില വഴങ്ങിയതോടെ ആക്രമണത്തിന് വീണ്ടും മൂർച്ച കൂട്ടിയ ജർമനി 36-ാം മിനിറ്റിൽ ലീഡ് തിരിച്ചുപിടിച്ചു. ബ്രൗൺ എടുത്ത മികച്ചൊരു കോർണർ കിക്കിൽ നിന്നായിരുന്നു ഈ ഗോൾ. കൃത്യമായി പന്തിന് തലവെച്ച് ഡിഫൻഡർ നിക്കോ ഷ്ളോട്ടർബെക് തന്റെ കന്നി ലോകകപ്പ് ഗോൾ അക്കൗണ്ടിലാക്കി. ഇഞ്ചുറി ടൈമിൽ (45+3') ബോക്സിനുള്ളിൽ വെച്ച് ഫെലിക്സ് നെമെച്ചയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കായ് ഹാവർറ്റ്‌സ അനായാസം വലയിലെത്തിച്ച് ജർമനിക്ക് 3-1 ന്റെ ശക്തമായ ലീഡ് സമ്മാനിച്ചുകൊണ്ടാണ് ടീമുകൾ ആദ്യ പകുതിക്ക് ശേഷം മടങ്ങിയത്.
രണ്ടാം പകുതിയിലെ ജർമൻ മാസ്റ്റർക്ലാസ്
രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റിൽ (46') തന്നെ ജമാൽ മുസിയാലയിലൂടെ ജർമനി നാലാം ഗോൾ കണ്ടെത്തി. ജോഷ്വാ കിമ്മിച്ച് നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ മുസിയാല അനായാസം പന്ത് വലയിലെത്തിച്ചു. പിന്നീട് ജർമനിയുടെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. 67-ാം മിനിറ്റിൽ ബ്രൗണിലൂടെ ജർമനി ലീഡ് 5-1 ആക്കി ഉയർത്തി. 76-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെനിസ് ഉൺഡവ് കിമ്മിച്ചിന്റെ പാസിൽ നിന്ന് ജർമനിയുടെ ആറാം ഗോളും നേടി. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ (87') ഉൻഡാവിന്റെ തന്നെ പാസിൽ നിന്ന് കായ് ഹാവർറ്റ്‌സ് തന്റെ രണ്ടാം ഗോളും ടീമിന്റെ ഏഴാം ഗോളും കണ്ടെത്തി പട്ടിക പൂർത്തിയാക്കി.
ആദ്യ പകുതിയിൽ വലിയ പോരാട്ടം കാഴ്ചവെച്ച കുറസാവോയ്ക്ക് രണ്ടാം പകുതിയിൽ ജർമൻ നിരയുടെ വേഗതയ്ക്കും സമ്മർദ്ദത്തിനും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെ നാണംകെട്ട പുറത്താകലിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ജർമനി ലക്ഷ്യമിടുന്നതെന്ന് ഈ വമ്പൻ ജയം അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

