ഗസ്സയിൽ ലോകകപ്പ് ആവേശം പകർന്ന ആ മനുഷ്യനും ഇസ്രായേൽ മിസൈലിനിരയായി
text_fieldsഗസ്സ സിറ്റി: തകർന്നടിഞ്ഞ ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഫലസ്തീൻ ജനതയ്ക്ക് അല്പം ആശ്വാസമേകി ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച ഫലസ്തീൻ സന്നദ്ധ പ്രവർത്തകൻ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സയിലെ ഈജിപ്ഷ്യൻ റിലീഫ് കമ്മിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടറായ മുഹമ്മദ് അൽ-വാഹിദിയാണ് (57) ഇസ്രായേൽ നടത്തിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച നടന്ന ഈജിപ്ത് - അർജന്റീന മത്സരത്തിന് തൊട്ടുമുൻപ് സബ്ര പ്രദേശത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ടാക്സിക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം ഉണ്ടായത്. അൽ-വാഹിദിക്ക് പുറമെ, ടാക്സിയിലുണ്ടായിരുന്ന അഹമ്മദ് ജിഹാദ് റജബ് ദഗ്മൂഷ് (30), വഴിയിലൂടെ നടന്നുപോവുകയായിരുന്ന പത്തും എട്ടും വയസ്സുള്ള രണ്ട് സഹോദരങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.
ഗസയിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു അൽ-വാഹിദി. തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനും, കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതിനും, അഭയാർഥികൾക്കായി ക്യാമ്പുകൾ നിർമ്മിക്കുന്നതിനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് ചെറിയൊരു ആശ്വാസം നൽകാനാണ് ഭീമൻ സ്ക്രീനുകളിൽ അദ്ദേഹം ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിച്ചിരുന്നത്.
"യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് ടെന്റുകളിൽ കഴിയുന്നവർക്ക് അല്പം സന്തോഷം നൽകാനാണ് എന്റെ പിതാവ് കഠിനാധ്വാനം ചെയ്തത്. അവരുടെ ദുരിതങ്ങൾക്കിടയിലേക്ക് ലോകകപ്പ് ആവേശമെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു," അൽ-വാഹിദിയുടെ മകൻ ഫവാസ് റോയിട്ടേഴ്സിനോട് പറഞ്ഞു. ബുധനാഴ്ച നടന്ന അദ്ദേഹത്തിന്റെ ഖബറടക്കത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
പലസ്തീൻ, ഈജിപ്ത് പതാകകളിൽ പൊതിഞ്ഞാണ് മൃതദേഹം സംസ്കരിച്ചത്. അൽ-വാഹിദിയുടെ കൊലപാതകത്തിൽ ഈജിപ്ത് ഇസ്രായേലിനെ കടുത്ത പ്രതിഷേധം അറിയിച്ചു. ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മനപ്പൂർവ്വം തടസ്സപ്പെടുത്തുകയും സന്നദ്ധപ്രവർത്തകരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായേൽ നടപടിയെ ഈജിപ്ത് ശക്തമായി അപലപിച്ചു. 2025 ഒക്ടോബർ 10-ന് ഇസ്രായേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗസയിൽ ഇസ്രായേൽ വംശഹത്യ ഇപ്പോഴും തുടരുകയാണ്. വെടിനിർത്തൽ നിലനിൽക്കുന്ന സമയത്ത് മാത്രം 1,092 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതും 3,507 പേർക്ക് പരിക്കേറ്റതും. 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേലിന്റെ വംശഹത്യയിൽ ഇതുവരെ 73,118 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

