Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഅന്ന് ഓസിൽ, ഇന്ന്...

അന്ന് ഓസിൽ, ഇന്ന് ഉൺഡവ്; തോൽവിഭാരം ഇറക്കിവെക്കാൻ ജർമനി വീണ്ടും വംശീയതയുടെ വഴിയിലോ?

text_fields
bookmark_border
അന്ന് ഓസിൽ, ഇന്ന് ഉൺഡവ്; തോൽവിഭാരം ഇറക്കിവെക്കാൻ ജർമനി വീണ്ടും വംശീയതയുടെ വഴിയിലോ?
cancel

ബെർലിൻ: ഫിഫ ലോകകപ്പിൽ പ്രീ ക്വാർട്ടർ കാണാതെ തുടർച്ചയായ മൂന്നാം തവണയും പുറത്തായ ജർമൻ ഫുട്ബാൾ ടീമിൽ ആഭ്യന്തര കലഹങ്ങൾ പുകയുന്നു. പരാഗ്വെയോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ, ടീമിന്റെ തകർച്ചയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം കളിക്കാരെ ബലിയാടാക്കുന്ന പഴയ ശൈലി തന്നെയാണ് ജർമൻ ഫുട്ബാൾ അസോസിയേഷനും പരിശീലകൻ ജൂലിയൻ നാഗൽസ്മാനും തുടരുന്നതെന്നാണ് കായിക ലോകത്തുനിന്നുള്ള ആക്ഷേപം.

തോൽ‌വിയിൽ ടീമിന് മൊത്തം ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ കുർദിഷ്-യസീദി വംശജനായ സ്‌ട്രൈക്കർ ഡെനിസ് ഉൺഡവിനെയാണ് ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്. പരാഗ്വെയ്‌ക്കെതിരായ മത്സരത്തിന് ശേഷം ജർമൻ മാധ്യമമായ മജന്ത ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ ഉൺഡവിനെ പരസ്യമായി കുറ്റപ്പെടുത്തി രംഗത്തെത്തിയത്. കളിയിലെ ചില നിർണായക നിമിഷങ്ങളിൽ ഉൺഡവ് വരുത്തിയ പിഴവുകളാണ് ടീമിന്റെ പരാജയത്തിന് കാരണമായതെന്ന രീതിയിലായിരുന്നു പരിശീലകന്റെ പ്രതികരണങ്ങൾ. നാഗൽസ്മാന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

എക്വഡോറിനോടേറ്റ തോൽവിക്ക് പിന്നാലെ, എതിരാളികൾക്ക് തങ്ങളേക്കാൾ ജയേച്ഛയുണ്ടായിരുന്നുവെന്നും കൂടുതൽ ആക്രമണാത്മകമായാണ് അവർ കളിച്ചതെന്നും ഉൺഡവ് തുറന്നടിച്ചപ്പോൾ, പരാഗ്വെയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഉൺഡവിലേക്ക് തന്നെ വിരൽചൂണ്ടിയ നാഗൽസ്മാൻ, കളിയിലെ ആദ്യ മിനിറ്റിൽ പോസ്റ്റിന് മുന്നിൽ ലഭിച്ച ലളിതമായ ഗോൾ അവസരം ഉൺഡവ് പാഴാക്കിയതാണ് തോൽവിക്ക് കാരണമായതെന്ന് പരസ്യമായി കുറ്റപ്പെടുത്തി. ലളിതമായ നീക്കങ്ങളിലൂടെ എതിരാളികളുടെ പ്രതിരോധ കോട്ട തകർക്കേണ്ട നിമിഷം ഉൺഡവ് നശിപ്പിച്ചു എന്നായിരുന്നു കോച്ചിന്റെ ആക്ഷേപം. പരിശീലകന്റെ ഈ 'ബലിയാടാക്കൽ' തന്ത്രത്തിനെതിരെ കടുത്ത ആരാധക അമർഷമാണ് ഉയരുന്നത്. നാഗൽസ്മാന്റെ തന്ത്രപരമായ പിഴവുകളും ടീം തെരഞ്ഞെടുപ്പിലെ പാളിച്ചകളുമാണ് തോൽവിക്ക് വഴിവെച്ചതെന്ന് ജർമൻ ആരാധകർ വ്യക്തമാക്കുന്നു.

ഐവറി കോസ്റ്റിനെതിരായ ആദ്യ മത്സരങ്ങളിൽ ടീമിന്റെ രക്ഷകനായത് പകരക്കാരനായി ഇറങ്ങി ഗോളുകൾ നേടിയ ഉണ്ടാവായിരുന്നു. ടൂർണമെന്റിൽ ജർമനിയുടെ അഞ്ച് ഗോൾ മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ച ഉണ്ടാവിനെ പരാഗ്വെയ്‌ക്കെതിരായ മത്സരത്തിന്റെ അറുപതാം മിനിറ്റിൽ പിൻവലിച്ച നാഗൽസ്മാന്റെ തീരുമാനം തിരിച്ചടിയാവുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റിട്ടില്ലാത്ത ജർമനി, പരാഗ്വെയ്‌ക്കെതിരെ മൂന്ന് കിക്കുകളാണ് പാഴാക്കിയത്.

ഓസിലിനെ ഓർമിപ്പിക്കുന്ന വംശീയ അധിക്ഷേപങ്ങൾ

ജർമൻ ഫുട്ബാളിൽ കുടിയേറ്റ വംശജരായ കളിക്കാരെ വേട്ടയാടുന്നത് ഇതാദ്യമല്ല. എട്ട് വർഷം മുമ്പ്, 2018-ലെ റഷ്യൻ ലോകകപ്പിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോഴും സമാനമായ ബലിയാടാക്കൽ നടന്നിരുന്നു. അന്ന് തുർക്കിയ വംശജരായ മെസ്യൂട്ട് ഓസിൽ, ഇൽകായ് ഗുണ്ടോഗൻ എന്നിവരായിരുന്നു വേട്ടയാടലിന് ഇരയായത്. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലിയായിരുന്നു അന്ന് വിവാദം ഉയർന്നത്. തുടർന്ന് കടുത്ത വംശീയ അധിക്ഷേപങ്ങളെത്തുടർന്ന് തന്റെ 29-ാം വയസ്സിൽ ഓസിൽ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

ജയിക്കുമ്പോൾ ഞാൻ ജർമൻകാരനും തോൽക്കുമ്പോൾ കുടിയേറ്റക്കാരനുമാകുന്നു. - മെസ്യൂട്ട് ഓസിൽ

അന്നത്തെ ഡി.എഫ്.ബി പ്രസിഡന്റ് റെയ്ൻഹാർഡ് ഗ്രിൻഡലിന്റെ കഴിവുകേടുകൾ മറയ്ക്കാനാണ് തന്നെ ബലിയാടാക്കിയതെന്ന് ഓസിൽ തുറന്നടിച്ചിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം മറ്റൊരു കുടിയേറ്റ പശ്ചാത്തലമുള്ള കളിക്കാരനിലേക്ക് വിരൽ ചൂണ്ടുമ്പോൾ ജർമൻ ഫുട്ബോൾ പഴയ വംശീയ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാകുന്നു. മുൻപ് എക്വഡോറിനോട് തോറ്റപ്പോഴും ടീമിന്റെ മാനസികാവസ്ഥയെക്കുറിച്ചുള്ള ഉണ്ടാവിന്റെ തുറന്നുപറച്ചിലുകളെ നാഗൽസ്മാൻ തള്ളിക്കളഞ്ഞിരുന്നു.

ഒരു സാധാരണ ജർമൻ ഫുട്ബാൾ അക്കാദമിയുടെ തണലിൽ വളർന്നുവന്ന കളിക്കാരനല്ല ഡെനിസ് ഉൺഡവ്. കഠിനാധ്വാനത്തിലൂടെയും ഫാക്ടറിയിലെ മെഷീൻ ഓപ്പറേറ്റർ ജോലി ചെയ്തും താഴെത്തട്ടിലെ ലീഗുകളിൽ ഗോളുകൾ അടിച്ചുകൂട്ടിയുമാണ് ഉണ്ടാവ് ഈ നിലയിലെത്തിയത്. ബെൽജിയൻ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷമാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റൺ ഉൺഡവിലെ പ്രതിഭയെ തിരിച്ചറിയുന്നത്.

27-ാം വയസ്സിൽ മാത്രം ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞ ഉൺഡവിനെപ്പോലെയുള്ള പ്രതിഭകളെ എന്തുകൊണ്ട് ജർമനിയുടെ അക്കാദമി സിസ്റ്റം നേരത്തെ കണ്ടെത്തിയില്ല എന്നത് ഡി.എഫ്.ബിയുടെ വലിയ പരാജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014-ൽ ജർമനി ലോകകപ്പ് നേടിയത് അക്കാദമി സംവിധാനങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടായിരുന്നു. എന്നാൽ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം ആ സംവിധാനം പൂർണ്ണമായും നിശ്ചലമായിരിക്കുകയാണ്.

മത്സരങ്ങളുടെ തന്ത്രപരമായ വശങ്ങൾക്കപ്പുറം, കളിക്കാരുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നതും കമ്പ്യൂട്ടർ ഡാറ്റകളെ അമിതമായി ആശ്രയിക്കുന്ന 'ലാപ്‌ടോപ്പ് ട്രെയിനർ' എന്ന നാഗൽസ്മാന്റെ ശൈലിയും ജർമനിക്ക് കനത്ത തിരിച്ചടിയാവുകയാണ്. തോൽവികളുടെ യഥാർത്ഥ കാരണങ്ങൾ വിശകലനം ചെയ്യുന്നതിന് പകരം, കുടിയേറ്റ പശ്ചാത്തലമുള്ള കളിക്കാരെ പ്രതിക്കൂട്ടിലാക്കുന്ന ഈ പ്രവണത ജർമൻ ഫുട്ബാളിനെ കൂടുതൽ ഇരുളടഞ്ഞ അവസ്ഥയിലേക്ക് നയിക്കുമെന്നാണ് കായിക ലോകത്തിന്റെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Germany teamGerman footballozilNagelsmann
News Summary - From Özil to Undav: Germany’s Bitter World Cup Exit Revives Racist Scapegoating Politics
Next Story