അന്ന് കഫേകളിലെ ആവേശം, ഇന്ന് ചാരക്കൂമ്പാരത്തിലെ നിശ്ശബ്ദത; ലോകകപ്പ് വീണ്ടും വരുമ്പോൾ ഗസ്സക്ക് കൂട്ട് ക്രച്ചസുകൾ മാത്രം
text_fieldsഗസ്സ സിറ്റി: ലോക ഒരു തുകൽ പന്തിന് പിറകെ ആവേശ കഴ്ചകൾക്കായി മിഴികൾ നട്ടിരിക്കുമ്പോൾ, തകർന്നടിഞ്ഞ ഗസ്സയിലെ ഫലസ്തീൻ സ്റ്റേഡിയത്തിൽ മറ്റൊരു ഫുട്ബൾ പോരാട്ടം നടക്കുകയായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട യുവാക്കളുടെ ‘ഗസ്സ അൽ ഇറാദ’ (ഗസ്സയുടെ കരുത്ത്) എന്ന ഫുട്ബാൾ ക്ലബ്ബിലെ കളിക്കാർ ക്രച്ചസുകളിൽ ഊന്നിനിന്ന് പന്തുതട്ടുന്നത് വെറുമൊരു വിനോദത്തിനല്ല, മറിച്ച് തങ്ങളുടെ അതിജീവനത്തിന് വേണ്ടിയാണ്. നിരന്തരമായ ബോംബാക്രമണങ്ങളിലും അവഗണനകളിലും നഷ്ടപ്പെട്ടുപോയ തങ്ങളുടെ പഴയ ജീവിതത്തിന്റെ അവശിഷ്ടങ്ങളെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ മനുഷ്യർ.
തുടർച്ചയായ യുദ്ധത്തിൽ ഇതുവരെ എഴുപത്തിമൂവായിരത്തോളം ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഈ കൂട്ടക്കുരുതിക്ക് നടുവിൽ അവശേഷിക്കുന്ന ചുരുക്കം ചില കളിസ്ഥലങ്ങളിൽ ഒന്നാണ് നിലവിൽ ഈ ഫലസ്തീൻ സ്റ്റേഡിയം.
വെറും നാല് വർഷം മുമ്പ്, അതായത് 2022ൽ ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ ഇരുപത്തിനാലുകാരനായ അലി തഫേഷ് ഗസ്സയിലെ ഒരു കഫേയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് കളി കാണുകയായിരുന്നു.
അന്നത്തെ മനോഹരമായ ആഹ്ലാദപ്രകടനങ്ങൾ അലി ഇന്നും വ്യക്തമായി ഓർക്കുന്നു. എന്നാൽ ഇന്ന് പുതിയൊരു ലോകകപ്പ് പതിപ്പ് ആരംഭിക്കുമ്പോൾ, അലി ഉൾപ്പെടെയുള്ള നൂറുകണക്കിന് കായികതാരങ്ങളും ആയിരക്കണക്കിന് സാധാരണക്കാരും യുദ്ധത്തിൽ അവയവങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലാണ്.
2024 ഫെബ്രുവരിയിൽ കിഴക്കൻ ഗസ്സ സിറ്റിയിലെ സൈത്തൂൻ പരിസരത്തുള്ള അലിയുടെ കുടുംബവീടിന് നേരെ ഇസ്രായേൽ ആക്രമണമുണ്ടാവുകയും അലിയുടെ മാതാവും സഹോദരനും കൊല്ലപ്പെടുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ അലിയുടെ ഒരു കാൽ ഡോക്ടർമാർക്ക് മുറിച്ചുമാറ്റേണ്ടി വന്നു. കഠിനമായ ചികിത്സകൾക്ക് ശേഷം, മുൻപ് കാലുകൾ നഷ്ടപ്പെട്ട സുഹൃത്തുക്കൾ വഴിയാണ് അലി ‘ഗസ്സ അൽ ഇറാദ’ എന്ന ക്ലബ്ബിനെക്കുറിച്ച് അറിയുന്നത്. നിയമ ബിരുദധാരിയും പ്രാദേശിക ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടിയ മുൻ സ്പ്രിന്ററുമായിരുന്ന അലിക്ക് സ്പോർട്സിലേക്ക് മടങ്ങിവരാൻ ഇതൊരു വഴിയൊരുക്കി.
‘കാൽ മുറിച്ചുമാറ്റിയപ്പോൾ എനിക്ക് ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. ഞാൻ ഒരു ചാമ്പ്യനായിരുന്നു, എനിക്ക് മെഡലുകളുണ്ടായിരുന്നു. എന്നാൽ അൽ ഇറാദയിലെ സുഹൃത്തുക്കൾ എന്നെ വന്ന് കാണുകയും അവരുടെ കൂടെ കൂട്ടുകയും ചെയ്തു’-ആറ് മാസം മുമ്പ് ക്ലബ്ബിൽ ചേർന്ന അലി പറയുന്നു.
യാത്ര ചെയ്യാൻ വാഹനങ്ങളില്ലാത്തതിനാൽ അലിക്ക് രണ്ട് മണിക്കൂറിലധികം ക്രച്ചസിൽ നടന്ന് വേണം കളിസ്ഥലത്തെത്താൻ. കളിക്കാൻ അനുയോജ്യമായ ക്രച്ചസുകളോ സ്പോർട്സ് ഷൂസുകളോ മറ്റ് സുരക്ഷാ സാമഗ്രികളോ ഇവർക്ക് ലഭ്യമല്ല. പരിമിതമായ സൗകര്യങ്ങൾ വെച്ചാണ് ഇവർ ഫുട്ബാൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്.
ക്ലബ്ബിലെ മറ്റൊരു കളിക്കാരനായ നാൽപ്പതുകാരൻ സാദി അൽ മസ്റിയുടെ കഥ അൽപ്പം വ്യത്യസ്തമാണ്. യുദ്ധത്തിലല്ല, മറിച്ച് തന്റെ രണ്ടാം വയസ്സിലുണ്ടായ ഒരു വാഹനാപകടത്തിലാണ് സാദിക്ക് കാൽ നഷ്ടമായത്. എന്നാൽ കായികരംഗത്തോടുള്ള അഭിനിവേശം കൊണ്ട് നീന്തലിൽ ദേശീയ ചാമ്പ്യനാകാനും, വോളിബാൾ ദേശീയ ടീമിലും ഫലസ്തീന്റെ ഭിന്നശേഷി ഫുട്ബാൾ ടീമിലും അംഗമാകാനും സാദിക്ക് കഴിഞ്ഞു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഫലസ്തീനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തു.
തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന്റെ അഭിമാനം എന്തെന്ന് സാദിക്ക് അറിയാം. എന്നാൽ നിലവിലെ ഇസ്രായേൽ നിയന്ത്രണങ്ങൾ കാരണം ഗസ്സയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുക അസാധ്യമാണ്. ഇനി പുറത്തുപോയാൽ തന്നെ തിരികെ വരാൻ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫ തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന കടുത്ത നിരാശയും സാദി പ്രകടിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഗസ്സയിലെ ഫുട്ബാൾ ഇൻഫ്രാസ്ട്രക്ചർ പുനർനിർമ്മിക്കുന്നതിനായി ‘ഫിഫ അരീന’ പദ്ധതിക്ക് കീഴിൽ 50 മിനി പിച്ചുകൾ, അഞ്ച് വലിയ സ്റ്റേഡിയങ്ങൾ, ഒരു ഫുട്ബാൾ അക്കാദമി, 20,000 പേർക്കിരിക്കാവുന്ന ഒരു ദേശീയ സ്റ്റേഡിയം എന്നിവ നിർമ്മിച്ച് നൽകുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷമേ പദ്ധതി നടപ്പാക്കൂ എന്നായിരുന്നു ഫിഫയുടെ നിലപാട്. ഈ പദ്ധതികൾ ഇപ്പോഴും വെറും വാഗ്ദാനങ്ങളായി അവശേഷിക്കുകയാണെന്ന് സാദി പറയുന്നു.
2022ലെ ഖത്തർ ലോകകപ്പ് കാലത്ത് വീടുകളിലും കഫേകളിലും വൈദ്യുതിയും വലിയ സ്ക്രീനുകളുമുണ്ടായിരുന്നെങ്കിൽ ഇന്ന് ഗസ്സയിൽ വൈദ്യുതിയോ സ്ക്രീനുകളോ ഇല്ല. ഫോണിലോ ഇന്റർനെറ്റിലോ കളി കാണുക അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ മാർച്ച് മാസത്തിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2023 ഒക്ടോബറിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കളിക്കാർ, പരിശീലകർ, റഫറിമാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുൾപ്പെടെ 1,007 കായിക പ്രവർത്തകർ കൊല്ലപ്പെട്ടു.
കൂടാതെ, ഫുട്ബാൾ ഫീൽഡുകൾ, ജിമ്മുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുൾപ്പെടെ 265 കായിക സൗകര്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടു. അവശേഷിക്കുന്ന പല വലിയ സ്റ്റേഡിയങ്ങളും നിലവിൽ അഭയാർത്ഥി ക്യാമ്പുകളായാണ് ഉപയോഗിക്കുന്നത്.
ലോകകപ്പ് ഒരു വലിയ ആഘോഷമാണെങ്കിലും ഗസ്സയിലെ കായികതാരങ്ങൾക്ക് അത് തങ്ങളുടെ ഒറ്റപ്പെടലിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലാണെന്ന് ടീം കോച്ച് ഹാതിം അൽ മുഖ്റബി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

