യൂറോ സെമി ക്ലാസിക്; ലോകകപ്പ് ഫൈനൽ തേടി ഫ്രാൻസും സ്പെയിനും നേർക്കുനേർ
text_fieldsഡാളസ്: 48 ടീമുകളുടെ ലോകപോരാട്ടം അവസാന നാലുപേരുടെ അങ്കമായി അവസാനിച്ചു. വിശ്വഫുട്ബാളിലെ രാജ സിംഹാസനത്തിൽ ആര് ഇരിപ്പുറപ്പിക്കുമെന്ന് അറിയാൻ ഇനി മുന്നിലുള്ളത് ഏതാനും മത്സരങ്ങളുടെ ദൂരം മാത്രം. ലോകഫുട്ബാൾ റാങ്കിങ്ങിലെ ആദ്യ നാലു സ്ഥാനക്കാർ ഇന്നും നാളെയുമായി അമേരിക്കൻ മണ്ണിൽ മുഖാമുഖം പോരാട്ടത്തിനിറങ്ങും.
ആദ്യ സെമിയിൽ യൂറോപ്യൻ പവർഹൗസുകളായ ഫ്രാൻസും സ്പെയിനും ചൊവ്വാഴ്ച രാത്രി ഡാളസിൽ ബൂട്ടുകെട്ടും. ഇന്ത്യൻ സമയം അർധ രാത്രി 12.30നാണ് മത്സരം. ബുധനാഴ്ച രാത്രിയിലെ രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ അർജന്റീനയും ഇംഗ്ലണ്ടും പോരിനിറങ്ങും. അറ്റ്ലാന്റയിലെ മേഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലാണ് ചരിത്രമുറങ്ങുന്ന പോരാട്ടം.
നൂറ്റാണ്ടുകളുടെ അയൽപോര്
മധ്യധരണ്യാഴിയിൽ കിഴക്ക് ബലേറിക് ദ്വീപുകളോട് ചുറ്റപ്പെട്ട ഐബീരിയൻ കടലിന്റെ തീരങ്ങളായ രണ്ട് നാടുകൾ. സ്പെയിനും ഫ്രാൻസും. അയൽക്കാരെങ്കിലും ഇവർ തമ്മിലെ തർക്കങ്ങൾക്കും വൈരത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രക്തം ചിന്തിയ പോരാട്ടങ്ങളും, പതിറ്റാണ്ടുകൾ നീണ്ട യുദ്ധങ്ങളുമായി നൂറ്റാണ്ടുകൾ കാലപ്പഴക്കമുള്ള വൈരത്തിന്റെ കഥ. ആധുനികതയുടെ പുതുമോടിയിൽ അയൽക്കാർ ഇന്ന് ഭായ് ഭായ് ആണെങ്കിലും ഉള്ളിൽ നീറിപ്പുകയുന്ന അരിശം ചിലപ്പോഴെല്ലാം പുറത്തു ചാടും. രക്തം ചിന്തിയുള്ള പോരാട്ടം അവസാനിച്ചുവെങ്കിലും കളിക്കളത്തിൽ ഫ്രാൻസും സ്പെയിനും മുഖാമുഖമെത്തുമ്പോൾ പാരമ്പര്യത്തിൽ അലിഞ്ഞുചേർന്ന് പക പുറത്തുചാടും. ലോകകപ്പ് സെമിയിൽ ഇരുവരും കളത്തിലിറങ്ങാനിരിക്കെ ഫ്രഞ്ച് ടീമിൽ യഥാർഥ ഫ്രഞ്ചുകാരില്ല എന്ന മുൻ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയുടെ പ്രസ്താവനയും അത്തരമൊരു വൈരത്തിന്റെ തുടർച്ചയാണ്.
എംബാപ്പെ Vs യമാൽ
മുൻ ലോകചാമ്പ്യന്മാരും താരപ്പടയും അണിനിരന്ന ഫ്രാൻസും, നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരും, കൗമാര പ്രതിഭകളും ചേർന്ന സ്പെയിനും പോരടിച്ചാൽ ആർക്കാവും അന്തിമ ജയം. ലോകകപ്പ് സെമിയിൽ പന്തുരുളും മുമ്പത്തെ ബില്യൺ ഡോളർ ചോദ്യമാണിത്. ഏത് കളിയും തങ്ങളുടേതാക്കാൻ കരുത്തുള്ള രണ്ട് ടീമുകൾ. ഫുട്ബാളിൽ മികച്ച പാരമ്പര്യവും കിരീട നേട്ടങ്ങളും പൈതൃകമായി ഒപ്പമുള്ളവർ. കിലിയൻ എംബാപ്പെയും ഉസ്മാനെ ഡെംബലയും ഉൾപ്പെടെ സമകാലിക ഫുട്ബാളിലെ സൂപ്പർതാരങ്ങളാണ് ഫ്രഞ്ച് പടയുടെ കരുത്ത്. ലമിൻ യമാൽ, മികേൽ ഒയർസബാൽ, ഡാനി ഒൽമോ എന്നീ യുവതാരങ്ങളുടെ സ്പെയിനും. ടച്ച് ലൈനിന് പുറത്ത് തലപുകക്കുന്നതാവട്ടെ ആധുനിക ഫുട്ബാളിലെ മികച്ച തന്ത്രജ്ഞരായ ദിദിയർ ദെഷാംപ്സും ലൂയി ഡാ ലാ ഫുവന്റെയും. പ്രവചനങ്ങൾക്കപ്പുറത്താണ് കളിയുടെ ഫലം. തങ്ങളുടേതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ ശേഷിയുള്ളവരാണ് ഇരുവരും. താരസാന്നിധ്യം മാത്രമല്ല, ഏത് ടീമിനെയും ഏത് നിമിഷവും വീഴ്ത്താനുള്ള കളിമിടുക്കുമുണ്ട്. ലോകഫുട്ബാളിലെ തുല്യ ശക്തർ ഏറ്റുമുട്ടുമ്പോൾ ആരാധകരെ കാത്തിരിക്കുന്നത് പതിറ്റാണ്ടിലെ തന്നെ ഗ്ലാമർ സെമി ഫൈനൽ.
റോഡ് ടു സെമി
ഗ്രൂപ് റൗണ്ട് മുതൽ തുടർച്ചയായി ആറ് ജയവുമായാണ് ഫ്രാൻസിന്റെ യാത്ര. നോക്കൗട്ടിൽ സ്വീഡൻ (3-0), പരഗ്വേ (1-0), മൊറോക്കോ (2-0) ടീമുകളെ പുറത്താക്കിയുള്ള യാത്ര. ആറ് കളിയിൽ അടിച്ചുകൂട്ടിയത് 16 ഗോളുകൾ. വഴങ്ങിയതാവട്ടെ രണ്ട് ഗോളും. നോക്കൗട്ടിലെ മൂന്ന് കളിയിലും ക്ലീൻ ഷീറ്റ്.
മറുപാതിയിൽ ഇറങ്ങുന്ന സ്പെയിൻ ആറിൽ ഒരു സമനിലയും അഞ്ച് ജയവും. ഗ്രൂപ് റൗണ്ടിൽ ആദ്യ മത്സരത്തിൽ കാപ് വെർഡെക്കെതിരെ ഗോളടിക്കാനാവാതെ പിരിഞ്ഞതൊഴിച്ചാൽ വിജയകരമായിരുന്നു യാത്ര. നോക്കൗട്ടിൽ ആദ്യം ഓസ്ട്രിയയും (3-0), പിന്നാലെ പോർചുഗൽ (1-0), ബെൽജിയം (2-1) ടീമുകളെയും വീഴ്ത്തി. പതിവുപോലെ ഗോളടിക്കാൻ പിശുക്ക് കാട്ടുന്ന സ്പെയിൻ, ഗോൾവഴങ്ങാനും മടിയന്മാരാണ്. ഒരു ഗോളും വഴങ്ങാതെയുള്ള കുതിപ്പിന് ക്വാർട്ടറിൽ ബെൽജിയമാണ് അവസാനം കുറിച്ചത്.
മുഖാമുഖത്തിൽ സ്പാനിഷ് വീര്യം
ഫുട്ബാൾ കളത്തിൽ ദീർഘകാലത്തെ പോരാട്ട ചരിത്രമുണ്ട് സ്പെയിനിനും ഫ്രാൻസിനും. സ്പെയിൻ ഒരു തവണയും (2010), ഫ്രാൻസ് രണ്ടു വട്ടവും (1998, 2018) ലോകകപ്പ് ജേതാക്കൾ. ഇരുവരും ഇതുവരെ 38 മത്സരങ്ങളിൽ ഏറ്റുമുട്ടി. 18 കളിയിൽ ജയം സ്പെയിനിനൊപ്പം, ഫ്രാൻസിന് 13 മത്സരങ്ങളിൽ വിജയവും. ഏഴ് കളി സമനിലയിൽ പിരിഞ്ഞു.അവസാനമായി നടന്ന അഞ്ച് കളിയിൽ രണ്ട് ജയം ഫ്രാൻസിനും മൂന്ന് ജയം സ്പെയിനിനും. 2024 യൂറോകപ്പ് സെമിയിൽ യമാലിന്റെ സ്പെയിൻ എംബാപ്പെയുടെ ഫ്രാൻസിനെ 2-1ന് തോൽപിച്ചു. അടുത്തവർഷം നടന്ന യുവേഫ നാഷൻസ് ലീഗ് സെമിയിൽ സ്പെയിൻ 5-4ന് ജയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

