ലോകകപ്പിൽ വീണ്ടും ഫ്രാൻസ് Vs സെനഗാൾ; നെഞ്ചിലൊരു കാളൽ
text_fieldsന്യൂജഴ്സി (യു.എസ്): 2002 മേയ് 31, ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരുമെന്ന പ്രൗഢിയോടെയെത്തിയതായിരുന്നു ഫ്രാൻസ്. ദക്ഷിണ കൊറിയയിലെ സോൾ വേദിയായ ഉദ്ഘാടന മത്സരം. ഫ്രഞ്ചുകാർക്ക് എതിരാളി ലോകകപ്പിന്റെ പടിവാതിൽ ആദ്യമായി ചവിട്ടുന്ന സെനഗാൾ. ലെസ് ബ്ലൂസ് അനായാസം ജയിച്ചു കയറുമെന്നാണ് കരുതിയത്. മത്സരത്തിന്റെ 30ാം മിനിറ്റിൽ അത് സംഭവിച്ചു. ഹുങ്കിന്റെ കോട്ട മതിലുകൾ തകർത്തെറിഞ്ഞ് പാപ ബൂബ ഡിയോപ് ഫ്രഞ്ച് വലയിലേക്ക് പന്ത് കയറ്റി. അവസാന വിസിൽ മുഴങ്ങുമ്പോൾ ചാമ്പ്യന്മാരുടെ പതനവും പുത്തൻ ആഫ്രിക്കൻ ശക്തികളുടെ ഉദയവും ലോകം കണ്ടു.
ഫ്രാൻസ് ഗ്രൂപ്പിൽ നാലാംസ്ഥാനക്കാരായി ആദ്യ റൗണ്ടിൽ നാണംകെട്ട് മടങ്ങി. സെനഗാൾ മുന്നേറ്റം ക്വാർട്ടർ ഫൈനൽ വരെയെത്തി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സംഭവിച്ചിട്ട് 24 വർഷം പൂർത്തിയായിരിക്കുന്നു. ഒരിക്കൽക്കൂടി ഇരു ടീമും മുഖാമുഖം വരുകയാണ്. മരണ ഗ്രൂപ്പായി ഗ്രൂപ് ഐ-യിലെ മത്സരത്തിന് ഇന്ത്യൻ സമയം ചൊവ്വാഴ്ച അർധ രാത്രി 12.30ന് മെറ്റ് ലൈഫ് സ്റ്റേഡിയം വേദിയാവും.
ദീർഘകാലമായി ടീമിനെ പരിശീലിപ്പിക്കുന്ന ദിദിയർ ദെഷാംപ്സിനുകീഴിൽ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിലെത്തിയ ഫ്രാൻസിന് മികച്ച സ്ക്വാഡ് ഡെപ്ത് ഉണ്ട്. ആക്രമണത്തിന് കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബെലെയും മൈക്കൽ ഒലിസെയുമടക്കമുള്ള ഒന്നാം തരം യുവനിര. പരിചയസമ്പന്നരായ അഡ്രിയാൻ റാബിയോട്ടും എൻകോളോ കാന്റെയും നയിക്കുന്ന മധ്യനിര. അനുഭവസമ്പത്തും അതിവേഗ വിങ്ങർമാരുമാണ് ടീമിന്റെ കരുത്ത്. ഒറ്റക്ക് കളി തിരിക്കാൻ ശേഷിയുള്ള എംബാപ്പെയുടെ സാന്നിധ്യം ഏത് പ്രതിരോധ നിരക്കും പേടിസ്വപ്നമാണ്.
സാദിയോ മാനെ എന്ന ഇതിഹാസ താരത്തിന്റെ ചുമലിലേറിയാണ് സെനഗാൾ വരുന്നത്. ഇത്തവണയും വൻ അട്ടിമറികൾക്ക് ശേഷിയുള്ള സംഘമാണ്. മാനെക്ക് കൂട്ടായി ഇസ്മായില സാർ മുന്നേറ്റത്തിലുണ്ടാവും. കലിദൗ കൂലിബാലി നയിക്കുന്ന പ്രതിരോധം. വിശ്വസ്ത കാവൽക്കാരനായി എഡ്വേർഡ് മെൻഡിയും. ശാരീരിക ക്ഷമതയിലൂന്നിയ ഹൈപ്രസിങ് ഗെയിമാണ് സെനഗാളിന്റെ പ്രധാന തന്ത്രം. 2004ൽ ചുമതലയേറ്റ കോച്ച് പേപ് തിയാവിനുകീഴിൽ കഴിഞ്ഞ വർഷം ആഫ്രിക്കൻ നാഷൻസ് ചാമ്പ്യന്മാരായി ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

