Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് സന്നാഹ മത്സരം: ഫ്രാൻസിന് അട്ടിമറി തോൽവി; സ്പെയ്നിനെ സമനിലയിൽ തളച്ച് ഇറാഖ്

text_fields
bookmark_border
ലോകകപ്പ് സന്നാഹ മത്സരം: ഫ്രാൻസിന് അട്ടിമറി തോൽവി; സ്പെയ്നിനെ സമനിലയിൽ തളച്ച് ഇറാഖ്
cancel

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ യൂറോപ്യൻ വമ്പന്മാർക്ക് അപ്രതീക്ഷിത തിരിച്ചടി. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയ്നിനെ ഇറാഖ് സമനിലയിൽ തളച്ചപ്പോൾ, ലോകകപ്പ് ഫേവറൈറ്റുകളായ ഫ്രാൻസിനെ ഐവറി കോസ്റ്റ് അട്ടിമറിച്ചു. ലോകകപ്പ് പോരാട്ടങ്ങൾക്കായി അമേരിക്കയിലേക്ക് തിരിക്കുന്നതിന് മുമ്പ് ടീമുകളുടെ ഒരുക്കങ്ങൾ വിലയിരുത്താനിറങ്ങിയ ഇരു രാജ്യങ്ങൾക്കും മത്സരഫലം കനത്ത മുന്നറിയിപ്പായി.

സ്പെയ്നിനെ വിറപ്പിച്ച് ഇറാഖ് (1-1)

സ്പെയിനിലെ എ കൊരുണയിൽ നടന്ന മത്സരത്തിലാണ് ഇറാഖ് സ്പെയ്നിനെ സമനിലയിൽ തളച്ചത്. പരിക്കിന്റെ പിടിയിലുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെ ടീമിനെ ഇറക്കിയത്. ലമീൻ യമാൽ, നിക്കോ വില്യംസ്, ഡേവിഡ് റായ, മാർക് കുക്കുറെല്ല, പെഡ്രി, റോഡ്രി തുടങ്ങി പ്രമുഖ താരങ്ങളൊന്നും സ്പാനിഷ് നിരയിൽ കളിച്ചിരുന്നില്ല.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ മികച്ചൊരു പ്രത്യാക്രമണത്തിലൂടെ ഫെറാൻ ടോറസാണ് സ്പെയ്നിനായി ആദ്യം വലകുലുക്കിയത്. എന്നാൽ 27-ാം മിനിറ്റിൽ മികച്ചൊരു ഇടങ്കാലൻ ഷോട്ടിലൂടെ മെർച്ചാസ് ഡോസ്കി ഇറാഖിനെ ഒപ്പമെത്തിച്ചു. സ്പാനിഷ് ഗോൾകീപ്പർ ജോവാൻ ഗാർഷ്യയെ കാഴ്ചക്കാരനാക്കിയാണ് ഡോസ്കിയുടെ ഷോട്ട് വലയിൽ കയറിയത്. പിന്നീട് സ്പെയിൻ നിരന്തരം ആക്രമിച്ചെങ്കിലും ഇറാഖിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാൻ അവർക്കായില്ല. ഗ്രൂപ്പ് എച്ചിൽ കേപ് വെർഡെ, സൗദി അറേബ്യ, ഉറുഗ്വെ എന്നിവർക്കൊപ്പമാണ് സ്പെയിൻ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. തിങ്കളാഴ്ച പെറുവിനെതിരെയാണ് സ്പെയ്നിന്റെ അടുത്ത സന്നാഹ മത്സരം.

ഫ്രാൻസിന് അപ്രതീക്ഷിത തോൽവി (1-2)

ഫ്രാൻസിലെ നാന്റസിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളുകൾക്കാണ് ഐവറി കോസ്റ്റ് ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസിനെ അട്ടിമറിച്ചത്. ആദ്യ പകുതിയിൽ റയാൻ ഷെർക്കിയിലൂടെ ലീഡെടുത്ത ഫ്രാൻസിനെ, രണ്ടാം പകുതിയിൽ ഗുവേല ഡൂ, അമാദ് ദിയാലോ എന്നിവർ നേടിയ ഗോളുകളിലൂടെ ഐവറി കോസ്റ്റ് ഞെട്ടിക്കുകയായിരുന്നു.

ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം പി.എസ്.ജി താരങ്ങൾക്ക് വിശ്രമം നൽകിയ കോച്ച് ദിദിയർ ദെഷാംപ്സ്, തികച്ചും പരീക്ഷണാടിസ്ഥാനത്തിലാണ് ടീമിനെ ഇറക്കിയത്. രണ്ടാം പകുതിയിൽ നിരവധി മാറ്റങ്ങളും അദ്ദേഹം പരീക്ഷിച്ചു. എന്നാൽ തോൽവിയിൽ നിരാശയില്ലെന്നും ഇതൊരു മുന്നൊരുക്കത്തിന്റെ ഭാഗം മാത്രമാണെന്നും ഫ്രഞ്ച് താരം ഒറേലിയൻ ചൗമെനി പറഞ്ഞു. ജൂൺ 16-ന് ന്യൂയോർക്കിൽ വെച്ച് സെനഗലിനെതിരെയാണ് ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് മത്സരം.

ലോകകപ്പിന് മുമ്പ് താരങ്ങളുടെ അമിത ആത്മവിശ്വാസം കുറയ്ക്കാൻ ഈ തോൽവി ഒരു ഓർമ്മപ്പെടുത്തലാണെന്ന് കോച്ച് ദിദിയർ ദെഷാംപ്സ് പ്രതികരിച്ചു. 'ആദ്യ പകുതിയിൽ മികച്ച കളി പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ ഞങ്ങൾക്ക് നിയന്ത്രണം നഷ്ടമായി. തോൽവി ഒരിക്കലും സന്തോഷം നൽകുന്ന കാര്യമല്ല. എന്നാൽ, ലോകകപ്പിന് മുമ്പ് നമ്മൾ മറ്റെല്ലാവരേക്കാളും മികച്ചവരാണെന്ന തോന്നൽ ഒഴിവാക്കാൻ ഈ തോൽവി സഹായിക്കും,' ദെഷാംപ്സ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - France stunned by Ivory Coast in World Cup warmup, Spain held by Iraq
Next Story