‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’ -വംശീയ പരാമർശവുമായി സ്പാനിഷ് മുൻ പ്രധാനമന്ത്രി; വിവാദം
text_fieldsമഡ്രിഡ്: ലോകകപ്പ് സെമിയിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടാനിരിക്കെ ഫ്രഞ്ച് ടീമിനെതിരെ മുൻ സ്പാനിഷ് പ്രധാനമന്ത്രിയുടെ വംശീയ പരാമർശം. ടീമിലെ താരങ്ങളുടെ കുടിയേറ്റ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ട് മരിയാനോ റയോയ് നടത്തിയ പരാമർശമാണ് വിവാദമായത്. ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ് ടീം എന്നായിരുന്നു ഒരു മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ മുൻ പ്രധാനമന്ത്രിയുടെ പരാമർശം. ‘രണ്ടു തവണ ലോകചാമ്പ്യന്മാരും കഴിഞ്ഞ ഫൈനലിസ്റ്റുമായ മികച്ച ടീമാണ് ഫ്രാൻസ്. ഈ ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ചാണ് വരവ്. എന്നാൽ, ഒരു ഫ്രഞ്ചുകാരനുമില്ലാത്ത ടീമാണ് അവർ’ -അദ്ദേഹം എഴുതി. 2011 മുതൽ 2018 വരെ പ്രധാനമന്ത്രിയായിരുന്ന മരിയാനോക്കെതിരെ വ്യാപക വിമർശനമാണുയർന്നത്. കിലിയൻ എംബാപ്പെയെ അധിക്ഷേപിച്ച പരഗ്വേ സെനറ്ററുമായി മുൻ പ്രധാനമന്ത്രിയെ താരതമ്യവും ചെയ്തു. മരിയാനോയെ നിലവിലെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തള്ളി. നിറത്തിനും വംശത്തിനും, ജനിച്ച നാടിനും അതീതമായി എല്ലാവരെയും ഒന്നായി കാണുന്ന നാടാണ് സ്പെയിനെന്നും, വിദ്വേഷം പടർത്തുന്നവർക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനസ്, അറോർ ബെർജ് ഉൾപ്പെടെ പ്രമുഖരും രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

