Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right‘യഹ്‍യൂ.. സമാവാത്തും...

‘യഹ്‍യൂ.. സമാവാത്തും ബുറാഖിലേറീ....’ അർജന്റീനക്ക് നാണക്കേടിന്റെ ഫൈനൽ; സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ

text_fields
bookmark_border
‘യഹ്‍യൂ.. സമാവാത്തും ബുറാഖിലേറീ....’ അർജന്റീനക്ക് നാണക്കേടിന്റെ ഫൈനൽ; സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ
cancel

ലോകകപ്പ് ഫൈനലിൽ സ്​പെയിനിന്റെ തേരോട്ടത്തിനും അർജന്റീനയുടെ കണ്ണീരിനും പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരമാണ്. ഫൈനലി​ന്റെ ലോങ് വിസിലിന് പിന്നാലെ ആദ്യമിറങ്ങിയ ട്രോളുകളി​ലൊന്ന് ‘യഹ്‍യൂ..സമാവാത്തും ബുറാഖിലേറീ..’ എന്ന വരികളായിരുന്നു. കളികണ്ടു ചങ്കു തകർന്നിരിക്ക​ുന്ന അർജന്റീന ആരാധകരുടെ നെഞ്ചിലേക്ക് ഒരുമാതിരി ‘ആക്കലി’ന്റെ അമ്പെയ്യുന്ന ടോൺ.


മൈതാനത്തിൽ സ്​പെയിനിന്റെ ഹാഫിലുംകൂടി കസേര നിരത്തി കാണികളെ കയറ്റിയാൽ മതിയായിരുന്നെന്ന് ട്രംപണ്ണന്റെ പേരിലിറങ്ങിയ ട്രോളാണ് ക്ലാസിക് ഐറ്റം. അർജന്റീനയെ സ്​പെയിൻ കളിക്കാൻ കൂട്ടിയില്ലെന്നും പന്ത് ഒന്നു തൊടാൻ പോലും കൊടുത്തില്ലെന്നും അതിനാൽ പുതിയ പന്തുവാങ്ങി അർജന്റീനയിലേക്ക് കൊറിയർ അയക്കാൻ ഇന്ന് ഗ്രൂപ്പിൽ പിരിവുണ്ടെന്നായിരുന്നു ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശം.

കോളജിൽ മാനേജ്മെന്റ് ക്വാട്ടയിൽ എത്തിയാൽ ഫൈനൽ എക്സാമിന് ഒരു ഒ​ന്നൊന്നര പൊട്ടൽ പതിവാണെന്നും ട്രോൾ. ഒമ്പതാം ക്ലാസ് വരെ സർക്കാർ വിജയിപ്പിക്കും. പക്ഷേ, പത്താംക്ലാസ് ! അതു പാസാവാൻ കഷ്ടപ്പെട്ട് പഠിക്കുക തന്നെ വേണമെന്ന് ചിലർ ഉപദേശിക്കാനും മറന്നില്ല.


ഫൈനൽ പോരാട്ടത്തിൽ അർജന്റീന കളി മറന്നതോ സ്​പെയിൻ കളിക്കാൻ ഇടം നൽകാതിരുന്നതോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ടീമായി കരുതിയിരുന്ന ഫ്രാൻസിനെ സെമി ഫൈനലിൽ എങ്ങനെ പൂട്ടിയോ, അതിന്റെ ഡബിൾ കെണിയായിരുന്നു അർജന്റീനക്കായി സ്​പെയിൻ ഒരുക്കിവെച്ചിരുന്നത് എന്നതാണ് സത്യം. കളികഴിഞ്ഞുള്ള സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാൽ ഇതു മനസ്സിലാവും.

അർജന്റീന നിരയിൽ ഏറ്റവും കൂടുതൽ ഗോൾ തൊട്ടത് ഗോളിയണെന്ന എതിർ ആരാധകരുടെ കളിയാക്കലിലും അൽപം വാസ്തവമില്ലാതില്ല. മറുവശത്ത് സ്​പെയിൻ ഗോളി ഗോൾ​പോസ്റ്റിൽ തൊട്ടിൽ ​കെട്ടി ഉറങ്ങുകയായിരുന്നെന്ന് അർജന്റീന വിമർശകർ. പ്രത്യേകിച്ചു പണിയൊന്നുമെടുക്കാത്തതിനാൽ സ്പാനിഷ് ഗോളി ഉനായ് സിമോണ് ഫൈനലിലെ കൂലിയില്ലെന്നും ചിലരുടെ കമന്റ്.


ടാക്ടിക്കൽ ഫൗളുകൾ കൊണ്ട് സ്​പെയിനിന്റെ മുന്നേറ്റത്തെ തടയാനുള്ള അർജന്റീനൻ താരങ്ങളുടെ ശ്രമം പലപ്പോഴും പാളുന്നതായിരുന്നു മൈതാനത്ത് കണ്ടത്. കളിയിൽ എൻസോ ഫെർണാണ്ടസിന്റെയും കളികഴിഞ്ഞ് പരേഡസിന്റെയും ചുവപ്പുകാർഡുകൾ, കേളികേട്ട അർജന്റീനൻ കളിശൈലി ലോകകപ്പ് പോലൊരു വിശ്വമേളയുടെ ഫൈനലിൽ വെറും കണ്ടംകളിയായി പരിണമിച്ചെന്ന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമുയർത്തി. സ്പാനിഷ് താരങ്ങളുമായുള്ള ‘പരേഡസിന്റെ റസ്‍ലിങ്’ ട്രോളുകളും മീമുകളുമായി നിറഞ്ഞു.

കേരളത്തിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത് അർജന്റീന ആരാധകർക്ക് കരഞ്ഞു തീർക്കാൻ ആണെന്നാണ് ശ്രദ്ധേയമായ മറ്റൊരു കമന്റ്. ‘അവർ തിരിച്ചും മറിച്ചും കളിയാക്കാൻ ശ്രമിക്കും..... നമുക്ക് രണ്ടാം സ്ഥാനം ഉണ്ടെന്ന് പറഞ്ഞേക്കണം...’ എന്നായിരുന്നു ദൃശ്യം മോഡൽ ഡയ​ലോഗ്. യൂനിസെഫിനായുള്ള ഫോട്ടോ ഷൂട്ടിൽ ബാത്ത് ടബ്ബിൽ കിടക്കുന്ന കുഞ്ഞു ലാമിൻ യമാലിന് സമീപം ലയണൽ മെസ്സി ഇരിക്കുന്ന ചിത്രം ലോകകപ്പ് ഫൈനലിന് മുമ്പ് വീണ്ടും ചർച്ചയായിരുന്നു. എന്നാൽ, ഫൈനലിന് ​ശേഷം ​മെസ്സിയെ ഇരുത്തിക്കുളിപ്പിക്കുന്ന ലാമിൻ യമാലിന്റെ മീമാണ് ഇപ്പോൾ വൈറൽ.


ഇന്ന​ലെ അർജന്റീനയുടെ ആരാധകർക്കെതിരെ സ്​പെയിനും ബ്രസീലും പോർചുഗലും ജർമനിയും ഹോളണ്ടും ഇംഗ്ലണ്ടും ബെൽജിയവും ഒക്കെ അടങ്ങുന്ന ഓൾ ഫാൻസാണ് സോഷ്യൽ മീഡിയയിൽ ഇറങ്ങിക്കളിച്ചതെന്ന് അർജന്റീന ആരാധകർ പറയുന്നു. നിരത്തിയിട്ട ഓരോ ജഴ്സിയിലൂ​ടെയും നടന്നുനിങ്ങുന്ന ഓന്തിന്റെ നിറം മാറുന്നതും അവസാനം സ്​പെയിനിന്റെ ജഴ്സി നിറമണിഞ്ഞ് ഓന്ത് ഇരിക്കുന്നതിന്റെയും എ.ഐ വിഡിയോ അർജന്റീനൻ ആരാധകരും മറുപടിയായി ഇറക്കി. കളിയാവുമ്പോൾ തോൽവിയും ജയവും സാധാരണയാണെന്നും ഒരു തോൽവികൊണ്ടൊന്നും അർജന്റീനയുടെയോ മെസ്സിയുടെയോ പെരുമ മായുന്നി​ല്ലെന്നും അവർ സ്വയം ആശ്വാസത്തിലലിയുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinatrollLionel MessiFIFA World Cup
News Summary - fifa world cup social media troll Argentina
Next Story