Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right‘വിറപ്പിച്ച്’...

‘വിറപ്പിച്ച്’ ഹെയ്തിയുടെ മടക്കം; മൊറോക്കോയുടെ ജയം 4-2ന്; ബ്രസീലിനു പിന്നാലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ

text_fields
bookmark_border
FIFA World Cup
cancel

അറ്റ്ലാന്‍റ: ബ്രസീലിനു പിന്നാലെ ഗ്രൂപ്പ് സിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായി മൊറോക്കോയും നോക്കൗട്ടിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹെയ്തിയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആഫ്രിക്കൻ ചാമ്പ്യന്മാർ കീഴടക്കിയത്.

നേരത്തെ തന്നെ ടൂർണമെന്‍റിൽനിന്ന് പുറത്തായെങ്കിലും കരുത്തരായ മൊറോക്കോയെ വിറിപ്പിച്ച് അഭിമാനത്തോടെയാണ് കരീബിയക്കാർ നാട്ടിലേക്ക് മടങ്ങുന്നത്. ആറു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ആദ്യ പകുതിയിൽ രണ്ട് തവണ പിന്നിലായിട്ടും തിരിച്ചടിച്ച മൊറോക്കോ രണ്ടാം പകുതിയിൽ പകരക്കാരുടെ മികവിലാണ് വിജയം പിടിച്ചെടുത്തത്. ജയത്തോടെ ഗ്രൂപ്പ് സിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് അവസാന 32ലെത്തുന്നത്. ബ്രസീലിനും മൊറോക്കോക്കും ഏഴു പോയന്‍റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് കാനറികൾ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.

നോക്കൗട്ടിൽ നെതർലൻഡ്‌സ്, ജപ്പാൻ, സ്വീഡൻ എന്നിവരിൽ ആരെങ്കിലുമാകും എതിരാളികൾ. അഷ്റഫ് ഹക്കീമി, ഇസ്മാഈൽ സൈബരി, സൂഫിയാവൻ റഹീമി, ഗെസ്സിം യാസിൻ എന്നിവരാണ് മൊറോക്കോക്കായി വലകുലുക്കിയത്. വിൽസൺ ഇസിദോർ ഹെയ്തിക്കായി സ്കോർ ചെയ്തു. മറ്റൊന്ന് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനോയുടെ വക സെൽഫ് ഗോളായിരുന്നു. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും മൊറോക്കോക്കു തന്നെയായിരുന്നു മേധാവിത്വം. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ നാലു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. പത്താം മിനിറ്റിലാണ് മൊറോക്കോയെ ഞെട്ടിച്ച് ഹെയ്തി മത്സരത്തിൽ ആദ്യം ലീഡെടുക്കുന്നത്.

ഹെയ്തി താരം ലെനി ജോസഫിന്റെ മികച്ചൊരു നീക്കത്തിനൊടുവിൽ വന്ന ക്രോസ് തടയാനുള്ള ശ്രമത്തിനിടെ യാസിൻ ബോനോയുടെ കൈയിൽ തട്ടി പന്ത് സ്വന്തം വലയില്‍ കയറി. 52 വർഷത്തിനുശേഷമാണ് ലോകകപ്പിൽ ഹെയ്തി ഗോൾ നേടുന്നത്. ഗോൾ വഴങ്ങിയതോടെ മൊറോക്കോ ആക്രമണം കടുപ്പിച്ചു. സൂപ്പർ താരം ബ്രാഹിം ഡയസ്, നായകൻ അഷ്റഫ് ഹക്കിമി എന്നിവരുടെ നേതൃത്വത്തിൽ ശക്തമായി തിരിച്ചടിച്ചെങ്കിലും പ്രതിരോധവും ഹെയ്തി ഗോൾകീപ്പർ ജോണി പ്ലാസിഡും പ്രതിരോധിച്ചു. ഇസ്മായിൽ സൈബരി ഇതിനിടെ ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകൾ തൊടുത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഒടുവിൽ 39ാം മിനിറ്റിൽ ഹക്കീമി ടീമിനെ ഒപ്പമെത്തിച്ചു.

അധികം വൈകാതെ ജീൻ-കെവിൻ ഡുവെർനെയുടെ അസിസ്റ്റിൽ നിന്ന് വിൽസൺ ഇസിദോർ (43) വീണ്ടും ഹെയ്തിയെ ഒപ്പമെത്തിച്ചു. സണ്ടർലൻഡ് സ്ട്രൈക്കർ 25 വാര അകലെ നിന്ന് ടോപ്പ് കോർണറിലേക്ക് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ടാണ് വലയിൽ കയറിയത്. ടൂർണമെന്‍റിലെ മികച്ച ഗോളുകളിലൊന്ന്. മൂന്നു മിനിറ്റിനുള്ളിൽ മൊറോക്കോ വീണ്ടും സമനില പിടിച്ചു. ഹെയ്തി പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്ത സൈബരി പന്ത് വലയിലാക്കി. 2-2 എന്ന സ്കോറിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിൽ വരുത്തിയ മാറ്റങ്ങളാണ് മൊറോക്കോയുടെ വിജയത്തിൽ നിർണായകമായത്. ബ്രാഹിം ഡയസിനെയും സൈബരിയെയും പിൻവലിച്ച് സുഫിയാൻ റഹീമി, ഗെസ്സിം യാസിൻ എന്നിവരെ കോച്ച് കളത്തിലിറക്കി. അവസാന മിനിറ്റുകളിൽ ഇരുവരുമാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. 78ാം മിനിറ്റിൽ മൊറോക്കോക്ക് ലഭിച്ച കോർണറാണ് ഗോളിലെത്തിയത്.

ബോക്സിലേക്ക് വന്ന പന്ത് മികച്ചൊരു ഷോട്ടിലൂടെ റഹീമി വലയിലെത്തിച്ചു. ലോകകപ്പിലെ താരത്തിന്‍റെ ആദ്യ ഗോൾ. കളിയുടെ നിശ്ചിമ സമയം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ യാസിൻ ടീമിന്‍റെ നാലാം ഗോളും നേടി. റഹീമിയാണ് അസിസ്റ്റ് നൽകിയത്. 4-2 ജയത്തോടെ മൊറോക്കോ നോക്കൗട്ടിലേക്ക്.

മയാമിയിൽ നടന്ന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ ബ്രസീൽ 3-0ത്തിന്‍റെ അനായാസ വിജയം നേടിയതോടെ കാനറികൾ ഒന്നാമതെത്തി. 1974ൽ രണ്ട് ഗോളുകൾ നേടിയ ഇമ്മാനുവൽ സനോണിനൊപ്പം ലോകകപ്പിൽ ഹെയ്തിക്ക് വേണ്ടി ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ഇസിദോർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World CupMorocco football team
News Summary - FIFA World Cup: Morocco beat Haiti to progress as runners-up
Next Story