Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലിയോ; നിലാവലകളിലെ നീലവെളിച്ചം
cancel
camera_alt

ഫൈ​ന​ൽ മ​ത്സ​ര​ശേ​ഷം വി​തു​മ്പു​ന്ന ല​യ​ണ​ൽ മെ​സ്സി 

ഒരു ‘ഫിക്ഷനൽ മാംഗ’ തന്നെയായിരുന്നു അത്. തകാഷി യോയിച്ചിയുടെ സുപ്രസിദ്ധമായ ‘ക്യാപ്റ്റൻ സുബാസ’ പോലെയൊന്ന്. മാംഗകളെ അടിസ്ഥാനമാക്കിയ ആനിമേ സീരീസ് പോലൊരു അതിശയ സൃഷ്ടിയായിരുന്നു അയാളുടെ കരിയർ. അവിടെ ചുഴലികളും ഉൾപ്പിരിവുകളുമുണ്ടായിരുന്നു. വിഷാദങ്ങളും വിനാശങ്ങളുമുണ്ടായിരുന്നു. ഒപ്പം, വിസ്മയങ്ങളും വീരേതിഹാസങ്ങളും. തകർന്നുപോയെന്ന് ലോകം വിധിയെഴുതിയതാണൊരിക്കൽ. കത്തിത്തീർന്നെന്ന് കട്ടായം പറഞ്ഞവരേറെ. അവിടുന്നാണ് അയാൾ തിരിച്ചുവന്ന് ഇക്കണ്ട സാമ്രാജ്യങ്ങളൊക്കെയും വെട്ടിപ്പിടിച്ചത്...വിജയപരമ്പരകളുടെ വീറുറ്റ ഏടുകളിലേക്ക് ആ പന്തിനെ വഴിനടത്തിയത്.

‘ക്യാപ്റ്റൻ സുബാസ’യെ നമ്മൾ യാഥാർഥ്യത്തിന്‍റെ പുൽത്തകിടിയിലേക്ക് പകർത്തിയെഴുതിയാൽ അതിലെ സുബാസ ഓസോറ എന്ന നായക കഥാപാത്രത്തിന് ലയണൽ ആന്ദ്രേസ് മെസ്സിയുടെ ഛായയാവും. ചെറുപ്പത്തിൽ തന്നെ അത്ഭുതകരമായ ഫുട്ബാൾ കഴിവുകൾ പ്രകടിപ്പിക്കുന്ന സുബാസ, സ്കൂൾ തലത്തിൽ നിന്ന് തുടങ്ങി ജാപനീസ് നാഷനൽ ടീമിലെത്തി പിന്നീട് രാജ്യാന്തര ഫുട്ബാളിലെ അതിശയ താരമായി പടർന്നു പന്തലിക്കുന്നതാണ് പ്രമേയം.1978ൽ മരിയോ കെംപസ് അർജന്‍റീനയെ ആദ്യമായി വിശ്വവിജയത്തിലെത്തിച്ചതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് 1981ൽ സുബാസയെ തകാഷി സൃഷ്ടിക്കുന്നത്. ജപ്പാനിൽ ഫുട്ബാളിന് അനൽപമായ വേരോട്ടം നൽകിയ സൃഷ്ടിയായിരുന്നു അത്. ഭൂമിയിൽ ഫുട്ബാളിന് പോരിശയേകി മെസ്സിയും.

അവധൂതനായിരുന്നു അയാൾ. ചിലപ്പോൾ അതിമാനുഷനും. വരൾച്ചയിലും വസന്തത്തിലുമൊക്കെ അയാൾ വേരാഴ്ത്തി പൂത്തൂലഞ്ഞു. വരണ്ട സമതലങ്ങളിൽ വിളവെടുപ്പിന്‍റെ ഉത്സവച്ഛായയിലേക്ക് നിലമുഴുതു. നിധി തേടിയലഞ്ഞ സാഹസ ഭൂവിൽ അനുഭവയോഗ്യമില്ലെന്ന് സഹതപിച്ചവരെയും കുശുകുശുത്തവരെയും സാക്ഷിനിർത്തി ആഴങ്ങളിൽ ഖനനം ചെയ്ത് അയാളത് കണ്ടെടുക്കുക തന്നെ ചെയ്തു. പൂർണതയിലേക്ക് പടർന്നുപന്തലിക്കാൻ ലോകം വെച്ചുനീട്ടിയ മുൻവിധികളെ പ്രതിഭയുടെ ധാരാളിത്തത്തിന്‍റെ പിൻബലത്തിൽ ഡ്രിബ്ൾ ചെയ്ത് വകഞ്ഞു മുന്നേറി.

ഭൂമിയിൽ അയാളോടുള്ള ആരാധനയായിരുന്നു നിറഞ്ഞുനിന്നതത്രയും. അതിശയം കൊണ്ടവരും ആവേശഭരിതരായവരും ഒരുപാടുണ്ടായിരുന്നു. ഒപ്പം, അസൂയ പൂണ്ടവരും. എല്ലാവരെയും അയാൾ ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവിൽ ഇംഗ്ലണ്ടിനെതിരെ വലതു പാർശ്വത്തുനിന്ന് ഏഴ് എതിരാളികളുടെ തലക്ക് മുകളിലൂടെ ലൗതാറോ മാർട്ടിനെസിന്‍റെ ഉച്ചിയിലേക്ക് ജ്യാമിതീയ മാത്രകളുടെ അഴകളവുകളാൽ എയ്തുവിട്ട ആ വലങ്കാലൻ ക്രോസ് പോലെ. തൊട്ടടുത്ത പോരിൽ അയാൾ നിരായുധനാക്കപ്പെടുന്നത് പക്ഷേ, അത്രയേറെ അപൂർവമായ കാഴ്ചയാണ്. അത് ഇവ്വിധമൊരു വേദിയിലായതാകട്ടെ, അർജന്‍റീനക്ക് ഹൃദയഭേദകവും.

മുമ്പും ഇതാവർത്തിച്ചിട്ടുണ്ട്. മെറ്റ് ലൈഫ് തന്നെ അതിന് മണ്ണാരുക്കിയിട്ടുമുണ്ട്. ഒരു വ്യാഴവട്ടംമുമ്പ് മാറക്കാനയിലെ വിശ്വവേദിയിൽ ഇതുതന്നെയായിരുന്നു ചിത്രം. അയാളായിരുന്നു താരമെങ്കിലും നാടകാന്ത്യം ആ കലാശപ്പോരിൽ വീണത് ലിയോയുടെ കണ്ണീർ. രണ്ടാണ്ടിന് ശേഷമാണ് മെറ്റ് ലൈഫും അവസാനനാഴികയിൽ കിരീടം തട്ടിമാറ്റിക്കളഞ്ഞത്. പിന്നീട്, പ്രതികാരദാഹം പൂണ്ട ഉഗ്രസ്വരൂപിയായി വേഷപ്പകർച്ച. നഷ്ടപ്പെട്ടതൊക്കെ അയാൾ കണക്കുപറഞ്ഞ് തിരിച്ചുപിടിച്ചു. ഇരുളിനെ വകഞ്ഞുമാറ്റി നിലാവലകളുടെ ആ നീലവെളിച്ചം പുൽമൈതാനങ്ങളെ പ്രഭകൊള്ളിച്ച നാളുകൾ.

ആടയാഭരണങ്ങൾ അഴിച്ചുവെച്ച് പിന്നണിയിലൊതുങ്ങേണ്ട പ്രായത്തിലാണ് വീണ്ടുമൊരു പടനായക വേഷം. 39ന്‍റെ അസ്തമയവേളയിൽ അയാളെന്തുകാട്ടാനെന്ന് സംശയിച്ചവരൊടുപാട്. ചരിത്രം പക്ഷേ, ആ പ്രായത്തിനുമുന്നിലും അനുസരണയോടെ വഴങ്ങിക്കൊടുത്തു. ചക്രവാള ശോണിമയിൽ ആഴക്കടലിലേക്ക് മറയുന്ന സൂര്യൻ ഇതുപോലെ തെളിഞ്ഞുകത്തിയ സന്ധ്യകൾ കളിയുടെ കണക്കുപുസ്തകങ്ങളിൽ പിറവിയെടുത്തിട്ടേയില്ല. നാൽപതിന് ഒരാണ്ടു മാത്രം ഇപ്പുറം, അയാൾ ആടിത്തിമിർക്കുകയായിരുന്നു...ൈക്ലമാക്സിലൊഴികെ. നിർണായക സന്ധിയിൽ അസ്ത്രമെയ്യാനാവാതെ നിലംപറ്റിയ മഹാമേരുവിനെയും അതിശയത്തോടെ കാണുകയാണ് ലോകം. അനിവാര്യവേളയിൽ ആ മാന്ത്രികതയുടെ മിന്നലാട്ടങ്ങളില്ലാതെ പ്രതീക്ഷകൾ കത്തിയമർന്നു. മെറ്റ് ലൈഫിനുമേൽ ഇതിഹാസത്തിന്‍റെ കണ്ണീരു വീഴാൻ രണ്ടാമതൊരു വിധി. ആ സ്റ്റേഡിയത്തിന്‍റെ പുൽമേട്ടിൽ ആയിരങ്ങൾ കൈ വീശി ‘നന്ദി ലിയോ’ എന്ന് പാടിക്കൊണ്ടിരിക്കുമ്പോൾ കൈകൾ പിന്നിൽകെട്ടി നിന്ന അയാളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. ‘ഞാൻ വളരെ സെൻസിറ്റീവാണ്. സിനിമകൾ കാണുമ്പോൾ ഒരുപാട് കരയാറുണ്ട്’ എന്ന് കഴിഞ്ഞ വർഷം ലുസു ടി.വിയോട് തുറന്നുപറഞ്ഞ മെസ്സിക്ക് കരച്ചിലിന്‍റെ അണപൊട്ടാൻ അതേറെയായിരുന്നു. ജഴ്സി മുകളിലേക്കുയർത്തി കണ്ണീർ തുടക്കാനാഞ്ഞിട്ട്, അടുത്തമാത്രയിൽ അതയാൾ വേണ്ടെന്ന് വെക്കുന്നുമുണ്ട്.

ഇനി വിട പറച്ചിലിലേക്കാവാം...അവസാന അങ്കത്തിന്‍റെ വിധിവൈപരീത്യത്തിന് മുമ്പേ അത് മനസ്സിൽ കുറിച്ചിട്ടുണ്ടാവണം. ആകാശനീലിമയിലെ സൂര്യൻ അസ്തമിക്കുകയാണ്. ഒരു രാത്രിയിൽ വെളിച്ചമില്ലാതായെന്നുവെച്ച് ആ സൂര്യപ്രഭക്ക് മങ്ങലേൽക്കുന്നില്ല. അല്ലെങ്കിലും, പന്തുകൊണ്ട് ഭൂമധ്യരേഖക്ക് ചുറ്റും എന്തെല്ലാം ചെയ്തുകാട്ടാമെന്ന് ഒരു പുരുഷായുസ്സിൽ ലിയോ ചെയ്തുകാട്ടിയതുപോലൊന്നും ചരിത്രത്തിൽ പിറവികൊണ്ടിട്ടില്ലല്ലോ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFAArgentinaworld cupLionel Messicompetition
News Summary - Leo; the blue light of the moon in the moonlight
Next Story