ഉഷാറാക്കി അഷൂർ, 13ാം മിനിറ്റിൽ ഗോൾ; ആസ്ട്രേലിയക്കെതിരെ ഈജിപ്ത് മുന്നിൽ
text_fieldsഡാലസ്: ലോകകപ്പ് റൗണ്ട് ഓഫ് 32ൽ ആസ്ട്രേലിയക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോൾ ഈജിപ്ത് ഒരു ഗോളിന് മുന്നിൽ. 13ാം മിനിറ്റിൽ ഇമാം അഷൂറാണ് ഈജിപ്തിന് ലീഡ് നേടികൊടുത്തത്.
ഇടതു ബോക്സിന്‍റെ തൊട്ടുവെളിയിൽനിന്ന് ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കുന്നത്. മുഹമ്മദ് സലാഹ് തട്ടികൊടുത്ത പന്ത് അഷൂർ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും പ്രതിരോധ താരം ജാക്സൺ ഇർവിന്‍റെ കാലിൽ തട്ടി തെറിച്ചു. തൊട്ടുപിന്നാലെ കരീം ഹഫീസ് വലതുവിങ്ങിൽനിന്ന് ബാക്ക് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ ക്രോസ് ഒരു മനോഹര ഹെഡ്ഡറിലൂടെ അഷൂർ വലയിലേക്ക് തിരിച്ചുവിട്ടു. ടൂർണമെന്‍റിൽ താരത്തിന്‍റെ ആദ്യ ഗോൾ.
പന്തടക്കത്തിൽ ഈജിപ്ത് മേധാവിത്വം പുലർത്തുമ്പോൾ, ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിൽ സോക്കറൂസാണ് മുന്നിൽ. സൂപ്പർതാരം മുഹമ്മദ് സലാഹ് ആദ്യ ഇലവനിലുണ്ട്. ഇറാനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ 34കാരന്‍റെ ഫിറ്റ്നസിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.
ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു നോക്കൗട്ട് മത്സരം വിജയിച്ച് പുതു ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടാണ് സോക്കറൂസ് ഡാലസ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. ഇതിനുമുമ്പ് രണ്ട് തവണ ഗ്രൂപ്പ് ഘട്ടം കടന്നിട്ടുണ്ടെങ്കിലും നോക്കൗട്ടിൽ വിജയിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടില്ല. 2006-ൽ ഇറ്റലിയോടും 2022-ൽ അർജന്റീനയോടും പൊരുതിയാണ് ആസ്ട്രേലിയ കീഴടങ്ങിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിക്കുകയും ബെൽജിയം, ഇറാൻ എന്നിവരുമായി സമനില വഴങ്ങുകയും ചെയ്ത ഈജിപ്ത് ഇതുവരെ ടൂർണമെന്റിൽ പരാജയം അറിഞ്ഞിട്ടില്ല. ജയിക്കുന്നവർ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടും. അർജന്‍റീന-കേപ് വെർഡെ മത്സരത്തിലെ വിജയികളെയാണ് അവസാന 16ൽ നേരിടുക. ഈജിപ്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് നോക്കൗട്ട് മത്സരമാണിത്. ഇതിനു മുമ്പ് 1934ലെ ലോകകപ്പിലാണ് നോക്കൗട്ട് കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

