Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസെമിറോയുടെ ഹെഡ്ഡൾ ഗോൾ, തിരിച്ചടിച്ച് ബ്രസീൽ (1-1)

text_fields
bookmark_border
കാസെമിറോയുടെ ഹെഡ്ഡൾ ഗോൾ, തിരിച്ചടിച്ച് ബ്രസീൽ (1-1)
cancel

ഹൂസ്റ്റൺ: ലോകകപ്പ് നോക്കൗട്ടിലെ ജീവന്മരണ പോരാട്ടത്തിൽ തിരിച്ചടിച്ച് ബ്രസീൽ. 56ാം മിനിറ്റിൽ കാസെമിറോ ഒരു കിടിലൻ ഹെഡ്ഡറിലൂടെയാണ് ടീമിനെ ഒപ്പമെത്തിച്ചത്.മത്സരത്തിന്‍റെ 29ാം മിനിറ്റിൽ കെയ്ഷു സനോയാണ് സമുറായികൾക്ക് ലീഡ് നേടികൊടുത്തത്.

താരത്തിന്‍റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. മത്സരത്തിൽ പന്തടക്കത്തിൽ ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ നീക്കങ്ങളെല്ലാം ജപ്പാന്‍റെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് ഡാനിലോ നൽകിയ ഒരു മോശം പാസ് തട്ടിയെടുത്ത് സനോ നടത്തിയ ഒറ്റയാൾ കുതിപ്പാണ് ഗോളിലെത്തിയത്. കാസെമിറോയെയും മറികടന്നെത്തി ബോക്സിനു തൊട്ടുമുന്നിൽനിന്ന് തൊടുത്ത ഒരു ലോ ഡ്രൈവ് ഷോട്ട് അലിസൺ ബെക്കറെയും നിസ്സഹായനാക്കി വലയിൽ. അതുവരെ ആർത്തുവിളിച്ച സ്റ്റേഡിയത്തിലെ മഞ്ഞക്കടൽ സ്തബ്ധമായി. ആദ്യ 15 മിനിറ്റിൽ പന്തടക്കത്തിൽ 72 ശതമാനവും ബ്രസീലായിരുന്നു.

നാലു ഷോട്ടുകളാണ് ഗോളിലേക്ക് തൊടുത്തത്. ജപ്പാൻ ഒന്നു മാത്രം. 14ാം മിനിറ്റിൽ ബോക്സിന്‍റെ എഡ്ജിൽനിന്നുള്ള കുൻഹയുടെ ലോ ഡ്രൈവ് ഷോട്ട് ജപ്പാൻ ഗോളി സിയോൻ സുസൂക്കി തട്ടിയകറ്റി. 16ാം മിനിറ്റിൽ ബോക്സിനു തൊട്ടു വെളിയിൽനിന്ന് ജപ്പാൻ താരം ജുന്യ ഇറ്റോയെ ഫൗൾ ചെയ്തതിന് കാസെമിറോക്ക് മഞ്ഞ കാർഡ്. ബ്രസീൽ പ്രീ ക്വാർട്ടിലേക്ക് കടന്നാൽ കാസെമിറോക്ക് അടുത്ത മത്സരം നഷ്ടമാകും. ഈ ഫ്രീകിക്ക് ജപ്പാന് മുതലെടുക്കാനായില്ല. ക്രിസ്റ്റൽ പാലസിന്‍റെ ഡെയ്ചി കമാഡയുടെ ഷോട്ട് ബ്രസീൽ പ്രതിരോധ മതിലിൽ തട്ടി തെറിച്ചു.

ആദ്യ പകുതിയിൽ ജപ്പാന്‍റെ തന്ത്രങ്ങൾ ഫലം കാണുന്നതാണ് കണ്ടത്. താഴേക്കിറങ്ങി പ്രതിരോധം തീർക്കുന്ന ജപ്പാനു മുന്നിൽ കാനറികൾ വഴി കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ്. അഞ്ചു താരങ്ങളാണ് ഒരേ സമയം പ്രതിരോധിക്കുന്നത്. അതിനു തൊട്ടു മുന്നിലായി നാലുപേരും.

ആദ്യ ഇലവനിൽ സൂപ്പർതാരം നെയ്മറില്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. പകരക്കാരുടെ ബെഞ്ചിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇത്തവണയും നെയ്മറെ ഉൾപ്പെടുത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ കളത്തിലിറങ്ങിയ ടീം തന്നെയാണ് ജപ്പാനെതിരെയും കളിക്കുന്നത്.

ഗ്രൂപ്പ് സിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനക്കാരായിട്ടാണ് കാനറികൾ നോക്കൗട്ടിലെത്തിയത്. സ്വീഡനെതിരായ കഴിഞ്ഞ മത്സരത്തിൽ കളിച്ച ജപ്പാൻ ടീമിൽ നാലു മാറ്റങ്ങളുണ്ട്. ഷോഗോ താനിഗുച്ചി, താകെഹിരോ ടോമിയസു, കൈഷു സാനോ, ജുന്യ ഇറ്റോ എന്നിവർ ആദ്യ ഇലവനിൽ എത്തിയപ്പോൾ ആവോ തനക, കോ ഇറ്റാകുര, അയുമു സെക്കോ, യുക്കിനാരി സുഗാവാര എന്നിവർ ബെഞ്ചിലേക്ക് മാറി. 3-4-2-1 എന്ന ശൈലയിലാണ് സമുറായികൾ കളിക്കുന്നത്. ടീമെന്ന നിലയിൽ അവസാന രണ്ടു മത്സരങ്ങളിൽ ഒത്തിണക്കത്തോടെ പന്തുതട്ടിയതാണ് കാനറികൾക്ക് ആത്മവിശ്വാസം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FIFA World Cup: Brazil vs Japan
Next Story