Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightനാലടിച്ച് യു.എസ്.എ;...

നാലടിച്ച് യു.എസ്.എ; ലോസ് ആഞ്ചലസിൽ പരാഗ്വെയെ തകർത്തുവിട്ട് ആതിഥേയർ

text_fields
bookmark_border
നാലടിച്ച് യു.എസ്.എ; ലോസ് ആഞ്ചലസിൽ പരാഗ്വെയെ തകർത്തുവിട്ട് ആതിഥേയർ
cancel

കാർക്ക് മുന്നിൽ ഇതിനേക്കാൾ മനോഹരമായൊരു തുടക്കം സ്വപ്നത്തിൽ മാത്രമാവും. യൂറോപ്യൻ ഫുട്ബാളിൽ തന്ത്രങ്ങൾ പയറ്റിത്തെളിഞ്ഞ പരിശീലകൻ മൗറിസിയോ പൊച്ചെട്ടിനോയുടെ കൈകളിലേക്ക് ഒന്നരവർഷം മുമ്പ് ടീമിന്റെ കടിഞ്ഞാൺ ഏൽപിക്കുമ്പോൾ അമേരിക്കൻ ഫുട്ബാൾ ഭാരവാഹികൾ മനസ്സിൽ കണ്ടതും നാട്ടിലെ ലോകകപ്പിലേക്ക് ചാമ്പ്യൻ ഫേവറിറ്റിനെ പോലൊരു ടീമിന്റെ കുതിപ്പായിരുന്നു. ആരാധകരുടെയും സ്വന്തക്കാരുടെയും മനസ്സിലിരിപ്പ്, കളത്തിൽ അതേപടി പ്രതിഫലിപ്പിച്ചപ്പോൾ ലോകകപ്പിൽ അമേരിക്കൻ പടക്ക് പത്തരമാറ്റ് വിജയത്തിളക്കത്തോടെയൊരു തുടക്കം.

32 വർഷത്തിനുശേഷം സ്വന്തം നാട്ടിലേക്ക് വിരുന്നെത്തിയ ലോകകപ്പിൽ, ഗ്രൂപ് ‘ഡി’യിലെ ആദ്യ മത്സരത്തിൽ തെക്കനമേരിക്കൻ സംഘമായ പരഗ്വേയുടെ വലയിൽ നാല് ഗോളുകളാണ് അമേരിക്ക അടിച്ചുകയറ്റിയത്. 16 വർഷത്തെ ഇടവേളക്കുശേഷം ലോകകപ്പിനെത്തിയവർ കളത്തിൽ നിന്നും തീർത്തും അപ്രത്യക്ഷമായിപ്പോയ പ്രകടനം. യു.എസ് ഗോൾ വേട്ടയിൽ തളർന്ന പരഗ്വേക്ക് മറുപടിയായി നേടാനായത് ഒരു ഗോൾ മാത്രം.

ഇരു പകുതികളിലുമായി വിങ്ങുകളെ തിളപ്പിച്ച പോർവീര്യം പുറത്തെടുത്ത ആതിഥേയർ മത്സരത്തിലുടനീളം സമ്പൂർണ മേധാവിത്വവും സ്ഥാപിച്ചു. കളിയുടെ ആദ്യ പകുതിയിൽതന്നെ മൂന്ന് ഗോളുമായി യു.എസ് ലീഡ് പിടിച്ചു. ഇംഗ്ലണ്ടിൽ വളർന്ന്, അമേരിക്കക്കായി ബൂട്ടുകെട്ടിയ േഫ്ലാറിയാൻ ബലോഗൺ ഇരട്ടഗോളുമായി അമേരിക്കൻ വിജയത്തിൽ പടനായകനായി. കളിയുടെ 31, 45 മിനിറ്റുകളിലായിരുന്നു േഫ്ലാറിയാന്റെ ബൂട്ടിൽനിന്നും ഗോൾ പിറന്നത്.

യു.എസ് അറ്റാക്ക്; പ്രതിരോധം പാളി പരഗ്വേ

ഏഴാം മിനിറ്റിലെ സെൽഫ് ഗോളിലായിരുന്നു തുടക്കം. യു.എസ് മുന്നേറ്റത്തിനിടെ പന്തിന് തടയിടാനുള്ള പരഗ്വേ ശ്രമങ്ങൾ തുടക്കത്തിലേ പാളി. ക്രിസ്റ്റ്യൻ പുലിസിച് നടത്തിയ മുന്നേറ്റം ഗോളിലേക്കുള്ള വഴിയായി മാറി. പരഗ്വേ ഡിഫൻഡർമാരെ കടന്ന് വിങ്ങിലൂടെ കയറിയ പുലിസിചിന്റെ ക്രോസിനെ പോസ്റ്റിലേക്ക് വഴിതിരിച്ച വെസ്റ്റൺ മക്നീയുടെ ഷോട്ട് പരഗ്വേ താരം ഡാമിയൻ ബോബഡില്ലയുടെ ബൂട്ടിൽ തട്ടി സ്വന്തം വലയിലെത്തി. തുടക്കത്തിലേ പിടിച്ച ലീഡ് യു.എസ് മുന്നേറ്റത്തിന് വേഗം നൽകി. 30 മിനിറ്റിനുള്ളിൽ രണ്ടു തവണ കൂടി വലകുലുങ്ങിയെങ്കിലും ഒന്ന് ഓഫ്സൈഡായി. 31ാം മിനിറ്റിൽ വിങ്ങിൽനിന്നും പുലിസിച് നൽകിയ ക്രോസിനെ ബോക്സിനുള്ളിൽ നിന്നും കിടിലൻ ഷോട്ടിലൂടെ വലയിലാക്കി േഫ്ലാറിയാൻ രണ്ടാം ഗോൾ കുറിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമിലെ അവസാന മിനിറ്റിലായിരുന്നു മൂന്നാം ഗോളിന്റെ പിറവി. മധ്യവര കടന്നതിനുപിന്നാലെ മാലിക് ടിൽമാൻ നൽകിയ ലോങ് ക്രോസിൽ പന്തിനെ പിടിച്ചെടുത്ത താരം, പരഗ്വേ ഡിഫൻഡർമാരെ വകഞ്ഞുമാറ്റി തൊടുത്ത ഷോട്ട് വലയുടെ മേൽക്കൂര കുലുക്കി.

രണ്ടാം പകുതിയിൽ പുലിസിചിനെ പിൻവലിച്ച് സെബാസ്റ്റ്യൻ ബെർഹാൾടറെ കോച്ച് കളത്തിലെത്തിച്ചു. രണ്ടാം പകുതിയിലും കളം ഭരിച്ചത് അമേരിക്ക തന്നെയായിരുന്നു. ഒരുഘട്ടത്തിൽ പോലും എതിരാളികൾക്ക് നടുനിവർത്താൻ അനുവാദം നൽകിയതുമില്ല. ഒടുവിൽ 73ാം മിനിറ്റിൽ മൗറിസിയോയിലൂടെ പരഗ്വേ അമേരിക്കൻ പ്രതിരോധം പൊളിച്ചുവെങ്കിലും കളിയിൽ തിരികെയെത്തിക്കാൻ ശേഷിയില്ലാതെ പോയി.

അതേസമയം, പുലിസിചിന്റെ അഭാവം വിങ്ങിലൂടെയുള്ള മുന്നേറ്റത്തിലും പ്രകടമായിരുന്നു. വേഗത കുറഞ്ഞ യു.എസ് ആക്രമണം വീണ്ടും സജീവമായത്, 82ാം മിനിറ്റിൽ ടിൽമാനുപകരം ജിയോ റെയ്ന കളത്തിലെത്തിയതോടെയാണ്. ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ അയാൾ തന്റെ മികവ് സോഫി സ്റ്റേഡിയത്തിൽ നിറഞ്ഞ മുക്കാൽ ലക്ഷം കാണികൾക്കു മുമ്പാകെ പ്രകടിപ്പിക്കുകയും ചെയ്തു. ബോക്സിലേക്ക് ഓടിക്കയറി ചിപ് ചെയ്തിട്ട പന്ത് പരഗ്വേ പോസ്റ്റിൽ അവസാന ആണിയായി പതിച്ചു. യു.എസ് പ്രതിരോധത്തിൽ നായകൻ ടിം റിയാം, അലക്സാണ്ടർ ഫ്രീമാൻ മധ്യനിരയിൽ ടെയ്‍ലർ ആഡംസ് എന്നിവരും മികച്ച ഫോമിലായിരുന്നു.

1994ന് ശേഷം ആദ്യമായി അമേരിക്കൻ മണ്ണിലെത്തിയ ലോകകപ്പിൽ തങ്ങളുടെ ടീമിന് പിന്തുണയുമായി ഹോളിവുഡ് സൂപ്പർതാരങ്ങളും സോഫി സ്റ്റേഡിയത്തിലെ ഗാലറിയിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFAparaguayUSAFIFA World Cup 2026
News Summary - FIFA World Cup 2026: USA Open With Dominant 4-1 Win Over Paraguay
Next Story