സ്പെയിനും പോർച്ചുഗലും നേർക്കുനേർ; റൊണാൾഡോയും ലമീൻ യമാലും ആദ്യ ഇലവനിൽ
text_fieldsഡാളസ്: 2026 ഫിഫ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിന് കളമൊരുങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലും മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഡാളസിലെ ആർലിംഗ്ടണിലുള്ള എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടുകാരനായ ആന്റണി ടെയ്‌ലർ ആണ് റഫറി.
കരുത്തരായ സ്പെയിനിനെ നേരിടാനിറങ്ങുമ്പോൾ പോർച്ചുഗൽ തങ്ങളുടെ ആദ്യ ഇലവനിൽ നിർണായകമായ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ക്രോയേഷ്യക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ കളിച്ച ടീമിൽ നിന്നും റാഫേൽ ലിയാവോയ്ക്ക് പകരം ജാവോ ഫെലിക്സ് ആദ്യ ഇലവനിൽ ഇടംനേടി. 4-3-3 എന്ന ശൈലിയിലാകും പോർച്ചുഗൽ കളത്തിലിറങ്ങുക. ഇതോടെ മുന്നേറ്റ നിരയിൽ ഫെലിക്സിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൾവേട്ടയ്ക്കായി ഇറങ്ങും. പോർച്ചുഗൽ ക്യാപ്റ്റന്റെ അവസാന ലോകകപ്പാകാൻ സാധ്യതയുള്ളതിനാൽ ആരാധകർ വലിയ പ്രതീക്ഷയിലാണ് ഈ മത്സരത്തെ ഉറ്റുനോക്കുന്നത്.
അതേസമയം, വിജയവഴിയിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂവൻ്റെ തൻ്റെ ടീമിനെ കളത്തിലിറക്കുന്നത്. എന്നാൽ മുന്നേറ്റ നിരയിൽ അലക്സ് ബെയ്നയ്ക്ക് പകരം ഡാനി ഒൽമോയെയാണ് നിയോഗിച്ചിരിക്കുന്നത്. യുവതാരം ലമീൻ യമാൽ സ്പാനിഷ് മുന്നേറ്റ നിരയിൽ ആദ്യ ഇലവനിൽ തന്നെ ഇടംപിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിചയസമ്പത്തും ലമീൻ യമാലിന്റെ യുവത്വവും തമ്മിലുള്ള പോരാട്ടം കൂടിയാകും ഡാളസിൽ നടക്കാൻ പോകുന്നത്.
റൗണ്ട് ഓഫ് 32-ൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പോർച്ചുഗൽ ക്രോയേഷ്യയെ കീഴടക്കിയത്. മത്സരത്തിൻ്റെ 94-ാം മിനിറ്റിൽ ഗോൺസാലോ റാമോസ് നേടിയ ഇഞ്ചുറി ടൈം ഗോളിലൂടെയാണ് അവർ 2-1 ന് വിജയിച്ചത്. മറുഭാഗത്ത്, മികച്ച ഫോമിലുള്ള സ്പെയിൻ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. സ്ട്രൈക്കർ മൈക്കൽ ഒയാർസബാലിൻ്റെ ഇരട്ട ഗോളുകളാണ് അന്ന് സ്പെയിനിന് അനായാസ ജയം സമ്മാനിച്ചത്.
ആദ്യ ഇലവൻ
പോർച്ചുഗൽ:
ഡിയോഗോ കോസ്റ്റ (ഗോൾകീപ്പർ), ജാവോ കാൻസെലോ, റൂബൻ ഡയസ്, റെനാറ്റോ വെയ്ഗ, നുനോ മെൻഡസ്, ജാവോ നെവെസ്, ബ്രൂണോ ഫെർണാണ്ടസ്, വിറ്റിഞ്ഞ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ ഫെലിക്സ്, പെഡ്രോ നെറ്റോ.
സ്പെയിൻ:
ഉനായ് സിമോൺ (ഗോൾകീപ്പർ), പെഡ്രോ പോറോ, അയ്‌മെറിക് ലാപ്പോർട്ടെ, പൗ കുബാർസി, മാർക്ക് കുക്കുറെല്ല, പെഡ്രി, അലക്സ് ബെയ്ന, റോഡ്രി, ലാമിൻ യമാൽ, മൈക്കൽ ഒയാർസബാൽ, ഡാനി ഒൽമോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

