ദി വൈക്കിങ്‌സ് അറൈവ്ഡ്; ഇരട്ടഗോളുമായി ഹാലൻഡ്, സെനഗലിനെ വീഴ്ത്തി നോർവെ നോക്കൗട്ടിൽ
text_fieldsന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ വീഴ്ത്തി നോർവെ റൗണ്ട് ഓഫ് 32ൽ (നോക്കൗട്ട്) പ്രവേശിച്ചു. ന്യൂയോർക്ക്-ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോർവെയുടെ ജയം. സൂപ്പർ താരം എർലിംഗ് ഹാലൻഡിന്റെ ഇരട്ട ഗോളുകളാണ് (48', 58') നോർവെയ്ക്ക് ജയം സമ്മാനിച്ചത്. സെനഗലിനായി ഇസ്മായില സാറും (53', 90+3') ഇരട്ട ഗോളുകൾ നേടി അവസാന നിമിഷം വരെ പൊരുതിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. ഈ പരാജയത്തോടെ ഗ്രൂപ്പിൽ പോയിന്റൊന്നുമില്ലാത്ത സെനഗലിന്റെ ലോകകപ്പ് മോഹങ്ങൾ ഏതാണ്ട് അവസാനിച്ചു.
മത്സരത്തിന്റെ ആദ്യ പകുതി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, പകരക്കാരനായി ഇറങ്ങിയ മാർക്കസ് പെഡേഴ്സണിലൂടെയാണ് (43') നോർവെ ആദ്യം ലീഡെടുത്തത്. സെനഗൽ ക്യാപ്റ്റൻ കൗലിബാലിയുടെ പ്രതിരോധത്തിലെ പിഴവിൽ നിന്നായിരുന്നു ഈ ഗോളിന്റെ പിറവി. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്റെയും ഹാലൻഡിന്റെയും മുന്നേറ്റങ്ങളെ ആദ്യ പകുതിയിൽ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ സെനഗലിന് കഴിഞ്ഞിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ കണ്ടത് ഹാലൻഡ് എന്ന നോർവീജിയൻ വിനാശത്തെയാണ്. 48-ാം മിനിറ്റിൽ ഓഡെഗാർഡ് നൽകിയ കൃത്യതയാർന്ന പാസുമായി കുതിച്ച ഹാലൻഡ്, സെനഗൽ ഗോളി മെൻഡിയെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ലീഡ് രണ്ടായി ഉയർന്നതോടെ സെനഗൽ ആക്രമണം ശക്തമാക്കി. 53-ാം മിനിറ്റിൽ സാദിയോ മാനെയുടെ മികച്ചൊരു പാസിൽ നിന്ന് ഇസ്മായില സാർ സെനഗലിനായി ഒരു ഗോൾ മടക്കി.
ആഫ്രിക്കൻ സംഘം തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും അഞ്ച് മിനിറ്റിനുള്ളിൽ ഹാലൻഡ് വീണ്ടും അവതരിച്ചു. 58-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ വെച്ച് ലഭിച്ച പന്ത് അതിശക്തമായൊരു ഷോട്ടിലൂടെ ഹാലൻഡ് വലയുടെ മുകൾ ഭാഗത്തെത്തിച്ചു (3-1).
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+3') ഇസ്മായില സാർ വീണ്ടും വലകുലുക്കി സെനഗലിന് നേരിയ പ്രതീക്ഷ നൽകി. സമനില ഗോളിനായി അവർ പൊരുതിയെങ്കിലും നോർവീജിയൻ പ്രതിരോധം ഉറച്ചുനിന്നു. വിജയത്തോടെ നോർവെ ഫ്രാൻസിനൊപ്പം ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ചു. അടുത്ത മത്സരത്തിൽ നോർവെ ഫ്രാൻസിനെയും സെനഗൽ ഇറാഖിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

