90 മിനിറ്റ്; ദശലക്ഷം കോടി
text_fieldsസ്റ്റേഡിയത്തിലിരുന്ന് ഒരു ഫുട്ബാൾ മത്സരം കാണുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്നത് താരങ്ങളുടെ ഡ്രിബ്ലിങ്ങും ഗോളുകളും പന്തും ആരവവുമാണ്. എന്നാൽ, ഗ്രൗണ്ടിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളതെന്നോ, ഇതിനൊക്കെ എന്ത് ചെലവ് വരുമെന്നോ എത്രപേർ ചിന്തിച്ചിട്ടുണ്ട്? ടെൻഷനടിച്ച് ഇഷ്ട ടീമിന്റെ കളികാണുമ്പോൾ ഇതൊക്കെ ചിന്തിക്കാൻ നേരമുണ്ടായെന്നുവരില്ല. കേട്ടാൽ കണ്ണുതള്ളുന്ന കാര്യങ്ങളാണ് ഓരോ അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങളിലും സജ്ജമാക്കിയിട്ടുള്ളത്.
90 മിനിറ്റ് തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകാൻ സ്റ്റേഡിയത്തിന്റെ അടിയിലും മുകളിലും പ്രവർത്തിക്കുന്നത് അതിസങ്കീർണമായ എൻജിനീയറിങ് സംവിധാനങ്ങളാണ്. ഒരു സാധാരണ മൈതാനത്തെ ലോകോത്തര ഫുട്ബാൾ വേദിയാക്കി മാറ്റാൻ ഫിഫ നിശ്ചയിച്ചിരിക്കുന്ന നൂറുകണക്കിന് മാനദണ്ഡങ്ങളുണ്ട്.
ആദ്യം പിച്ച് തന്നെ എടുക്കാം. ലോകോത്തര മത്സരങ്ങളിൽ സാധാരണ ഉപയോഗിക്കുന്നത് 105 മീറ്റർ നീളവും 68 മീറ്റർ വീതിയുമുള്ള പിച്ചാണ്. പക്ഷേ കണ്ണിൽ കാണുന്നത് പച്ചപ്പുല്ല് മാത്രമാണ്. അതിനടിയിൽ മണൽ പാളികളും പ്രത്യേക ഡ്രെയിനേജ് സംവിധാനവും വെള്ളം ശേഖരിക്കുന്ന പൈപ്പുകളും അടങ്ങിയ ശാസ്ത്രീയ നിർമാണമാണ്. കനത്ത മഴ പെയ്താലും മിനിറ്റുകൾക്കകം വെള്ളം ഒഴുകിപ്പോകാൻ ഇതിലൂടെ സാധിക്കും. അതുകൊണ്ടാണ് മഴക്കിടയിലും പല അന്താരാഷ്ട്ര മത്സരങ്ങളും തടസ്സമില്ലാതെ നടക്കുന്നത്. ഇന്ന് പല പ്രശസ്ത സ്റ്റേഡിയങ്ങളിലും പ്രകൃതിദത്ത പുല്ലിനൊപ്പം കൃത്രിമ നാരുകൾ ചേർത്ത ഹൈബ്രിഡ് പിച്ചാണ് ഉപയോഗിക്കുന്നത്. കൂടുതൽ മത്സരങ്ങൾ നടന്നാലും പുല്ല് വേഗത്തിൽ നശിക്കാതിരിക്കാനും കളിക്കാർക്ക് മികച്ച ഗ്രിപ്പും പന്തിന് സ്ഥിരതയാർന്ന ചലനവും ലഭിക്കാനും ഇത് സഹായിക്കുന്നു.
ഇനി ഗാലറിയിലേക്ക്. വെറും ഇരിപ്പിടങ്ങളുടെ നിരയല്ല അത്. ഓരോ ആരാധകനും പിച്ച് വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലാണ് ഓരോ സീറ്റിന്റെയും ഉയരവും കോണും കണക്കാക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ആയിരക്കണക്കിന് ആളുകളെ ഏതാനും മിനിറ്റുകൾക്കുള്ളിൽ സുരക്ഷിതമായി പുറത്തേക്ക് എത്തിക്കാൻ പ്രത്യേക എമർജൻസി എക്സിറ്റുകളും വിശാലമായ വഴികളും ഒരുക്കിയിരിക്കും. ഭിന്നശേഷിക്കാർക്ക് പ്രത്യേക പ്രവേശനവും സീറ്റുകളും ലോകോത്തര സ്റ്റേഡിയങ്ങളുടെ അവിഭാജ്യ ഘടകമാണ്.
കളിക്കാർക്കുള്ള സൗകര്യങ്ങളും അത്രതന്നെ ആധുനികമാണ്. വിശാലമായ ഡ്രസ്സിങ് റൂമുകൾ, ഐസ് ബാത്ത്, ഫിസിയോതെറപ്പി മേഖല, മെഡിക്കൽ റൂം, ഡോപ്പിങ് പരിശോധനക്കുള്ള പ്രത്യേക മുറി തുടങ്ങി മത്സരത്തിന് മുമ്പും ശേഷവും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരേ സമുച്ചയത്തിനുള്ളിൽ ഒരുക്കിയിരിക്കും.
ടെലിവിഷനിൽ മത്സരം ലൈവായി കാണാൻ ഫ്ലഡ് ലൈറ്റുകളും നിർണായകമാണ്. വെളിച്ചം ഒരേപോലെ പിച്ചിൽ പതിക്കാനും കാമറകൾക്ക് നിഴൽ ഇല്ലാതെ ദൃശ്യങ്ങൾ പകർത്താനും പ്രത്യേക കണക്കുകൂട്ടലോടെയാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. സ്റ്റേഡിയത്തിന്റെ ദിശപോലും സൂര്യപ്രകാശം കളിക്കാരുടെ കണ്ണിലേക്ക് നേരിട്ട് പതിക്കാതിരിക്കാൻ ശാസ്ത്രീയമായി തീരുമാനിക്കപ്പെടുന്നു.
ഇതെന്തൊരു പുല്ലാ!
പന്ത് പുറത്തുപോകാതിരിക്കാൻ പുല്ല് വെട്ടുന്ന രീതിക്കും കണക്കുണ്ട്. പുല്ല് ഒരേ ദിശയിൽ മാത്രമല്ല വെട്ടുന്നത്. വ്യത്യസ്ത ദിശകളിൽ റോൾ ചെയ്യുന്നതിനാലാണ് ടി.വിയിൽ ഇളം-കടും പച്ച വരകൾ കാണുന്നത്. പുല്ലിന്റെ ഉയരത്തിനും മാനദണ്ഡമുണ്ട്. സാധാരണയായി 20-30 മില്ലീമീറ്റർ ഉയരത്തിലാണ് പുല്ല് പരിപാലിക്കുന്നത്. പന്തിന്റെ വേഗവും ചലനവും ഇതിനെ ആശ്രയിച്ചിരിക്കുന്നു. ഇത് അലങ്കാരത്തിന് മാത്രമല്ല, ലൈൻ ജഡ്ജിമാർക്കും കാമറകൾക്കും സഹായകമാണ്.
പിച്ച് ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യും. പിച്ച് വെറും പുല്ലല്ല. ചില സ്റ്റേഡിയങ്ങളിൽ മുഴുവൻ പിച്ച് തന്നെ ട്രാക്കുകളിലൂടെ പുറത്തേക്ക് നീക്കാൻ കഴിയും. ചില രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളിൽ പ്രാവുകളെയും മറ്റ് പക്ഷികളെയും അകറ്റാൻ പരിശീലനം ലഭിച്ച പരുന്തുകളെ ഉപയോഗിക്കുന്ന പതിവുണ്ട്. മഞ്ഞുവീഴ്ചയുള്ള രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളിൽ പിച്ചിനടിയിൽ ചൂടുവെള്ള പൈപ്പുകളോ ഹീറ്റിങ് സംവിധാനമോ ഉണ്ടാകും. ചില ചൂടുള്ള രാജ്യങ്ങളിൽ പുല്ലിന്റെ ഗുണനിലവാരം നിലനിർത്താൻ കൂളിങ് സംവിധാനവും ഉപയോഗിക്കുന്നു. ഗോൾപോസ്റ്റും കൃത്യമായി പരിശോധിക്കും. ഒരു ഗോൾപോസ്റ്റിന്റെ അളവിൽ ചെറിയ വ്യത്യാസം പോലും അനുവദിക്കില്ല. മത്സരത്തിനുമുമ്പ് റഫറിമാർ ഗോൾപോസ്റ്റിന്റെ ഉയരവും വീതിയും വലയുടെ ഉറപ്പും പരിശോധിക്കും.
സകലതും ഒപ്പിയെടുത്ത കാമറകൾ
സ്റ്റേഡിയത്തിൽ നൂറുകണക്കിന് കാമറകൾ പ്രവർത്തിക്കും. ടെലിവിഷൻ കാമറകൾ മാത്രമല്ല, സുരക്ഷാ കാമറകൾ, വാർ-VAR- കാമറകൾ, ഓഫ്‌സൈഡ് സാങ്കേതികവിദ്യക്കുള്ള പ്രത്യേക കാമറകൾ എന്നിവയും ഒരേസമയം പ്രവർത്തിക്കുന്നു. VARന് പ്രത്യേക നിയന്ത്രണ മുറിയുണ്ട്. വിഡിയോ അസിസ്റ്റന്റ് റഫറി സാധാരണ ഗാലറിയിൽ ഇരിക്കില്ല. സ്റ്റേഡിയത്തിനുള്ളിലോ പുറത്തോ ഉള്ള പ്രത്യേക വിഡിയോ ഓപറേഷൻ റൂമിൽ നിന്നാണ് എല്ലാ ദൃശ്യങ്ങളും പരിശോധിക്കുന്നത്.
ഒരു ചെറു നഗരം
സ്റ്റേഡിയം ഒരു ചെറിയ നഗരമാണ് എന്നുതന്നെ പറയാം. ലോകകപ്പ് വേദികളിൽ ആയിരക്കണക്കിന് ജീവനക്കാരാണ് ഒരേസമയം ജോലി ചെയ്യുന്നത്. സുരക്ഷ, മെഡിക്കൽ, ബ്രോഡ്കാസ്റ്റ്, ഗ്രൗണ്ട് സ്റ്റാഫ്, ശുചീകരണം, വൈദ്യുതി, ഭക്ഷണം തുടങ്ങി നൂറുകണക്കിന് വിഭാഗങ്ങളുണ്ട്. സ്റ്റേഡിയത്തിന്റെ മേൽക്കൂര ശബ്ദം വർധിപ്പിക്കും. പല ആധുനിക സ്റ്റേഡിയങ്ങളുടെയും മേൽക്കൂര രൂപകൽപന ചെയ്യുന്നത് ആരാധകരുടെ ആർപ്പുവിളി പിച്ചിലേക്ക് പ്രതിഫലിക്കുന്ന രീതിയിലാണ്. അതുകൊണ്ടാണ് ചില സ്റ്റേഡിയങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ ശബ്ദമുള്ളതായി അനുഭവപ്പെടുന്നത്.
സ്റ്റേഡിയത്തിലെ കണ്ണുകൾ
ലോകകപ്പ് മത്സരം കണ്ടപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ? ഗാലറിയിലേക്ക് കാമറ തിരിയുമ്പോൾ ഗ്രൗണ്ടിന് പുറംതിരിഞ്ഞ് ഗാലറിയിലേക്ക് മാത്രം നോക്കി നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കാണാം. ഗോൾ വീണ് സ്റ്റേഡിയം മുഴുവൻ ആർത്തുവിളിക്കുമ്പോഴും അവർ ഒരിക്കൽപ്പോലും കളിയിലേക്ക് കണ്ണോടിക്കാറില്ല. ഇവരാണ് സ്റ്റേഡിയം സ്റ്റീവാർഡുമാർ. ആതിഥേയ രാജ്യവും സ്റ്റേഡിയം അധികൃതരും പ്രത്യേക പരിശീലനം നൽകി നിയോഗിക്കുന്ന ഇവർ, ഫിഫയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. കളി കാണുകയല്ല, കാണികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇവരുടെ പ്രധാന ദൗത്യം. ഗ്രൗണ്ടിലേക്ക് ആരെങ്കിലും അതിക്രമിച്ച് കയറുന്നുണ്ടോ, ഗാലറിയിൽ തിക്കിലും തിരക്കിലും അപകടസാധ്യതയുണ്ടോ, കാണികൾക്ക് സഹായം ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവർ നിരന്തരം നിരീക്ഷിക്കുന്നത്.
സ്റ്റീവാർഡുമാർക്ക് പുറമെ പ്രാദേശിക പൊലീസും, നൂറുകണക്കിന് ഹൈ-ഡെഫിനിഷൻ സി.സി ടി.വി കാമറകളും, കൺട്രോൾ റൂമിൽ പ്രവർത്തിക്കുന്ന സുരക്ഷാ സംഘവും ഒരേസമയം സ്റ്റേഡിയം നിരീക്ഷിക്കും. സംശയാസ്പദ സാഹചര്യം കണ്ടെത്തിയാൽ നിമിഷങ്ങൾക്കകം സ്റ്റീവാർഡുമാർക്ക് വിവരം കൈമാറും.
ഗോൾ വീഴുന്ന നിമിഷമാണ് സ്റ്റീവാർഡുമാർക്ക് ഏറ്റവും തിരക്കേറിയ സമയം. ആരാധകരുടെ ആവേശം അതിര് കടക്കാതിരിക്കാനായി, അവർ ഗാലറിയിലെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും.
കളിക്കപ്പുറത്തെ അദൃശ്യ നായകർ
ഒരു ഫുട്ബാൾ മത്സരം കഴിഞ്ഞ് കാണികൾ മടങ്ങിയാലും സ്റ്റേഡിയത്തിൽ ജോലി അവസാനിക്കില്ല. അടുത്ത മത്സരത്തിനായി പിച്ചും സ്റ്റേഡിയവും ഒരുക്കുന്ന വലിയൊരു സാങ്കേതിക സംഘത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചുതുടങ്ങും. ഗ്രൗണ്ട്സ് സ്റ്റാഫ്, ഗ്രീൻ കീപ്പർമാർ, എൻജിനീയർമാർ, വൈദ്യുതി-മെക്കാനിക്കൽ സാങ്കേതിക വിദഗ്ധർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരാണ് വർഷം മുഴുവൻ സ്റ്റേഡിയം സജീവമായി നിലനിർത്തുന്നത്.
മത്സര ദിനങ്ങളിൽ പിച്ചിന്റെ ഗുണനിലവാരം നിരന്തരം പരിശോധിക്കുക, പുല്ലിന്റെ ഉയരവും ഈർപ്പവും നിയന്ത്രിക്കുക, ജലസേചന സംവിധാനം ക്രമീകരിക്കുക, ലൈറ്റിങ്, ശബ്ദസംവിധാനം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
മത്സരങ്ങളില്ലാത്ത ദിവസങ്ങളിലാണ് കൂടുതൽ വലിയ ജോലികൾ നടക്കുന്നത്. പിച്ചിന്റെ കേടുപാടുകൾ പരിഹരിക്കൽ, ആവശ്യമായാൽ പുല്ല് മാറ്റി പുതിയത് സ്ഥാപിക്കൽ, ഡ്രെയിനേജ് സംവിധാനം നവീകരിക്കൽ, സീറ്റുകൾ, മേൽക്കൂര, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഈ സമയത്താണ് പൂർത്തിയാക്കുന്നത്. പല സ്റ്റേഡിയങ്ങളിലും അടുത്ത സീസണിലേക്കുള്ള നവീകരണ പ്രവർത്തനങ്ങളും ഓഫ് സീസണിൽ തന്നെ നടക്കും.
ആധുനിക സ്റ്റേഡിയങ്ങളിൽ പിച്ചിന്റെ ആരോഗ്യം നിലനിർത്താൻ ഈർപ്പവും താപനിലയും അളക്കുന്ന സെൻസറുകൾ, കൃത്യമായ ജലസേചന സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നു. ടെലിവിഷനിൽ കാണുന്ന മനോഹരമായ പച്ചപ്പ്, നമ്മുടെ കാഴ്ചയിൽപ്പെടാതെ അധ്വാനിക്കുന്ന ഈ ‘ഗ്രീൻ കീപ്പർമാരുടെയും’ സാങ്കേതിക സംഘത്തിന്റെയും കഠിനാധ്വാന ഫലമാണ്.
ഇനി ഒരു അന്താരാഷ്ട്ര മത്സരം കാണുമ്പോൾ, പന്തിന് പിന്നാലെ ഓടുന്ന താരങ്ങളെയും ഗോളിയെയും റഫറിയെയും മാത്രമല്ല, അവരുടെ പിന്നിൽ പ്രവർത്തിക്കുന്ന ലോകോത്തര എൻജിനീയറിങ്ങിനെയും ഓർക്കുക. കാരണം ഒരു മികച്ച ഫുട്ബാൾ മത്സരം സൃഷ്ടിക്കുന്നത് താരങ്ങൾ മാത്രമല്ല; കാണികൾ ഒരിക്കലും കാണാത്ത ആയിരക്കണക്കിന് മണിക്കൂറുകളുടെ ശാസ്ത്രവും പണിക്കാരും സാങ്കേതികവിദ്യയും കൂടിയാണ് ഓരോ സ്‌റ്റേഡിയങ്ങളും. എത്ര ദശലക്ഷം കോടികളാണ് ഒരു സ്‌റ്റേഡിയത്തിൽ മാത്രം മുടക്കിയിരിക്കുന്നതെന്ന കാര്യം പോലും കണ്ണു തള്ളിക്കുമെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ!
ചൂടിനെ തോൽപിച്ച മൂന്ന് സ്റ്റേഡിയങ്ങൾ
ലോകകപ്പ് നടന്ന 16 സ്റ്റേഡിയങ്ങളിൽ (അമേരിക്ക–11, മെക്സികോ–3, കാനഡ–2) പൂർണമായും എയർ കണ്ടീഷൻ ചെയ്ത് ക്ലൈമറ്റ് നിയന്ത്രിക്കാൻ കഴിഞ്ഞത് അമേരിക്കയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ്. മത്സരസമയത്ത് പൂർണമായും അടച്ച് എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയത്.
അറ്റ് ലാന്റയിലെ മെഴ്‌സിഡസ്-ബെൻസ് സ്റ്റേഡിയം
കാമറയുടെ ഐറിസിനെ അനുസ്മരിപ്പിക്കുന്ന ‘പിൻ-വീൽ’ ശൈലിയിലുള്ള റിട്രാക്റ്റബിൾ മേൽക്കൂരയാണ് ഇവിടെ ഉപയോഗിച്ചത്. മേൽക്കൂര അടച്ചാൽ സ്റ്റേഡിയത്തിനുള്ളിലെ താപനില പൂർണമായും നിയന്ത്രിക്കാനാകുന്ന രീതിയിലായിരുന്നു സജ്ജീകരണം.
ടെക്സസിലെ എടി ആൻഡ് ടി സ്റ്റേഡിയം (ഡാളസ്)
അതിശക്തമായ എയർ കണ്ടീഷനിങ് സംവിധാനമുള്ള മറ്റൊരു വേദിയായിരുന്നു ഇത്. പുറത്ത് കടുത്ത ചൂടായാലും മേൽക്കൂര അടച്ച് മത്സരം സുഖപ്രദമായ അന്തരീക്ഷത്തിൽ നടത്താൻ കഴിയുന്ന സജ്ജീകരണം.
ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയം
പൂർണമായി അടക്കാവുന്ന മേൽക്കൂരയും ശക്തമായ ശീതീകരണ സംവിധാനവും ഈ സ്റ്റേഡിയത്തെ ചൂടുകാല മത്സരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വേദികളിലൊന്നാക്കി മാറ്റി. മറ്റ് സ്റ്റേഡിയങ്ങൾ ഓപൺ-എയർ, ഭാഗിക മേൽക്കൂര, അല്ലെങ്കിൽ പൂർണമായി സീൽ ചെയ്യാൻ കഴിയാത്തവയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

