Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പോയി മൃഗശാലയിൽ ഇരുന്ന് കരയ്’; ഐഷോസ്പീഡിന് നേരെ വംശീയ അധിക്ഷേപം, കടുത്ത നടപടിയുമായി ഫിഫ

text_fields
bookmark_border
IShowSpeed
cancel
camera_alt

ഐഷോസ്പീഡ്

വാഷിങ്ടൺ: അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിനിടെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഐഷോസ്പീഡിന് നേരെ വംശീയ അധിക്ഷേപം ഉണ്ടായ സംഭവത്തെ ശക്തമായി അപലപിച്ച് ഫിഫ കായികരംഗത്തോ സാമൂഹിക മാധ്യമങ്ങളിലോ വംശീയതക്കോ വിദ്വേഷത്തിനോ യാതൊരു സ്ഥാനവുമില്ലെന്ന് വ്യക്തമാക്കിയ ഫിഫ, സംഭവത്തിൽ അടിയന്തരമായി അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ മയാമി സ്റ്റേഡിയത്തിൽ നടന്ന അർജന്റീനയും കേപ് വെർഡെയും തമ്മിലുള്ള പ്രീ-ക്വാർട്ടർ മത്സരത്തിനിടെയായിരുന്നു ഈ സംഭവം.

യഥാർത്ഥ പേര് ഡാരൻ വാട്കിൻസ് ജൂനിയർ എന്നായ 'ഐഷോസ്പീഡ്', ഫിഫ, അമേരിക്കൻ ചാനലായ ഫോക്സ് സ്പോർട്സ്, യൂട്യൂബ് എന്നിവയുമായുള്ള പ്രത്യേക കരാറിന്റെ ഭാഗമായാണ് ലോകകപ്പ് വേദികളിൽ നേരിട്ടെത്തി മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഒഫീഷ്യൽ മാച്ച് ഫീഡ് ഉൾപ്പെടെ റീ-സ്ട്രീം ചെയ്യാനുള്ള അനുമതിയും താരത്തിനുണ്ട്.

മയാമിയിൽ വെച്ച് നടന്ന അർജന്റീന-കേപ് വെർഡെ മത്സരത്തിനിടെ ലക്ഷക്കണക്കിന് ആളുകൾ ലൈവ് കണ്ടുകൊണ്ടിരിക്കെയാണ് നാടകീയമായ ആ സംഭവം അരങ്ങേറിയത്. ഗാലറിയുടെ റെയിലിങ്ങിൽ ചാരിനിന്ന് തന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ച ഒരു വനിതാ ആരാധികക്ക് നേരെ സ്പീഡ് തിരിഞ്ഞു. അവർ എന്താണ് പറയുന്നതെന്ന് സ്പീഡ് ചോദിച്ചപ്പോഴാണ്, ആ സ്ത്രീ സ്പാനിഷ് ഭാഷയിൽ സ്പീഡിന് നേരെ പോയി മൃഗശാലയിൽ ഇരുന്ന് കരയ് എന്ന് അധിക്ഷേപ രൂപത്തിൽ ആക്രോശിച്ചത്. കറുത്തവർഗ്ഗക്കാരനായ താരത്തിന് നേരെ നടത്തിയ ഈ മൃഗശാലാ പരാമർശം കടുത്ത വംശീയ അധിക്ഷേപമായാണ് വിലയിരുത്തപ്പെട്ടത്.

ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഫിഫ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ‘വംശീയത, വിദ്വേഷം, വിവേചനം എന്നിവയെ ഫിഫ അതിന്റെ എല്ലാ രൂപത്തിലും ശക്തമായി അപലപിക്കുന്നു. 2026 ജൂലൈ 3ന് മയാമി സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-കേപ് വെർഡെ മത്സരത്തിനിടെ ഒരു കാണിയും ഐഷോസ്പീഡും തമ്മിലുണ്ടായ വംശീയ അധിക്ഷേപത്തെക്കുറിച്ച് ഫിഫക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്മേൽ ഉടനടി ഒരു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പ് എന്നത് ഐക്യം, വൈവിധ്യം, പരസ്പര ബഹുമാനം എന്നിവയുടെ ആഘോഷമാണെന്നും ഈ മൂല്യങ്ങളെ തകർക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ആരെയും ഫിഫ സ്വാഗതം ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾക്കിടയിലും യുവാക്കൾക്കിടയിലും കടുത്ത സ്വാധീനമുള്ള വ്യക്തിയാണ് ഐഷോസ്പീഡ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 15 കോടിയിലധികം ഫോളോവേഴ്‌സ് ആണ് ഈ യുവ സെലിബ്രിറ്റിക്കുള്ളത്. ഈ വലിയ ജനപ്രീതി കാരണം അദ്ദേഹം എത്തുന്ന ലോകകപ്പ് സ്റ്റേഡിയങ്ങളിലെല്ലാം വൻ ജനക്കൂട്ടമാണ് തടിച്ചുകൂടുന്നത്. കഴിഞ്ഞ മാസം ന്യൂജേഴ്‌സിയിൽ നടന്ന ഒരു ലോകകപ്പ് മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയ സ്പീഡിനെ ആരാധകർ വളഞ്ഞിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ സ്പീഡിന് നേരെ നടന്ന ഈ വംശീയ അധിക്ഷേപത്തിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാരിക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും സ്റ്റേഡിയങ്ങളിൽ വിലക്ക് ഏർപ്പെടുത്തണമെന്നുമാണ് കായിക പ്രേമികളുടെ ആവശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FIFA Condemns Racist Abuse Against IShowSpeed
Next Story