യൂറോ ഡെർബി; ക്വാർട്ടറിൽ ഇന്ന് മുൻ ജേതാക്കളായ സ്പെയിൻ ബെൽജിയത്തെ നേരിടും
text_fieldsലോസ് ആഞ്ജലസ്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ കരുത്തരുടെ തീപാറും പോരാട്ടത്തിന് ലോസ് ആഞ്ജലസിലെ സോഫി സ്റ്റേഡിയം വേദിയാകും. ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മുൻ ജേതാക്കളായ സ്പെയിൻ പോരാളികളായ ബെൽജിയത്തെ നേരിടും. ഓരോ കളി കഴിയുമ്പോഴും മൂർച്ചകൂട്ടി, രാകി മിനുക്കിയ ടീമാണ് സ്പെയിനും ബെൽജിയവും. പ്രാഥമിക റൗണ്ടുകളിൽ വമ്പൻ തിരിച്ചുവരവുകളിലുടെ മുന്നേറിയ ബെൽജിയം, പ്രീക്വാർട്ടറിൽ ആതിഥേയരായ യു.എസ്.എയെ 4-1ന് പൊളിച്ചടുക്കിയാണ് അവസാന എട്ടിലെത്തിയത്.
അമേരിക്കൻ ഫോർവേഡ് ഫൊലാരിൻ ബളോഗന്റെ ചുവപ്പുകാർഡ് ശിക്ഷ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ സ്വാധീനത്താൽ റദ്ദാക്കിയ ഫിഫയുടെ നെഞ്ചിലുമാണ് ബെൽജിയത്തിന്റെ കഴിഞ്ഞ കളിയിലെ നാല് ഗോളുകൾ പതിച്ചത്. ബുധനാഴ്ച പരിശീലന മൈതാനത്തിന്റെ കാര്യത്തിലും ബെൽജിയത്തിന് പരാതിയുണ്ടായിരുന്നു. ലൊയോള മേരിമൗണ്ട് സർവകലാശാലയിലെ മൈതാനത്തെ സൗകര്യങ്ങളിൽ അതൃപ്തി തുറന്നുപറഞ്ഞതിനെ തുടർന്ന് എൽ.എ ഗാലക്സിയുടെ ഗ്രൗണ്ടിലേക്ക് ബെൽജിയത്തിന്റെ പരിശീലനം മാറ്റിയിരുന്നു.
ക്വാർട്ടർ ഫൈനലിൽ ‘ചുവന്ന ചെകുത്താന്മാരുടെ’ എതിരാളികൾ അതിശക്തരാണ്. ഈ ലോകകപ്പിൽ ഗോൾ വഴങ്ങാതെയാണ് സ്പാനിഷ് സംഘത്തിന്റെ കുതിപ്പ്. 35 കളികളിൽ തോൽവിയറിയാതെയാണ് ലൂയി ഫുയന്റയുടെ ടീം കുതിക്കുന്നത്. എന്നാൽ, 2018ൽ റഷ്യൻ ലോകകപ്പിൽ ബ്രസീലിനെ തോൽപിച്ചതുപോലെ ബെൽജിയം ക്വാർട്ടറിൽ തിളങ്ങുമെന്നാണ് അന്നും ഇന്നും വലകാക്കുന്ന തിബോ കോർട്ടുവ പറയുന്നത്. മറ്റൊരു സീനിയർ താരമായ കെവിൻ ഡിബ്രൂയിൻ ഒരു മത്സരത്തിന്റെ ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തും.
നാല് ഗോളുകളുമായി സൂപ്പർ സബ് ആയി തിളങ്ങുന്ന പരിചയ സമ്പന്നൻ റൊമേലു ലുകാക്കു ആദ്യ ഇലവനിലെത്താനും സാധ്യത ഏറെയാണ്. പ്രീക്വാർട്ടറിൽ കാലിന് പരിക്കേറ്റ മിഡ്ഫീൽഡർ അമാദൗ ഒനാന കളിക്കില്ല. 4-2-3-1 ഫോർമേഷനിലാകും കോച്ച് റൂഡി ഗാർഷ്യ ടീമിനെ ഇറക്കുക.
4-3-3 രീതിയിൽ സ്പെയിൻ കളിക്കുമ്പോൾ കഴിഞ്ഞ കളിയിലെ ആദ്യ ഇലവനിൽ നിന്ന് മാറ്റങ്ങളുണ്ടാകില്ല. റോഡ്രി, പെഡ്രി, ഡാനി ഒൾമോ എന്നിവരടങ്ങിയ മധ്യനിര ഫോം തുടർന്നാൽ ലാമിൻ യമാലും അലക്സ് ബയേനയും ഇരുവിങ്ങുകളിലും അപകടകാരികളാകും. മുന്നേറ്റത്തിൽ മൈക്കൽ ഒയർബാളിന്റെ ഷാർപ്പ് ഷൂട്ടുകളാണ് മറ്റൊരു പ്രതീക്ഷ. പകരക്കാരും കരുത്തു കാട്ടി.
പ്രീക്വാർട്ടറിൽ അവസാന നിമിഷം പോർചുഗലിനെതിരെ ഗോളടിച്ച മൈക്കൽ മെറിനോയും അസിസ്റ്റ് ചെയ്ത ഫെറാൻ ടോറസും പകരക്കാരായി വന്നതായിരുന്നു. ഖത്തറിൽ പ്രീക്വാർട്ടറിൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്തായ ശേഷം പരിശീലക സ്ഥാനമേറ്റെടുത്ത ഫുയന്റെ സ്പെയിനിനെ ഗംഭീര കളിസംഘമായി മാറ്റിയിരുന്നു. 2023ലെ നാഷനസ് ലീഗും 24ലെ യൂറോ കപ്പും പിന്നീട് നാഷൻസ് ലീഗ് ഫൈനലുമടക്കമുള്ള നേട്ടങ്ങൾ ഫുയന്റെയുടെ കുട്ടികൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

