ഇംഗ്ലണ്ടിന് ഇന്ന് ആഫ്രിക്കൻ വെല്ലുവിളി
text_fieldsഅറ്റ്ലാന്റ: ആറു പതിറ്റാണ്ടായി ലോകകപ്പിൽ തുടരുന്ന കിരീട വരൾച്ചക്ക് അന്ത്യം കുറിക്കാൻ പുറപ്പെട്ട ഇംഗ്ലണ്ടിന് നോക്കൗട്ടിലെ ആദ്യ പരീക്ഷയിൽ ആഫ്രിക്കൻ വെല്ലുവിളി. ഗ്രൂപ് റൗണ്ടിൽ മിന്നും ജയങ്ങളും, ഗോൾ ഫെസ്റ്റുമായി കുതിച്ച ഇംഗ്ലീഷുകാർക്ക് ഡി.ആർ കോംഗോയാണ് എതിരാളി. കളത്തിലും താരത്തിളക്കത്തിലും ഇംഗ്ലണ്ടാണ് സമ്പന്നമെങ്കിലും, പോർചുഗൽ ഉൾപ്പെടെ വമ്പന്മാരെ തളച്ച് നോക്കൗട്ടിലെത്തിയ കോംഗോയെ എഴുതിത്തള്ളാനാവില്ല.
ഗ്രൂപ് ‘കെ’യിൽ പോർചുഗലിനെ 1-1ന് സമനിലയിൽ കുരുക്കുകയും, ഉസ്ബകിസ്താനെ 3-1ന് തോൽപിക്കുകയും ചെയ്ത കോംഗോ കൊളംബിയക്ക് മുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ഇംഗ്ലണ്ടാവട്ടെ, കരുത്തരായ ക്രൊയേഷ്യനെ 4-2നും, പാനമയെ 2-0ത്തിനും തോൽപിച്ചാണ് ഗ്രൂപ് ‘എൽ’ ജേതാക്കളായത്. അതേസമയം ഘാനയോട് സമനിലയും വഴങ്ങി.
ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, റാഷ്ഫോഡ് തുടങ്ങിയ താരങ്ങൾ സ്കോറിങ് മികവുമായി റൗണ്ട് മത്സരത്തിൽ തന്നെ പട്ടികയിൽ പേരെഴുതിച്ചേർത്തിരുന്നു. ഇവർക്കൊപ്പം ബുകായോ സാകയും, മധ്യനിരയിൽ ഡെക്ലൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ സംഘം കൂടി ചേരുന്നതോടെ ഇംഗ്ലീഷ് മുന്നേറ്റത്തിന് ഇരട്ടി മൂർച്ചയേറും. പ്രതിരോധവും ശക്തം. വിങ്ങുകൾ ചടുലമാക്കി ഇംഗ്ലണ്ട് നടത്തുന്ന മുന്നേറ്റത്തിന് മുന്നിൽ കോംഗോ തീർക്കുന്ന പ്രതിരോധമാവും മത്സരത്തിന്റെ വിധി നിർണയിക്കുന്നത്.
സെന്റർബാക്ക് ചാൻസൽ എംബെംപയും, ഗോളി ലയണൽ പാസിയും മിന്നും ഫോമിലാണ്. മുന്നേറ്റത്തിൽ യോൻ വിസയും, സെഡ്രിക് ബകാംബുവും ഏത് ശക്തരിലും ഭീതി വിതക്കാൻ ശേഷിയുള്ള ആക്രമണത്തിന് കരുത്തുള്ളവർ. ഒരു കൗണ്ടർ മുന്നേറ്റത്തിലോ, സെറ്റ് പീസിലോ പിറക്കുന്ന ഗോളുകൾ മത്സരത്തിന്റെ ബ്ലൂ പ്രിന്റ് തന്നെ മാറ്റിയെഴുതിയേക്കാം. ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖമെത്തുന്നതെന്ന സവിശേഷതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

