അർജന്റീന താരത്തെ തലയ്ക്കടിച്ച് ഇംഗ്ലീഷ് സൂപ്പർതാരം ബെല്ലിങ്ഹാം, വിഡിയോ
text_fieldsഅറ്റ്ലാന്റ: അർജന്റീനക്കെതിരായ ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് പിന്നാലെ സമനില തെറ്റി ഇംഗ്ലണ്ട് സൂപ്പർതാരം ജൂഡ് ബെല്ലിങ്ഹാം. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബെല്ലിങ്ഹാമിന് പക്ഷേ അർജന്റീനക്കെതിരെ തിളങ്ങാനായിരുന്നില്ല.
അവസാന ഏഴ് മിനിറ്റിനുള്ളിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടിനെസും ഗോളുകൾ നേടിയതോടെ ഇംഗ്ലണ്ടിന്റെ ഫൈനൽ മോഹങ്ങൾ പൊലിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബെല്ലിങ്ഹാം നിയന്ത്രണം വിട്ട് പെരുമാറിയത്.
അർജന്റീനയുടെ വിജയ ആഘോഷങ്ങൾക്കിടെ അർജന്റീനൻ താരം വാലന്റൈൻ ബാർക്കോയുടെ തലയ്ക്കടിക്കുന്ന ബെല്ലിങ്ഹാമിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരം അവസാനിച്ചെന്ന റഫറിയുടെ വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
തോൽവിയുടെ നിരാശയിൽ ഗ്രൗണ്ടിൽ ഒറ്റയ്ക്ക് നിന്നിരുന്ന ബെല്ലിങ്ഹാമിനെ ആദ്യം ഒരു അർജന്റീനൻ താരം ആശ്വസിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ബാർക്കോ തന്റെ സഹതാരങ്ങൾക്കൊപ്പം ഗ്രൂപ്പ് ഹഗ്ഗിനും ആഘോഷങ്ങൾക്കുമായി എത്തിയത്.
ഇതിനിടെ ബാർക്കോ ബെല്ലിങ്ഹാമിനോട് എന്തോ പറയുന്നതായി കാണാം. ഇതോടെ പ്രകോപിതനായ ബെല്ലിങ്ഹാം ബാർക്കോയുടെ തലയ്ക്കടിക്കുകയായിരുന്നു. ബാർക്കോ തിരിച്ച് തള്ളിയതോടെ രംഗം വഷളായി. ഉടൻ തന്നെ മറ്റ് താരങ്ങൾ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റിയതിനാലാണ് വലിയൊരു സംഘർഷം ഒഴിവായത്. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ആറ് ഗോളുകൾ നേടിയ താരമാണ് ബെല്ലിങ്ഹാം.
തങ്ങൾക്കും ടീമിനും ആരാധകർക്കും ഇതൊരു വളരെ ദുഃഖകരമായ ദിവസമാണെന്ന് മത്സരശേഷം റയൽ മാഡ്രിഡ് താരം കൂടിയായ ബെല്ലിങ്ഹാം പ്രതികരിച്ചു. "ഞങ്ങൾ നന്നായി കളിച്ചു, അവസാനം വരെ പൊരുതി, പക്ഷേ അതൊന്നും മതിയായിരുന്നില്ല"- ബെല്ലിങ്ഹാം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ തീർത്തും പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേലിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമുയരുന്നുണ്ട്. എന്നാൽ തന്റെ തീരുമാനങ്ങളെ അദ്ദേഹം ന്യായീകരിച്ചു. തോറ്റതുകൊണ്ടാണ് വിമർശനങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
"കഴിഞ്ഞ മത്സരങ്ങളിലും ഞാൻ അറ്റാക്കിങ് സബ്‌സ്റ്റിറ്റ്യൂഷനുകൾ നടത്തിയിരുന്നു, കളിക്കാരെ സഹായിക്കാൻ മാത്രമാണ് ഞങ്ങൾ ശ്രമിച്ചത്. ഗോൾ വഴങ്ങിയതിന് പിന്നാലെ ഞങ്ങളുടെ പ്രതിരോധത്തിൽ വലിയ വിടവുകൾ രൂപപ്പെട്ടിരുന്നു. അതിനാൽ അഞ്ച് പ്രതിരോധനിര താരങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഞങ്ങളുടെ ഗോളിന് തൊട്ടുപിന്നാലെ, മാറ്റങ്ങളൊന്നും വരുത്താതെ തന്നെ, നിരവധി ക്രോസുകളും അവസരങ്ങളും ഞങ്ങൾ വഴങ്ങിയിരുന്നു. അതുകൊണ്ടാണ് പ്രതിരോധം ശക്തമാക്കാൻ ശ്രമിച്ചത്. തീർച്ചയായും ഇതിന്റെ ഉത്തരവാദിത്തം പരിശീലകനെന്ന നിലയിൽ എനിക്കാണ്. കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ലെങ്കിൽ തെറ്റ് ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ്"- ടുഷേൽ വ്യക്തമാക്കി.
ശനിയാഴ്ച നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

