Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോൾമഴ പെയ്ത ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

text_fields
bookmark_border
ഗോൾമഴ പെയ്ത ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം
cancel

മയാമി: മുറിവേറ്റ സിംഹത്തിന്റെ ശൗര്യമുണ്ടായിരുന്നു 90 മിനിറ്റ് പോരാട്ടത്തിന്. വിടരുംമുമ്പേ ഞെട്ടറ്റുപോയ കിരീട സ്വപ്നങ്ങളുടെ വേദനയിൽ നീറിയ തോറ്റവർ മൂന്നാം സ്ഥാനത്തിനായി മുഖാമുഖമെത്തിയപ്പോൾ മയാമി ഗാർഡൻസിലെ ഹാർഡ് റോക് സ്റ്റേഡിയത്തിൽ ഗോളിന്റെ പെരുമഴ പെയ്തിറങ്ങി. മോഹഭംഗത്തിൽ കലിതുള്ളിയ ഇംഗ്ലണ്ടും ഫ്രാൻസും മൈതാനത്ത് തിമിർത്താടിയപ്പോൾ രണ്ട് പകുതികളിലായി വലയിലേക്ക് അടിച്ചു കയറ്റിയത് പത്ത് ഗോളുകൾ. ഇംഗ്ലണ്ടിന്റെ ബുകായോ സാക ഹാട്രിക് ഗോളും ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇരട്ട ഗോളും നേടി. മത്സരത്തിൽ ഇംഗ്ലണ്ട് 6-4ന്റെ ജയവുമായി അമേരിക്കൻ വൻകരകളുടെ ലോകകപ്പ് ഉത്സവത്തിൽ മൂന്നാം സ്ഥാനക്കാരുടെ പട്ടം അണിഞ്ഞു.

48 ടീമുകളുടെ പോരാട്ടമായ ലോകകപ്പിൽ ഏറ്റവും മികച്ച ദൃശ്യവിരുന്നൊരുക്കിയായിരുന്നു ഫ്രാൻസും-ഇംഗ്ലണ്ടും കളം വിട്ടത്. ടീം ലൈനപ്പ് മുതൽ കളി ശൈലിവരെ ഇരുവരും അടിമുടി മാറ്റിമറിച്ചപ്പോൾ കഴിഞ്ഞ 45 വർഷത്തിനിടയിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരമായും രേഖപ്പെടുത്തപ്പെട്ടു. 1982ൽ എൽസാൽവദോർ-ഹംഗറി മത്സരത്തിനു ശേഷം (10-1) ലോകകപ്പ് കണ്ട വലിയ ഗോൾമഴയായി മയാമിയിലെ പോരാട്ടം ചരിത്ര പുസ്തകങ്ങളിലേക്ക് ചേർക്കപ്പെട്ടു. ഡബിളടിച്ച എംബാപ്പെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ ലയണൽ മെസ്സിയെ മറികടന്ന് ഒന്നാമതെത്തിയതും ലൂസേഴ്സ് ഫൈനലിന്റെ സവിശേഷതയായി.

ഗോളിൽ മുക്കിയ ആദ്യ പകുതി

സെമി ഫൈനലിൽ അർജന്റീനയുടെ അവസാന മിനിറ്റുകളിലെ ഉയിർത്തെഴുന്നേൽപ്പിൽ ജീവനറ്റു വീണ ഇംഗ്ലണ്ട് പകമൂത്ത മൂർഖനെ പോലെയായിരുന്നു ഫ്രാൻസിനെ നേരിട്ടത്. കളി തുടങ്ങി ആദ്യ മിനിറ്റ് മുതൽ ഫ്രഞ്ചു വലയിലേക്ക് ആഞ്ഞുകൊത്തികൊണ്ട് ഗോളുകൾ കുറിച്ചു. സ്റ്റാർ സ്ട്രൈകർ ഹാരി കെയ്നും, ഗോൾ മെഷീൻ ജൂഡ് ബെല്ലിങ്ഹാമിനും കോച്ച് തോമസ് തുഹേൽ വിശ്രമം നൽകിയപ്പോൾ, സൗദി ക്ലബ് അൽ അഹ്‍ലിയുടെ താരം ഇവാൻ ടോണി, മാർകസ് റാഷ് ഫോഡ്, ബുകായ സാക എന്നിവരായിരുന്നു മുന്നേറ്റത്തിലുണ്ടായിരുന്നത്.

മറുപകുതിയിൽ ഗോൾഡൻ ബൂട്ട് മത്സരത്തിലുള്ള കിലിയൻ എംബാപ്പെയെ െപ്ലയിങ് ഇലവനിൽ തന്നെ ഉൾപ്പെടുത്താൻ കോച്ച് ദെഷാംപ്സ് തീരുമാനിച്ചു. ഡെംബലെ, ബർകോള എന്നിവർക്ക് ബെഞ്ചിലായിരുന്നു സ്ഥാനം. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഇംഗ്ലീഷ് പട നയം വ്യക്തമാക്കി. എംബാപ്പെ-ഒലിസ കൂട്ട് കളത്തിൽ പിടിമുറുക്കും മുമ്പേ നിറയൊഴി ആരംഭിച്ചിരുന്നു. ഒഴിഞ്ഞ ഫ്രഞ്ചുമുഖത്തേക്ക് മിന്നൽ പിണർകണക്കേ കുതിച്ചുകയറിയ ഡെക്ലൻ റൈസ് വകയായിരുന്നു ആദ്യ ഗോൾ. പ്രതിരോധക്കാരായ ഗുസ്റ്റോ, കൊനാറ്റ, ഹെർണാണ്ടസ് എന്നിവർക്ക് പിടിനൽകാതെയായിരുന്നു വിങ്ങിലൂടെ കുതിച്ച റൈസ് ബോക്സിനു പുറത്തു നിന്നും തൊടുത്ത ഷോട്ടിലൂടെ ഗോളി മൈഗ്നാമിനെ കീഴടക്കിയത്.

11ാം മിനിറ്റിൽ റിയാൻ ചെർകിയിലൂടെ ഫ്രാൻസ് ആദ്യഗോൾ ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. രണ്ടാം തവണയും വലകുലുങ്ങിയത് ഇംഗ്ലീഷുകാരുടെ ബൂട്ടിൽ നിന്ന്. ഇത്തവണ 18ാം മിനിറ്റിൽ റൈസിന്റെ കോർണർ കിക്ക് ഹെഡ്ഡറിലൂടെ വലയിലാക്കി എസ്റി കോൻസ ലീഡുയർത്തി. പിന്നാലെ 37ാം മിനിറ്റിൽ ബുകായ സാക ഹാട്രിക്ക് വേട്ടക്ക് തുടക്കം കുറിച്ചു. ഫ്രാൻസിന്റെ മുന്നേറ്റത്തിൽ നിന്നും ലഭിച്ച പന്തുമായി എതിർ ഗോൾമുഖത്ത് ആശങ്ക തീർത്ത നിമിഷങ്ങൾക്കൊടുവിൽ റാഷ്ഫോഡിനൊപ്പം സാക ആദ്യ ഗോൾ നേടി. ആദ്യ പകുതി പിരിയും മുമ്പ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ മറ്റൊരു ഗോൾ കൂടി നേടി. ഒന്നാം പകുതിയിൽ ഫ്രാൻസിനെ നാണംകെടുത്തി ഇംഗ്ലീഷുകാർക്ക് 4-0ത്തിന് ലീഡ്.

ഫ്രഞ്ച് റിട്ടേണിന്റെ രണ്ടാം പകുതി

രണ്ടാം പകുതിയിൽ ഫ്രാൻസ് അടിമുടി മാറി. ഡെംബലെ, ബർകോള, ലൂകാസ് ഡിഗ്നെ, ഡായറ്റ് ഉപമെകാനോ എന്നിവരെ ഒന്നിച്ച് കളത്തിലിറക്കിയ ദെഷാംപ്സ് ചെക്മേറ്റ് വിളിച്ചു. അതിന്റെ ഫലം മൂന്നാം മിനിറ്റിൽ തന്നെയെത്തി. ഒലിസെക്കൊപ്പം നടത്തിയ മുന്നേറ്റത്തിൽ കിലിയൻ എംബാപ്പെ വക ഫ്രാൻസിന്റെ ആദ്യ ഗോൾ (48ാം മിനിറ്റ്). പിന്നാലെ എംബാപ്പെയുടെ അസിസ്റ്റിൽ ബർകോളയും (54’), ഒലിസെ അസിസ്റ്റിൽ എംബാപ്പെയും (66’) തിരിച്ചടിച്ചതോടെ ഫ്രാൻസ് കളിയിലേക്ക് മടങ്ങിയെത്തി. ഒരിക്കൽ കൂടി ഇംഗ്ലീഷ് പ്രതിരോധം പൊട്ടിപ്പൊളിയുന്നതും കണ്ടു. മത്സരം 4-3.

എലിയറ്റ് ആൻഡേഴ്സൺ, ജൂഡ് ബെല്ലിങ്ഹാം, റീസ് ജെയിംസ് എന്നിവരെ കളത്തിലെത്തിച്ച ഇംഗ്ലണ്ട് മത്സരം കൂടുതൽ ആവേശകരമാക്കി. 87ാം മിനിറ്റിൽ ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇംഗ്ലണ്ട് ഗോളെണ്ണം അഞ്ചിലേക്കുയർത്തി. കളി ഇഞ്ചുറി ടൈമിലേക്ക് നീങ്ങുമ്പോൾ സ്കോർ 5-3. തിരിച്ചടിക്കാൻ ഫ്രാൻസും പിടിച്ചു നിൽക്കാൻ ഇംഗ്ലണ്ടും ശ്രമിച്ചതോടെ പോരാട്ടം ആവേശോജ്ജ്വലം. ഒടുവിൽ ഫ്രാൻസിനായി ഡെംബലെയും, ഇംഗ്ലണ്ടിനായി അവസാന മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമും നിറയൊഴിച്ചതോടെ ഗോൾ പേമാരി പെയ്ത പോരാട്ടത്തിൽ ഇംഗ്ലീഷ് ജയം എഴുതിച്ചേർക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - England Defeats France 6-4 to Claim 3rd Place
Next Story