എൻഡ്രിക് ഗോളിൽ ബ്രസീൽ, രണ്ടടിച്ച് അർജന്‍റീന; സന്നാഹം ജയിച്ച് ഇംഗ്ലണ്ടും ജർമനിയും പോർചുഗലും
text_fieldsന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാളിനു മുന്നോടിയായുള്ള സന്നാഹമത്സരങ്ങൾ ജയിച്ച് വമ്പന്മാർ. ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ വീഴ്ത്തിയപ്പോൾ, മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഹോണ്ടുറാസിനെ ചാമ്പ്യന്മാരായ അർജന്‍റീനയും തോൽപിച്ചു. ഇംഗ്ലണ്ട്, ജർമനി, പോർചുഗൽ, തുർക്കിയ ടീമുകളും ജയംനേടി.
അവസാന സന്നാഹമത്സരവും ജയിച്ച കാർലോ ആഞ്ചലോട്ടിക്കും സംഘത്തിനും ഇനി ആത്മവിശ്വാസത്തോടെ വിശ്വവേദിയിൽ കളിക്കാനിറങ്ങാം. ബ്രുണോ ഗുമറേസും യുവ താരം എന്‍ഡ്രിക്കുമാണ് കാനറികൾക്കായി വലകുലുക്കിയത്. മുസ്തഫ സികോ ഈജിപ്തിനായി ആശ്വാസ ഗോൾ നേടി. പരിക്കേറ്റ സൂപ്പർതാരം നെയ്മർ ഇല്ലാതെ കളത്തിലിറങ്ങിയ ബ്രസീലിനു തന്നെയായിരുന്നു മത്സരത്തിൽ മേധാവിത്വം. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ഗുമറേസിലൂടെ കാനറികൾ ലീഡെടുത്തു. മൂന്നു മിനിറ്റിനുള്ളിൽ സികോ ഈജിപ്തിനെ ഒപ്പമെത്തിച്ചു. 1-1 എന്ന സ്കോറിനാണ് ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാംപകുതിയിൽ സൂപ്പർതാരം മുഹമ്മദ് സലാഹിനെ ഈജിപ്ത് കളത്തിലിറക്കി. ബ്രസീൽ വിനീഷ്യസിനെ പിൻവലിച്ച് മതേയൂസ് കുൻഹയെയും അലിസണു പകരം വെവര്‍ട്ടണെയും പകരക്കാരായി കൊണ്ടുവന്നു. 53ാം മിനിറ്റിൽ എൻഡ്രിക്കാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ഇടതുപാർശ്വത്തിൽനിന്ന് റാഫിഞ്ഞ ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് എൻഡ്രിക് മനോഹരമായി വലയിലാക്കി. മാര്‍കിനോ, കസെമിറോ, ലുകാസ് പക്വേറ്റ, ഫാബിനോ, ഡാനിലോ എന്നിവരെല്ലാം കളിക്കാനിറങ്ങി. നിരവധി അവസരങ്ങളാണ് ബ്രസീൽ മത്സരത്തിൽ നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ പനാമയെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ബ്രസീൽ തോൽപിച്ചിരുന്നു. ഈമാസം 14ന് ഗ്രൂപ്പ് സിയിൽ മൊറോക്കോക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ ലോകകപ്പ് മത്സരം.
ഇതിഹാസ താരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്‍റീന കളത്തിലിറങ്ങിയത്. ലൗതാരോ മാർട്ടിനെസ് (37ാം മിനിറ്റിൽ, പെനാൽറ്റി), ജിയോവാനി സിമിയോൺ (54) എന്നിവരാണ് ടീമിനായി ഗോൾ നേടിയത്. ലോകകപ്പിനു മുന്നോടിയായി ഈമാസം 10ന് ഐസ്ലൻഡിനെതിരെയും അർജന്‍റീന സൗഹൃദ മത്സരം കളിക്കുന്നുണ്ട്. 17ന് ഗ്രൂപ്പ് ജെയിൽ ആൾജീരിയക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ ലോകകപ്പ് മത്സരം. മറ്റു മത്സരങ്ങളിൽ പോര്‍ചുഗല്‍ 2-1ന് ചിലിയെയും ജര്‍മനി 2-1ന് യു.എസിനെയും സ്‌കോട്‌ലന്‍ഡ് 4-0ന് ബൊളിവിയയെയും ഇംഗ്ലണ്ട് 1-0ന് ന്യൂസീലന്‍ഡിനെയും ദക്ഷിണാഫ്രിക്ക 1-0ന് ജമൈക്കയെയും തോല്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

