Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightപ്രിയ കൂട്ടുകാരാ, ഇത്...

പ്രിയ കൂട്ടുകാരാ, ഇത് നിനക്കായ്.. കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ, വിജയം ജോട്ടക്ക് സമർപ്പിച്ച് പോർച്ചുഗൽ

text_fields
bookmark_border
പ്രിയ കൂട്ടുകാരാ, ഇത് നിനക്കായ്.. കണ്ണീരണിഞ്ഞ് ക്രിസ്റ്റ്യാനോ, വിജയം ജോട്ടക്ക് സമർപ്പിച്ച് പോർച്ചുഗൽ
cancel

ലോകകപ്പിൽ ഇഞ്ചുറി സമയത് നേടിയ ഗോളിൽ ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് മുന്നേറുമ്പോൾ, ഫുട്ബാൾ ലോകത്തിന്റെ കണ്ണുകൾ ഉടക്കിയത് ആഹ്ലാദപ്രകടനങ്ങളിലായിരുന്നില്ല, മറിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീരിലായിരുന്നു. തന്റെ കരിയറിലെ ആദ്യത്തെ ലോകകപ്പ് നോക്കൗട്ട് ഗോൾ നേടിയ ക്രിസ്റ്റ്യാനോ, ആ ചരിത്രനേട്ടവും ടീമിന്റെ വിജയവും സമർപ്പിച്ചത് ഒരു വർഷം മുൻപ് വാഹനാപകടത്തിൽ അകാലമരണം പുൽകിയ സഹതാരവും സുഹൃത്തുമായ ഡിയോഗോ ജോട്ടയ്ക്കാണ്.

മത്സരശേഷം റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയ ഉടനെ റൊണാൾഡോ ജോട്ടയുടെ 21-ാം നമ്പർ ജഴ്‌സി അണിഞ്ഞു. ഇരുകൈകളും ആകാശത്തേക്ക് ഉയർത്തി, കണ്ണീരോടെ നിൽക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് ചുറ്റും മറ്റ് താരങ്ങളും അണിനിരന്നപ്പോൾ അത് ഫുട്ബാളിലെ തന്നെ ഏറ്റവും വികാരനിർഭരമായ മുഹൂർത്തങ്ങളിലൊന്നായി മാറി. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യയെ 2-1 നാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ഈ വിജയം പൂർണ്ണമായും മുൻ ലിവർപൂൾ ഫോർവേഡായ ജോട്ടയ്ക്ക് സമർപ്പിക്കുകയാണെന്ന് ക്രിസ്റ്റ്യാനോയുടെ ആംഗ്യങ്ങൾ വിളിച്ചോതുന്നുണ്ടായിരുന്നു.

2025 ജൂലൈ മൂന്നിനാണ് ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് സ്പെയിനിലെ സെർനാഡില്ലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഡിയോഗോ ജോട്ടയും (28) സഹോദരൻ ആന്ദ്രെ സിൽവയും (25) കൊല്ലപ്പെടുന്നത്. ദീർഘകാലത്തെ പ്രണയിനി റൂട്ട് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞ് വെറും പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ആ ദുരന്തം. ശ്വാസകോശ ശസ്ത്രക്രിയയെ തുടർന്ന് വിമാനയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനാൽ, ലിവർപൂളിന്റെ പ്രീ-സീസൺ പരിശീലനത്തിനായി യുകെയിലേക്ക് ഫെറി മാർഗം പോകാൻ കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഈ അപകടത്തിന്റെ കൃത്യം ഒന്നാം വാർഷിക ദിനത്തിലാണ് പോർച്ചുഗൽ ലോകകപ്പിൽ നിർണായക വിജയം സ്വന്തമാക്കിയതെന്നത് യാദൃശ്ചികമായി.

ലോകകപ്പ് നേടുക എന്ന ജോട്ടയുടെ പൂർത്തീകരിക്കാത്ത സ്വപ്നത്തിന് ആദരമർപ്പിച്ചുകൊണ്ട്, ഇത്തവണത്തെ പോർച്ചുഗലിന്റെ ഔദ്യോഗിക ലോകകപ്പ് സ്‌ക്വാഡിൽ പ്രതീകാത്മകമായി അദ്ദേഹത്തെയും ഉൾപ്പെടുത്തിയിരുന്നു. ജോട്ടയുടെ സാന്നിധ്യം ടീമിന്റെ 'വെളിച്ചമായി' കൂടെയുണ്ടെന്നും, അദ്ദേഹമാണ് ടീമിന്റെ വഴികാട്ടിയെന്നും പരിശീലകൻ റോബർട്ടോ മാർട്ടിനെസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പ്രതീകാത്മക ഉൾപ്പെടുത്തലിലൂടെ ഔദ്യോഗിക ടൂർണമെന്റ് രേഖകളിൽ ജോട്ടയുടെ പേരും ഫെഡറേഷൻ ഉറപ്പാക്കി.

"മത്സരത്തിന് മുൻപ് തന്നെ ഞങ്ങൾക്ക് ഇതറിയാമായിരുന്നു. അതൊരു സവിശേഷ നിമിഷമാണ്. ജീവിതത്തിലെ ഈ യാദൃശ്ചികതകളെക്കുറിച്ച് ഞങ്ങൾ ഇന്ന് സംസാരിച്ചു, അത് അവിശ്വസനീയമാണ്. അവൻ ഞങ്ങൾക്കൊപ്പമുണ്ടെന്ന് ഞങ്ങൾക്കറിയാം. അവന് ഏറ്റവും മികച്ച രീതിയിൽ ആദരമർപ്പിക്കാൻ ഇന്ന് വിജയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം, മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചു. പ്രീക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ സ്പെയിനാണ് പോർച്ചുഗലിന്റെ അടുത്ത എതിരാളികൾ. ജോട്ടയുടെ ഓർമ്മകളുമായി ഇറങ്ങുന്ന പറങ്കിപ്പടയ്ക്ക് ഈ ലോകകപ്പ് തികച്ചും വൈകാരികമായ ഒരു യാത്രയാവുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoportugalDiego JotaFIFA World Cup 2026
News Summary - Emotional Tribute: Ronaldo Dedicates Historic World Cup Win to Late Teammate Diogo Jota
Next Story