ഒന്ന് മാറി നിൽക്കൂ; കപ്പ് കൊടുത്തിട്ടും ലോകകപ്പ് വേദിയിൽ കുറ്റിയടിച്ച് യു.എസ്. പ്രസിഡന്റ്, വീഡിയോ വൈറൽ
text_fieldsന്യൂയോർക്ക്: അർജന്റീനയെ വീഴ്ത്തി സ്‌പെയിൻ ലോകകപ്പ് കിരീടം ചൂടിയതിനേക്കാൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തികളാണ്. സ്പാനിഷ് ടീമിന് ലോകകപ്പ് ട്രോഫി സമ്മാനിച്ച ശേഷം വേദിയിൽ നിന്ന് മാറാൻ വിസമ്മതിച്ച ട്രംപിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.
ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 1-0 നാണ് അർജന്റീനയെ തകർത്ത് സ്പെയിൻ ലോകചാമ്പ്യന്മാരായത്. എന്നാൽ സ്പാനിഷ് താരങ്ങൾ തങ്ങളുടെ ചരിത്രവിജയം ആഘോഷിക്കാൻ തയ്യാറെടുത്തപ്പോൾ അവിടേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ട്രംപ് മാറുകയായിരുന്നു. സ്പെയിൻ ക്യാപ്റ്റൻ റോഡ്രിക്ക് സ്വർണ്ണ ട്രോഫി കൈമാറിയതോടെ അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചതായിരുന്നു. എന്നാൽ ക്യാമറ ഫ്രെയിമിൽ നിന്ന് പുറത്തുപോകാതെ അദ്ദേഹം വേദിയിൽ തന്നെ തുടരുകയും താരങ്ങൾക്ക് കൈകൊടുത്ത് അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയുമായിരുന്നു.
ട്രംപ് മാറാതെ നിന്നതോടെ ട്രോഫി ഉയർത്താനാകാതെ ക്യാപ്റ്റൻ റോഡ്രിക്ക് കാത്തുനിൽക്കേണ്ടി വന്നു. നിമിഷങ്ങൾ തികച്ചും അസ്വസ്ഥത നിറഞ്ഞതായി മാറിയതോടെ ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫന്റീനോ ഓടിയെത്തി ഇടപെടുകയായിരുന്നു. അദ്ദേഹം ട്രംപിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് ടീമിന് അരികിൽ നിന്ന് ട്രംപ് അല്പമൊന്ന് മാറിയത്. എങ്കിലും സ്പാനിഷ് ടീം ട്രോഫി ഉയർത്തുമ്പോൾ ക്യാമറ ഫ്രെയിമിൽ തന്നെ പൂർണ്ണ ശ്രദ്ധ കിട്ടുന്ന രീതിയിൽ ട്രംപ് സ്ഥാനം പിടിച്ചിരുന്നു. സ്പെയിനിന്റെ ആഘോഷങ്ങൾക്ക് ശേഷം മാത്രമാണ് അദ്ദേഹം വേദിയിൽ നിന്ന് താഴെയിറങ്ങിയത്.
നേരത്തെ, തന്റെ മറൈൻ വൺ ഹെലികോപ്റ്ററിൽ സ്റ്റേഡിയത്തിലെത്തിയ യു.എസ് പ്രസിഡന്റ് മത്സരത്തിലുടനീളം മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാൽ സമ്മാന വിതരണത്തിനായി ട്രംപും ഇൻഫന്റീനോയും ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ കാണികൾ കൂകിവിളിച്ചിരുന്നു. എന്തായാലും 16 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുള്ള സ്പെയിനിന്റെ ഈ ചരിത്രനേട്ടത്തെപ്പോലും നിഴലിലാക്കുന്ന തരത്തിലാണ് ഇപ്പോൾ യു.എസ് പ്രസിഡന്റിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

