പടിയിറങ്ങി ദെഷാംപ്സ്
text_fieldsദിദിയർ ദെഷാംപ്സ്
ഡാളസ്: ഫ്രാൻസ് ഫുട്ബാൾ ടീമിനെ തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനലുകളിലെത്തിക്കുകയും ഒരു വിശ്വകിരീടം നേടിക്കൊടുക്കുകയും ചെയ്ത പരിശീലകൻ ദിദിയർ ദെഷാംപ്സിന് പടിയിറക്കം. 2026 ലോകകപ്പോടെ കരാർ അവസാനിക്കുന്ന 57കാരൻ സെമിഫൈനൽ തോൽവിയോടെയാണ് രംഗം വിടുന്നത്. കഴിഞ്ഞ 14 വർഷമായി ലെസ് ബ്ലൂസിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന ദെഷാംപ്സ് ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ്. 1998ൽ ആദ്യമായി ഫ്രാൻസ് ലോക ചാമ്പ്യന്മാരാവുമ്പോൾ കളിക്കാരനായി ടീമിലുണ്ടായിരുന്നു ദെഷാംപ്സ്. അന്നത്തെ സഹതാരവും ഇതിഹാസവുമായ സിനദിൻ സിദാൻ ഫ്രഞ്ച് ടീമിന്റെ പുതിയ പരിശീലകനായെത്തുമെന്നാണ് റിപ്പോർട്ട്.
2012ലാണ് ദെഷാംപ്സ് കോച്ചായി ചുമതലയേറ്റത്. 2014ലെ ബ്രസീൽ ലോകകപ്പിൽ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ മടങ്ങി. 2016ലെ യൂറോ ഫൈനലിലായിരുന്നു തോൽവി. 2018 ടീം ലോക ചാമ്പ്യന്മാരായി. 2020-21ലെ യുവേഫ നാഷന്‍സ് ലീഗ് കിരീടവും നേടിയപ്പോൾ പിറ്റേവർഷം ഖത്തറിൽ നടന്ന ലോകകപ്പിലെ ഫൈനലിൽ വീണു. 184 മത്സരങ്ങളിലാണ് ദെഷാംപ്സ് ഫ്രാൻസിനെ പരിശീലിപ്പിച്ചത്. 120ഉം ജയിച്ചപ്പോൾ 29 മത്സരങ്ങളിൽ മാത്രമായിരുന്നു തോൽവി. 35 കളികൾ സമനിലയിലായി. റയൽ മഡ്രിഡിന്റെ മുൻ പരിശീലകനാണ് സിദാൻ. ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം മുമ്പ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

