Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightദെഷാംപ്സിന്റെ...

ദെഷാംപ്സിന്റെ ഫ്രഞ്ചുപട

text_fields
bookmark_border
ദെഷാംപ്സിന്റെ ഫ്രഞ്ചുപട
cancel

നാലു വർഷം മുമ്പ് ഖത്തറിലെ ​ലുസൈൽ മൈതാനത്ത് മെസ്സി നയിച്ച ലാറ്റിൻ അമേരിക്കൻ അതികായർ കപ്പുമായി മടങ്ങിയ ഫിഫ ലോകകപ്പ് കലാശപ്പോര് അധികമാരും മറന്നുകാണാനിടയില്ല. അത്രക്കായിരുന്നു ലോകമൊട്ടുക്കുമുള്ള ആരാധകരുടെ നെഞ്ചകങ്ങളിൽ ഇരുടീമും തീ കോരിയൊഴിച്ചത്. 36 മിനിറ്റിനിടെ രണ്ട് ഗോളടിച്ച് തുടക്കത്തിലേ എല്ലാം ഉറപ്പിച്ച അർജന്റീനയെ ഞെട്ടിച്ച് കളി 90 മിനിറ്റാകും മുമ്പ് ഫ്രാൻസും എംബാപ്പെയും തിരിച്ചടിച്ച് ഒപ്പമെത്തുന്നു. അധിക സമയത്തേക്ക് നീണ്ട കളിയുടെ ആദ്യ പകുതിയിൽ വല കുലുക്കി മെസ്സിപ്പട വീണ്ടും ലീഡെടുത്ത ആവേശം ഗാലറിയെ പ്രകമ്പനം കൊള്ളിക്കുന്നതിനിടെ സാക്ഷാൽ എംബാപ്പെ ഹാട്രിക് കുറിച്ച് കളി പെനാൽറ്റിയിലേക്ക് നീട്ടിയെടുക്കുന്നു. എമി മാർടിനെസ് എന്ന ഒറ്റയാന്റെ ചോരാത്ത കൈകൾ കാവലായപ്പോൾ കപ്പ് ലാറ്റിൻ അമേരിക്കൻ മണ്ണിലേക്ക് യാത്രയായി. കിരീടം കൈവിട്ടെങ്കിലും നാലു വർഷം മുമ്പ്, റഷ്യൻ മണ്ണിൽ ഇതേ ചാമ്പ്യൻപട്ടം മാറോടു ചേർത്ത ഫ്രാൻസാണോ അർജന്റീനയാണോ ശരിക്കും കളി നയിച്ചതെന്ന തർക്കം ഇപ്പോഴും തീർന്നിട്ടില്ല. ഒരിക്കലൂടെ കാൽപന്തിന്റെ ലോക മാമാങ്കത്തിന് വിസിൽ മുഴങ്ങാനൊരുങ്ങുമ്പോൾ അതേ ടീമുകൾ തന്നെ കലാശവും കപ്പും തേടിയെത്തുകയാണ്.

പവർ

പരിശീലകനായി ദിദിയർ ദെഷാംപ്സും മുന്നേറ്റം ഭരിച്ച എംബാപ്പെയും ഉസ്മാനെ ഡെംബലെയുമുള്ള ‘ലെ ബ്ലൂസി’ന് കരുത്ത് കൂടിയിട്ടേയുള്ളൂ. ഓരോ പൊസിഷനിലും മിന്നായങ്ങൾ തീർക്കാൻ ശേഷിയുള്ളവരാണ് ടീമിന്റെ കരുത്ത്, എതിരാളികൾക്ക് ചങ്കിടിപ്പും. നിലവിലെ സീസണിൽ റയൽ മഡ്രിഡും എംബാപ്പെയും തിളക്കമിത്തിരി കുറവാണെങ്കിലും കണക്കുതീർത്ത് ലോകകപ്പിൽ തിരിച്ചുവരവ് ആഘോഷമാക്കാനാണ് എംബാപ്പെയുടെ വരവ്. പ്രതിരോധം അതിശക്തമായ അർജന്റീന നിരയെ അനായാസം കടന്ന് ഹാട്രിക് തികച്ചതാണ് താരത്തിന്റെ പാരമ്പര്യം. 2025ലെ ബാലൻ ദി ഓർ ജേതാവായ ഡെംബലെയാണ് മുൻനിരയിൽ താരത്തിന് കൂട്ട്.

മുന്നേറ്റത്തിൽ ഇവർക്കൊപ്പം സിറ്റി താരം റയാൻ ചെർകി, പി.എസ്.ജിയുടെ ഡിസയർ ഡൂവേ, ബ്രാഡ്‍ലി ബാർകോല, ക്രിസ്റ്റൽ പാലസിന്റെ ജീൻ ഫിലിപ്പ് മാറ്റേറ്റ എന്നിങ്ങനെ ഓരോരുത്തരും അതിമിടുക്കർ. റയലിന്റെ മധ്യനിര എഞ്ചിനുകളായ ഷുവാമേനി, എഡ്വേഡോ കമവിംഗ, അൽഹിലാലിലെത്തിയ എൻഗോളോ കാന്റെ, എ.സി മിലാന്റെ അഡ്രിയൻ, റാബിയോ, പി.എസ്.ജിയുടെ വാറൻ സയർ എമറി എന്നിങ്ങനെ പോകും മധ്യനിരയിലെ പട്ടിക. അതിലേറെ കരുത്തുറ്റതാണ് ഫ്രഞ്ച് പ്രതിരോധക്കോട്ട. ലുകാസ് ഹെർണാണ്ടസ് (പി.എസ്.ജി), ഇബ്രാഹി കൊനാട്ടെ (ലിവർപൂൾ), വില്യം സാലിബ, ഡയോട് ഉപമനികാവോ (ബയേൺ) എന്നിങ്ങനെ നിരവധി പേർ.. ഗോൾവല കാക്കാൻ 2022 സ്ക്വാഡിലെ ഹ്യൂഗോ ലോറിസ് പോയ ഒഴിവിൽ ലുകാസ് ഷെവലിയാറും മൈക് മൈഗ്നനുമുണ്ട്.

1998, 2018 വർഷങ്ങളിൽ ചാമ്പ്യന്മാരായ ഫ്രാൻസ് ഇത്തവണ ഗ്രൂപ്പ് ഡിയിൽനിന്ന് ഒന്നാമന്മാരായാണ് യോഗ്യത ഘട്ടം കടന്നത്. യുക്രെയ്ൻ ഉൾപ്പെ​ട്ട ​ഗ്രൂപ്പിൽ 16 പോയിന്റുമായിട്ടായിരുന്നു ടീമിന്റെ ജൈത്രയാത.

ചാൻസ്

ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗാൾ, എർലിങ് ഹാലൻഡിന്റെ സ്വന്തം ടീമായ നോർവേ, ഇറാഖ് എന്നിവയടങ്ങിയ കരുത്തരുടെ ​ഗ്രൂപ്പ് ഐയിലാണ് ഫ്രഞ്ച് ടീം. ഇവരിൽ ഇറാഖ് പോലും അവരുടെ നാളുകളിൽ ഏറ്റവും നന്നായി കളിക്കാനറിയുന്നവർ. യോഗ്യതാ ഘട്ടത്തിൽ മുൻചാമ്പ്യന്മാരായ അസൂറികൾക്ക് മടക്ക ടിക്കറ്റ് നൽകിയവരാണ് നോർവേ. സൂപ്പർ താരം സാദിയോ മാനെ നയിക്കുന്ന സെനഗാൾ, യൂറോപ്യൻ മൈതാനങ്ങളെ ത്രസിപ്പിക്കുന്ന ഒരു പിടി താരങ്ങളുടെ കരുത്തുമായി നോക്കൗട്ട് തേടി ഇറങ്ങുന്നവരും.

എന്നാലും, ഒട്ടും ആധിയില്ലാതെയാണ് താരങ്ങളുടെ ആധിക്യവുമായി ഫ്രാൻസ് വില്ല് കുലച്ചെത്തുന്നത്. ക്രിസ്റ്റൽ പാലസിൽനിന്ന് ബയേൺ മ്യൂണിക്കിലെത്തിയ ഒലിസും സിറ്റിയുടെ വിജയങ്ങളിലെ വലിയ ശിൽപികളിലൊന്നായ ​റയാൻ ചെർകിയുമടക്കം ഗോളടിച്ചുകൂട്ടാനുള്ളപ്പോൾ ഫ്രാൻസിന് ഏതറ്റം വരെയും സ്വപ്നങ്ങൾ കാണാം. 2014, 2018, 2022 എന്നിവയിലൊക്കെ ഫ്രഞ്ച് ടീമിനെ പരിശീലിപ്പിച്ച ദെഷാംപ്സ് എന്ന ആചാര്യൻ കൂടിയുണ്ടാകുമ്പോൾ വിശേഷിച്ചും. 1998ൽ ബ്രസീലിനെ കാൽഡസൻ ഗോളുകൾക്ക് കെട്ടുകെട്ടിച്ച് നീലപ്പട ലോകകപ്പിൽ കന്നിക്കിരീടം ചൂടുമ്പോൾ മിഡ്ഫീൽഡ് എഞ്ചിനായി നിന്ന ദെഷാംപ്സ് പരിശീലകനായി എത്തിയപ്പോൾ ഒരുവട്ടം കിരീടവും തൊട്ടുപിറകെ റണ്ണേഴ്സുമായിരുന്നു ടീം. അതിനാൽ തന്നെ, വർഷങ്ങളേറെ കഴിഞ്ഞും ദെഷാംപ്സിനെ വിട്ടൊന്നും ആലോചിക്കാൻ ടീമിനാകില്ല. ജൂൺ 16ന് സെനഗാളിനെതിരെയാണ് ടീമിന് ആദ്യ മത്സരം. 22ന് ഇറാഖും 26ന്​ നോർവേയുമാണ് എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceDembeleMbappedeschampsFIFA World Cup 2026
News Summary - Deschamps' French campaign
Next Story