വീണുപോയടത്തുനിന്ന് കുതിച്ചുയരാൻ ജർമൻ പട; വീഴ്ചകൾക്ക് മറുപടി നൽകാൻ മുൻ ലോകചാമ്പ്യന്മാർ ഇന്നിറങ്ങുന്നു
text_fieldsഹൂസ്റ്റൺ: 'തോറ്റിട്ടുണ്ടെങ്കിൽ അത് ജയിക്കാൻ വേണ്ടിയാവണം' എന്ന മാസ്സ് ഡയലോഗ് മനസ്സിൽ വെച്ച്, നഷ്ടപ്പെട്ട തങ്ങളുടെ ഫുട്ബാൾ സാമ്രാജ്യം തിരിച്ചുപിടിക്കാൻ മുൻ ലോകചാമ്പ്യന്മാരായ ജർമനി ഇന്ന് കളത്തിലിറങ്ങുന്നു. 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ന് കരീബിയൻ ദ്വീപ് രാജ്യമായ കുറാസാവോയാണ് ജർമനിയുടെ എതിരാളികൾ. 2014-ൽ ബ്രസീലിന്റെ മണ്ണിൽ കിരീടം ചൂടിയതിന് ശേഷം പിന്നീട് നടന്ന 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെ നാണംകെട്ട് പുറത്താകേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ജർമനി. ആ കറുത്ത ചരിത്രമെല്ലാം വെട്ടിത്തിരുത്തി, അഞ്ചാം ലോകകിരീടം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ജർമ്മൻ പടയുടെ വരവ്.
ഇത്തവണ ഐവറി കോസ്റ്റും, ഇക്വഡോറും, കുറസവോയും അടങ്ങുന്ന ഗ്രൂപ്പ് ഇ- ലാണ് ജർമനി മത്സരിക്കുന്നത്. യോഗ്യതാ റൗണ്ടിൽ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച് ഒരൊറ്റ തോൽവി മാത്രം വഴങ്ങിയാണ് അവർ വരുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് കളിച്ച അഞ്ച് സൗഹൃദ മത്സരങ്ങളിലും വിജയിച്ചെന്ന് മാത്രമല്ല, എതിരാളികളുടെ വലയിലേക്ക് 18 ഗോളുകൾ അടിച്ചുകൂട്ടുകയും ചെയ്തു. തങ്ങളുടെ തനത് ആക്രമണ ഫുട്ബോൾ ശൈലിയിലേക്ക് ജർമനി തിരിച്ചെത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണിത്.
മറുഭാഗത്ത്, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡുമായാണ് കുറാസാവോ വരുന്നത്. വെറും ഒന്നര ലക്ഷം ജനസംഖ്യയും 444 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുള്ള ഈ കൊച്ചു കരീബിയൻ ദ്വീപിന് ലോകകപ്പ് യോഗ്യത നേടാനായത് തന്നെ വലിയൊരു അംഗീകാരമാണ്. നിലവിൽ ലോക റാങ്കിങ്ങിൽ 82-ാം സ്ഥാനത്തുള്ള അവർ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനായ 78-കാരൻ ഡിക്ക് അഡ്വൊകാറ്റിന് കീഴിലാണ് വരുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം താഹിത് ചോങ് ഉൾപ്പെടുന്നതാണ് ഇവരുടെ നിര.
റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള ജർമനിയെ അട്ടിമറിക്കുകയാണ് കുറാസാവോയുടെ ലക്ഷ്യം. 1982-ലെ ലോകകപ്പിൽ ആദ്യ മത്സരത്തിൽ അൾജീരിയയോട് പശ്ചിമ ജർമനി തോറ്റ ചരിത്രം അവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ, കളിച്ച അവസാന അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിക്കുകയും വെറും മൂന്ന് ഗോളുകൾ മാത്രം നേടുകയും ചെയ്ത കുറാസാവോയുടെ മോശം ഫോം ജർമനിക്ക് കാര്യങ്ങൾ എളുപ്പമാക്കിയേക്കും. വീണടത്തുനിന്ന് രാജാവായി തിരിച്ചെത്താൻ ഉറച്ചിറങ്ങുന്ന ജർമനിക്ക് ഇന്ന് വലിയൊരു വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

