മെസ്സി എന്ന് കേൾക്കണ്ട; ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ക്രിസ്റ്റ്യാനോ
text_fieldsദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ തകർത്തുവിട്ടതിന് പിന്നാലെ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ലയണൽ മെസ്സി എന്ന പേര് കേട്ടയുടൻ ഒഴിഞ്ഞുമാറി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ-യിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ട ഗോളുകളോടെ റൊണാൾഡോ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. 5-0 എന്ന വമ്പൻ ജയത്തോടെ വിമർശകരുടെ വായടപ്പിച്ച ശേഷമാണ് താരം മാധ്യമങ്ങളെ കണ്ടത്.
കഴിഞ്ഞ വാരം തനിക്ക് ഏറെ 'ഇരുണ്ടതായിരുന്നു' എന്നും ഫുട്ബാൾ തന്നെ ഉപേക്ഷിച്ച മട്ടിലായിരുന്നു കാര്യങ്ങളെന്നും 41 കാരനായ റൊണാൾഡോ തുറന്നുപറഞ്ഞു. എന്നാൽ മെസ്സിയുമായുള്ള ദീർഘകാലത്തെ പരസ്പരമല്സരത്തെയും താരതമ്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. മെസ്സിയെക്കുറിച്ച് ചോദിക്കാൻ തുനിഞ്ഞ മാധ്യമപ്രവർത്തകനെ റൊണാൾഡോ മനഃപൂർവം അവഗണിക്കുകയായിരുന്നു.
'ഇന്നലെ ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടി, എംബാപ്പെ... എന്ന് ഒരു റിപ്പോർട്ടർ ചോദ്യം ആരംഭിച്ചയുടൻ റൊണാൾഡോ മറ്റൊരു റിപ്പോർട്ടർക്ക് നേരെ തിരിഞ്ഞ് ചോദ്യം തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ടൂർണമെന്റിന്റെ അടുത്ത ഘട്ടങ്ങളിൽ ലയണൽ മെസ്സിയുടെ അർജന്റീനയുമായി ഒരു പോരാട്ടത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് റൊണാൾഡോ ലളിതമായി മറുപടി നൽകി. എങ്ങനെ മറുപടി പറയണമെന്ന് എനിക്കറിയില്ല. ഇപ്പോൾ അതിൽ വലിയ അർത്ഥമില്ലാത്ത ചോദ്യമാണിത്. എങ്കിലും, അങ്ങനെ സംഭവിച്ചാൽ അത് ഗംഭീരമായിരിക്കും റൊണാൾഡോ പറഞ്ഞു.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളുമായി ലയണൽ മെസ്സിയാണ് ലോകകപ്പ് ഗോൾവേട്ടയിൽ മുന്നിൽ. അർജന്റീന ഇതിനകം തന്നെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ പോർച്ചുഗൽ രണ്ടാം മത്സരത്തിലെ ജയത്തോടെ 4 പോയിന്റാണ് നേടിയിട്ടുള്ളത്. റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കാൻ പോർച്ചുഗലിന് അടുത്ത മത്സരം വരെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

