പകയും പാരമ്പര്യവും; ഫ്രാൻസ്-സ്പെയിൻ പോരാട്ടങ്ങളിലെ അവിസ്മരണീയമായ അഞ്ച് മത്സരങ്ങൾ
text_fieldsഡാളസ്: ലോകഫുട്ബോളിലെ ആധുനിക കാലത്തെ ഏറ്റവും വലിയ 'ക്ലാസിക്' പോരാട്ടങ്ങളിലൊന്നാണ് ഫ്രാൻസും സ്പെയിനും തമ്മിലുള്ളത്. ഇരു ടീമുകളും ഇന്ന് സെമിഫൈനലിൽ ഏറ്റുമുട്ടുമ്പോൾ, ഫുട്ബോൾ ആരാധകർ ഓർത്തെടുക്കുന്നത് ദശാബ്ദങ്ങളായി നീളുന്ന ഇവരുടെ ആവേശകരമായ മത്സരങ്ങളാണ്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അഞ്ച് പോരാട്ടങ്ങൾ ഇതാ:
1984 യൂറോ ഫൈനൽ: (ഫ്രാൻസ് 2-സ്പെയിൻ 0)
ടൂർണമെന്റിൽ അയൽക്കാർ ആദ്യമായി ഏറ്റുമുട്ടിയ മത്സരം. പാരിസിൽ നടന്ന യൂറോ 84 ഫൈനലിൽ മിഷേൽ പ്ലാറ്റീനിയുടെ ഫ്രാൻസ് കിരീടമണിഞ്ഞു. പ്ലാറ്റീനിയുടെ ഫ്രീകിക്ക് ഗോളിൽ ലീഡ് നേടിയ ഫ്രാൻസിനായി ബ്രൂണോ ബെലോണും സ്കോർ ചെയ്തു.
2006 ലോകകപ്പ് പ്രീക്വാർട്ടർ:(സ്പെയിൻ 1- ഫ്രാൻസ് 3)
ലോകകപ്പിൽ ഇരു ടീമുകളും ആദ്യമായി മുഖാമുഖം. ഡേവിഡ് വിയ്യ, ഫെർണാണ്ടോ ടോറസ്, റൗൾ, ഇനിയേസ്റ്റ, റാമോസ്, പുയോൾ, കസീയസ് തുടങ്ങിയ സൂപ്പർതാരങ്ങൾ ഉദിച്ചുയരുന്ന സ്പാനിഷ് പട. മറുചേരിയിൽ സിനദിൻ സിദാൻ, ഫ്രാങ്ക് റിബറി, മലൂദ, പാട്രിക് വിയേര, ഒന്ററി എന്നിവരുടെ ഫ്രഞ്ച് പടയും. ആവേശപ്പോരാട്ടത്തിൽ ഫ്രഞ്ച് പരിചയ സമ്പത്തിനു മുന്നിൽ സ്പെയിൻ 3-1ന് കീഴടങ്ങി.
2021 നാഷൻസ് ലീഗ് ഫൈനൽ: (സ്പെയിൻ 1- ഫ്രാൻസ് 2)
മിലാനിൽ നടന്ന നാഷൻസ് ലീഗ് ഫൈനൽ. ലോകചാമ്പ്യന്മാരുടെ പകിട്ടിൽ ഫ്രാൻസ്. കോവിഡ് നിയന്ത്രണങ്ങൾക്കിടെ നടന്ന മത്സരത്തിൽ കരിം ബെൻസേമ, കിലിയൻ എംബാപ്പെ ഗോളുകളിൽ ഫ്രാൻസ് കപ്പടിച്ചു. ആ ടീമുകൾ ഏറെയും ഈ ലോകകപ്പിലും ഇരു നിരയിലുമുണ്ട്.
2024 യൂറോ സെമി: (സ്പെയിൻ 2-ഫ്രാൻസ് 1)
എംബാപ്പെക്ക് മറുപടിയായി ലമിൻ യമാൽ എന്ന കൗമാരക്കാരൻ സ്പാനിഷ് പടയുടെ അമരത്തേക്ക് വരുന്നു. ഒമ്പതാം മിനിറ്റിൽ കോലോ മുവാനിയിലൂടെ ഫ്രാൻസിന് ലീഡ്. മറുപടിയും വന്നു അതിവേഗത്തിൽ. ലമിൻ യമാൽ (21), ഒൽമോ (25) എന്നിവരുടെ ഗോളിൽ വിജയവുമായി സ്പെയിൻ ഫൈനലിലേക്കും പിന്നെ കിരീടത്തിലേക്കും.
2025 നാഷൻസ് ലീഗ് സെമി: (സ്പെയിൻ 5- ഫ്രാൻസ് 4)
ഒമ്പത് ഗോളിന്റെ ത്രില്ലർ പോരാട്ടം. തുടരൻ ഗോളുകളുമായി സ്പെയിൻ 4-0ത്തിന് ലീഡ്. എന്നാൽ, അവസാന മിനിറ്റുകളിൽ തിരിച്ചടിച്ച ഫ്രാൻസ് നാല് ഗോളുകളുമായി മത്സരം ആവേശകരമാക്കി. ലമിൻ യമാലിന്റെ ഇരട്ട ഗോൾ മികവിൽ സ്പാനിഷ് ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

