Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right‘ഫുട്ബാൾ സ്നേഹികൾക്ക്...

‘ഫുട്ബാൾ സ്നേഹികൾക്ക് വീർപ്പ് മുട്ടുന്നു...’; ഫിഫ അമേരിക്കക്കു മുന്നിൽ തലകുനിക്കുകയാണെന്നും സി.കെ. വിനീത്

text_fields
bookmark_border
CK Vineeth
cancel

കോഴിക്കോട്: അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളും വിവേചനപരമായ സമീപനങ്ങളും ഫിഫ ഫുട്ബാൾ ലോകകപ്പിന്‍റെ നിറംകെടുത്തുകയാണ്. ടൂർണമെന്‍റ് നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത റഫറിമാരിൽ ഒരാളായ സോമാലിയക്കാരൻ ഉമർ അബ്ദുൽഖാദിർ അർതാനെ മയാമി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പ്രവേശനാനുമതി നൽകാതെ തിരിച്ചയച്ചതും വലിയ വിവാദമായി. അർതാന് തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞാണ് നടപടിയെ ട്രംപ് ഭരണകൂടം ന്യായീകരിച്ചത്.

അമേരിക്കയുടെ വിവേചന സമീപനങ്ങളെയും കാഴ്ചക്കാരായി നോക്കിനിൽക്കുന്ന ഫിഫയെയും രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഫുട്ബാളർ സി.കെ. വിനീത്. ലോകത്തെ ഏറ്റവും റേസിസ്റ്റ് ഗവൺമെന്റ് തങ്ങളാണെന്നോ, അല്ലെങ്കിൽ പുതിയ കാലത്തും

റേസിസത്തിന് സ്റ്റേറ്റിന്‍റെ നിയന്ത്രിതമായ നിയമ സാധുതയുണ്ടെന്നോ, ജോർജ് ഫ്ലോയിഡിനെ ഞെരിച്ചമർത്തിയവർ അവസാനിച്ചിട്ടില്ലെന്നോ,

അമേരിക്കൻ ഭരണകൂടം ആവർത്തിച്ച് ഉറപ്പിക്കുകയാണെന്ന് വിനീത് കുറിപ്പിൽ പറയുന്നു. ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ നിയുക്തനായ ആദ്യ സോമാലിയക്കാരൻ ഉമർ അബ്ദുൽഖാദിർ അർതാന് അമേരിക്ക പ്രവേശനം നിഷേധിച്ചത് അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. ഒരു റഫറിക്ക് ഭ്രഷ്ട് കൽപ്പിക്കുമ്പോൾ ഫുട്ബാൾ സ്നേഹികൾ " i cant breath " എന്ന് വീർപ്പ് മുട്ടുന്നുണ്ടാകും..!!

സാധുവായ വിസ കൈവശമുണ്ടായിരുന്ന ഒരാൾക്ക് ലോക ഫുട്ബാളിലെ ഏറ്റവും വലിയ വേദിയിൽനിന്ന് വിലക്ക് നേരിടേണ്ടി വരുമ്പോൾ അത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല, ഒരു ജനതയോടുള്ള സമീപനത്തിന്റെ പ്രതിഫലനമാണ്. സോമാലിയയെയും സോമാലിയക്കാരെയും കുറിച്ച് ഡോണൾഡ് ട്രംപ് നടത്തിയ അവഹേളന പരാമർശങ്ങളെയും ഇതിനോട് ചേർത്ത് വായിക്കണമെന്നും വിനീതിന്‍റെ കുറിപ്പിലുണ്ട്.

അമേരിക്ക അരും കൊല ചെയ്ത കുഞ്ഞുങ്ങളെ ഓർമിപ്പിക്കുന്ന സന്ദേശങ്ങളുമായി ഇറാനിയൻ താരങ്ങൾ ലോകകപ്പിൽ എത്തിയത് യാദൃശ്ചികമല്ല. ലോകം ആഘോഷിക്കുന്ന വേളയിലും യുദ്ധങ്ങളും ഉപരോധങ്ങളും ഇരട്ടത്താപ്പുകളും തുടരുന്നുണ്ടെന്ന് ഓർമിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത്. രാഷ്ട്രീയ യാഥാർഥ്യങ്ങൾ തന്നെയാണ് ഫുട്ബാളിന്റെ വാതിൽക്കൽ എത്തി നിൽക്കുന്നത്. ഫിഫ പ്രസിഡന്‍റും ട്രംപും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് ഏഗയ്ൻ’ കാമ്പയിൻ നടത്തുകയാണവർ.

ഒരു ലോകകപ്പിന് രാജ്യങ്ങളുടെ പ്രൗഢി പ്രദർശിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ അവരുടെ യഥാർഥ മുഖവും വെളിപ്പെടുത്താൻ കഴിയും. അമേരിക്ക കൊട്ടി ഘോഷിക്കുന്ന ലിബറൽ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങൾ ഊതി നിറച്ച കുമിളയായി പൊട്ടാൻ കൂടെയുള്ളതാണ് ഈ ലോകകപ്പെന്നും വിനീത് വിമർശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

ഫിഫ ലോകകപ്പ് എന്നത് ഫുട്ബോളിന്റെ മാത്രമല്ല, സമത്വത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഘോഷമാണ്. എന്നാൽ 2026 ലോകകപ്പിന്റെ തുടക്കം തന്നെ ആ മൂല്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ കൂടിയാണ് സംഭവിക്കുന്നത്. ലോകത്തെ ഒന്നിപ്പിക്കേണ്ട ടൂർണമെന്റ്, അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെയും വിവേചനപരമായ സമീപനങ്ങളെയും കുറിച്ചുള്ള ചർച്ചകളിലേക്കും വഴിമാറിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം ആഫ്രിക്കയുടെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട,

ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ നിയുക്തനായ ആദ്യ സൊമാലിയക്കാരൻ ഒമർ അബ്ദുൽഖാദിർ അർതാന് അമേരിക്ക പ്രവേശനം നിഷേധിച്ചത് അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.

ലോകത്തെ ഏറ്റവും റേസിസ്റ്റ് ഗവൺമെന്റ് തങ്ങളാണെന്നോ,അല്ലെങ്കിൽ പുതിയ കാലത്തും

റേസിസത്തിന് സ്റ്റേറ്റ് നിയന്ത്രിതമായ നിയമ സാധുതയുണ്ടെന്നോ, ജോർജ് ഫ്ലോയിഡിനെ ഞെരിച്ചമർത്തിയവർ അവസാനിച്ചിട്ടില്ലെന്നോ,

അമേരിക്കൻ ഭരണകൂടം ആവർത്തിച്ച് ഉറപ്പിക്കുകയാണ്...

ഒരു റഫറിക്ക് ഭ്രഷ്ട് കൽപ്പിക്കുമ്പോൾ ഫുട്ബോൾ സ്നേഹികൾ " i cant breath " എന്ന് വീർപ്പ് മുട്ടുന്നുണ്ടാകും..!!

സാധുവായ വിസ കൈവശമുണ്ടായിരുന്ന ഒരാൾക്ക് ലോക ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ നിന്ന് വിലക്ക് നേരിടേണ്ടി വരുമ്പോൾ അത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല, ഒരു ജനതയോടുള്ള സമീപനത്തിന്റെ പ്രതിഫലനമാണ് . സൊമാലിയയെയും സൊമാലിയക്കാരെയും കുറിച്ച് ഡൊണാൾഡ് ട്രംപ് നടത്തിയ അവഹേളന പരാമർശങ്ങളെയും ഇതിനോട് ചേർത്ത് വായിക്കണം

ഇറാന്റെ അനുഭവവും അതിൽ നിന്ന് വ്യത്യസ്തമല്ല. അമേരിക്കയുടെ വിദേശ നയങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ഇറാൻ. ലോകകപ്പിന്റെ പേരിൽ ആതിഥേയ രാജ്യത്തേക്ക് എത്തുമ്പോൾ, ഇറാനിയൻ ഫുട്ബോൾ ഫെഡറേഷനിലെ ഉദ്യോഗസ്ഥർക്കും സപ്പോർട്ട് സ്റ്റാഫിനും മാധ്യമപ്രവർത്തകർക്കും വിസ നിഷേധിക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്തു. ടീം അമേരിക്കയിൽ തയ്യാറെടുപ്പ് നടത്തുന്നതിന് പകരം മെക്സിക്കോയിൽ താവളമുറപ്പിക്കാൻ നിർബന്ധിതരായി. ഇറാനിയൻ ആരാധകർക്കും വിവിധ നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നു . ഫുട്ബോൾ, രാഷ്ട്രീയത്തിന് അതീതമാണെന്ന് പറയുന്ന ഫിഫ തന്നെ അമേരിക്കയുടെ രാഷ്ട്രീയത്തിന്റെ മതിലുകൾക്കു മുന്നിൽ തലകുനിക്കുന്നതിന്റ ഉദാഹരണമായിരുന്നു ഇത്.

ഇത് സൊമാലിയയുടെയോ ഇറാന്റെയോ മാത്രം പ്രശ്നമല്ല. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും അറബ് ലോകത്ത് നിന്നുള്ളവരും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവരും കൂടുതൽ പരിശോധനകൾക്കും വിസ സങ്കീർണതകൾക്കും പ്രവേശന അനിശ്ചിതത്വങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ തുറക്കുന്ന വാതിലുകൾ മറ്റുള്ളവർക്ക് മുന്നിൽ അടയ്ക്കപ്പെടുന്നു.

അമേരിക്ക സ്വയം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ചിത്രവും ലോകം യാഥാർത്ഥ്യത്തിൽ കാണുന്ന അമേരിക്കയും തമ്മിലുള്ള വ്യത്യാസം അളക്കപ്പെടുന്ന വേദിയാണ് ഇത്. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നീ വാക്കുകൾ നിരന്തരം ആവർത്തിക്കുന്ന ഒരു രാജ്യം, അതിഥികളെ സ്വീകരിക്കുന്ന രീതിയിലൂടെ ആ വാക്കുകളുടെ യഥാർത്ഥ അർത്ഥം തെളിയിക്കേണ്ട സമയമാണിത്.

സ്വന്തം രാജ്യത്ത് സ്കൂളിൽ ബോംബിങ് നടത്തി അമേരിക്ക അരും കൊല ചെയ്ത കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങളുമായി ഇറാനിയൻ താരങ്ങൾ ലോകകപ്പിൽ എത്തിയത് യാദൃശ്ചികമല്ല. ലോകം ആഘോഷിക്കുന്ന വേളയിലും യുദ്ധങ്ങളും ഉപരോധങ്ങളും ഇരട്ടത്താപ്പുകളും തുടരുന്നുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത്. രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തന്നെയാണ് ഫുട്ബോളിന്റെ വാതിൽക്കൽ എത്തി നിൽക്കുന്നത്. ഫിഫ പ്രസിഡൻ്റും ട്രംപും തമ്മിലുള്ള ബന്ധം ഉപയോഗിച്ച്

മെയ്ക്ക് അമേരിക്ക ഗ്രേറ്റ് ഏഗയ്ൻ ക്യാമ്പയ്ൻ നടത്തുകയാണവർ.

അടുത്ത ഒരു മാസം ലോകം ഫുട്ബോൾ മത്സരങ്ങൾ മാത്രമല്ല കാണുക. അമേരിക്ക പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം കൂടി ലോകത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടും, ഒരു ലോകകപ്പിന് രാജ്യങ്ങളുടെ പ്രൗഢി പ്രദർശിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ അവരുടെ യഥാർത്ഥ മുഖവും വെളിപ്പെടുത്താൻ കഴിയും. അമേരിക്ക കൊട്ടി ഘോഷിക്കുന്ന ലിബറൽ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങൾ ഊതി നിറച്ച കുമിളയായി പൊട്ടാൻ കൂടെയുള്ളതാണ് ഈ ലോകകപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFACK VineethDonald TrumpFIFA World Cup 2024
News Summary - CK Vineeth says FIFA is bowing down to America
Next Story