ആർത്തലയ്ക്കുന്ന അറ്റ്‌ലാന്റിക്കിലെ വന്യതാളം; കളി തോറ്റിട്ടും ലോകം ജയിച്ച നീല സ്രാവുകൾ
text_fieldsഭൂപടത്തിന്റെ ഏതെങ്കിലും ഒരു കോണിൽ, സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന പത്ത് കുഞ്ഞു ദ്വീപുകൾ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ വന്യമായ ഓളങ്ങൾ വന്ന് അടിച്ചുകൊണ്ടിരിക്കുന്ന, ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറേ അറ്റത്തെ ഒരു കഷ്ണം ഭൂമി, പേര് കേപ് വെർഡെ. ആകെ ജനസംഖ്യ വെറും അഞ്ചര ലക്ഷം. ഒരു വശത്ത് തങ്ങളെ വരിഞ്ഞുമുറുക്കുന്ന ദാരിദ്ര്യം, മറുവശത്ത് വിഭവങ്ങളുടെ പരിമിതികൾ. പക്ഷേ, കടൽക്കാറ്റേറ്റ് വളർന്ന അവരുടെ ചോരയ്ക്ക് ഒരു പ്രത്യേക വീര്യമുണ്ടായിരുന്നു. കാൽപ്പാദങ്ങളിൽ പന്തെത്തുമ്പോൾ അവർ ദാരിദ്ര്യത്തെയും സങ്കടങ്ങളെയും ചവിട്ടിമെതിച്ച് ആനന്ദത്തിന്റെ വന്യമായൊരു നൃത്തം ചവിട്ടി. ആ നൃത്തമാണ് ഇന്ന് ലോക ഫുട്ബോളിന്റെ നെറുകയിൽ ഒരു കൊടുങ്കാറ്റായി മാറിയത്!
വിശ്വവേദിയിലേക്ക് മാസ് എൻട്രി
1975 വരെ പോർച്ചുഗലിന്റെ കോളനിയായി അടിമത്തത്തിന്റെ നുകം പേറിയ ചരിത്രമുണ്ട് കേപ് വെർഡെയ്ക്ക്. 2002-ൽ മാത്രം ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മണ്ണിലേക്ക് ആദ്യമായി ബൂട്ടിട്ടവർ. എന്നാൽ, കാൽനൂറ്റാണ്ട് തികയും മുൻപേ അവർ ചരിത്രത്തിന്റെ സിംഹാസനം പിടിച്ചുകുലുക്കി.
ആഫ്രിക്കൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഡി-യിൽ ഫുട്ബോളിലെ അതികായന്മാരായ കാമറൂണിനെപ്പോലും നിലംപരിശാക്കി, 10 മത്സരങ്ങളിൽ നിന്ന് 7 ജയവും 2 സമനിലയും വെറും ഒരൊറ്റ തോൽവിയുമായി 23 പോയിന്റുകൾ വാരിക്കൂട്ടിയാണ് ഈ നീല സ്രാവുകൾ ലോകവേദിയിലേക്ക് രാജകീയമായി ഇരച്ചുകയറിയത്. തങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളിലേക്ക് അവർ ഡ്രിബിൾ ചെയ്തു കയറിയപ്പോൾ, തലസ്ഥാനമായ പ്രയയിലെ തെരുവുകൾ ഒരായുസ്സിന്റെ മുഴുവൻ സന്തോഷത്തോടെയാണ് നൃത്തം ചെയ്തത്. ആ നൃത്തത്തിന്റെ താളമാണ് ലോകകപ്പിന്റെ പുൽമൈതാനങ്ങളിൽ വന്യമായ വിസ്മയം തീർത്തത്.
വമ്പന്മാരെ വിറപ്പിച്ച ഗ്രൂപ്പ് ഘട്ടം
ലോകകപ്പിന്റെ വലിയ വേദിയിലേക്ക് വരുമ്പോൾ പലരും കരുതി ഈ കൊച്ചുരാജ്യം ആദ്യ റൗണ്ടിൽ തന്നെ തകർന്നുപോകുമെന്ന്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ വിശ്വവിഖ്യാത ശക്തികളായ സ്പെയിനിനെയും ഉറുഗ്വേയെയും നെഞ്ചുവിരിച്ചു നേരിട്ട കേപ് വെർഡെ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞു. ടാക്ടിക്കൽ ഫുട്ബോളിന്റെ ആശാന്മാരായ സ്പെയിനിന്റെ തന്ത്രങ്ങളെയും, ലാറ്റിനമേരിക്കൻ കരുത്തുമായി വന്ന ഉറുഗ്വേയുടെ ആക്രമണങ്ങളെയും തങ്ങളുടെ അസാധ്യമായ ശാരീരിക കരുത്തുകൊണ്ടും കേളിശൈലികൊണ്ടും അവർ തളച്ചിട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ കളിപോലും തോൽക്കാതെ, വമ്പന്മാരെ സമനിലയിൽ പൂട്ടി, നെഞ്ചുംവിരിച്ച് അവർ റൗണ്ട് ഓഫ് 32-ലേക്ക് മാർച്ച് ചെയ്യുമ്പോൾ ലോകം മുഴുവൻ ആ നീല സ്രാവുകൾക്കായി എഴുന്നേറ്റു നിന്ന് കൈയടിക്കുകയായിരുന്നു!
ചാമ്പ്യൻമാരെ വിറപ്പിച്ച മഹായുദ്ധം!
റൗണ്ട് ഓഫ് 32-ൽ കേപ് വെർഡെയ്ക്ക് മുന്നിൽ അണിനിരന്നത് ലോക ചാമ്പ്യന്മാരായ അർജന്റീന! സാക്ഷാൽ ലയണൽ മെസ്സിയുടെ അജയ്യരായ പടയാളികൾ. ഭയന്ന് പിന്മാറാൻ ആഫ്രിക്കൻ സിംഹങ്ങൾക്ക് കഴിയില്ലല്ലോ. നിശ്ചിത 90 മിനിറ്റിൽ ലയണൽ മെസ്സി ആദ്യ ഗോൾ നേടി അർജന്റീനയെ മുന്നിലെത്തിച്ചപ്പോൾ ലോകം കരുതി ഈ അഞ്ച് ലക്ഷം പേരുടെ കഥ കഴിഞ്ഞെന്ന്. പക്ഷേ, സിരകളിൽ ഒഴുകുന്ന കടലിന്റെ വന്യതയുമായി നീല സ്രാവുകൾ തിരിച്ചടിച്ചു! തീയുണ്ട പോലൊരു ഗോളിൽ 90-ാം മിനിറ്റിൽ സ്കോർ 1-1! ലോകചാമ്പ്യന്മാർ ഞെട്ടിവിറച്ചു.
മത്സരം ശ്വാസം അടക്കിപ്പിടിച്ച എക്സ്ട്രാ ടൈമിലേക്ക്. അവിടെയും അർജന്റീന രണ്ടാമതും ഗോൾ നേടി ലീഡെടുത്തു. തീർന്നു എന്ന് വിധിയെഴുതിയവർക്ക് മുന്നിലേക്ക് കേപ് വെർഡെ വീണ്ടും കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ജീവൻ മരണ പോരാട്ടത്തിനൊടുവിൽ ഇതാ രണ്ടാമതും അവർ അർജന്റീനയുടെ വല കുലുക്കുന്നു! സ്കോർ 2-2! തോറ്റുകൊടുക്കാൻ വിസമ്മതിക്കുന്ന ആ പോരാട്ടവീര്യത്തിന് മുന്നിൽ മെസ്സിയും സംഘവും വെറും കാഴ്ചക്കാരായി നിന്നുപോയ നിമിഷങ്ങൾ. എന്നാൽ ഒടുവിൽ, എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ, നിർഭാഗ്യം വിധി നിർണ്ണയിച്ച നിമിഷത്തിൽ അർജന്റീന നേടിയ ആ മൂന്നാമത്തെ ഗോൾ അവരുടെ നെഞ്ച് തകർത്തു കളഞ്ഞു. ആ ഒരൊറ്റ ഗോളിൽ കളി കൈവിട്ടുപോയെങ്കിലും, കളം വിടുമ്പോൾ ലോകം മുഴുവൻ എഴുന്നേറ്റു നിന്ന് കൈയടിച്ചത് ആ തോൽവിയിലും വീര്യം ചോരാത്ത പോരാളികൾക്കായിരുന്നു!
തലയുയർത്തി മടങ്ങാം, വരുംതലമുറകളോട് വിളിച്ചു പറയാം!
വോസിഞ്ഞയെന്ന പ്രായം തളർത്താത്ത ആ ഉരുക്കുമതിൽ കാവൽനിന്ന കോട്ടയ്ക്കുള്ളിൽ നിന്ന് കേപ് വെർഡെ ഇന്ന് മടങ്ങുന്നത് തലയുയർത്തിപ്പിടിച്ച് തന്നെയാണ്. അവസാന സെക്കൻഡ് വരെ ലോകചാമ്പ്യന്മാരെ ചോരതുപ്പിച്ച നെഞ്ചൂക്കാണ് അവരുടെ മുഖത്തുള്ളത്. തോറ്റവന്റെ കണ്ണീരല്ല, മറിച്ച് സ്പെയിനിനെയും ഉറുഗ്വേയെയും ഗ്രൂപ്പ് ഘട്ടത്തിൽ തളയ്ക്കുകയും, സാക്ഷാൽ ലിയോണൽ മെസ്സിയെപ്പോലും 120 മിനിറ്റോളം ശ്വാസം മുട്ടിക്കുകയും ചെയ്ത സുവർണ്ണ സംഘത്തിന്റെ പെരുമയാണ് ഇന്ന് ആഫ്രിക്കയുടെ നെറ്റിപ്പട്ടം.
യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെയും പണക്കൊഴുപ്പിനും പാരമ്പര്യത്തിനും മുന്നിൽ, ഭൂപടത്തിൽ പോലുമില്ലാത്ത ഒരു കുഞ്ഞു രാജ്യം ഫുട്ബോൾ എങ്ങനെ നെഞ്ചു കൊടുത്ത് കളിക്കണമെന്ന് പഠിപ്പിച്ചു തന്നു. ഈ മടക്കം ഒരു അവസാനമല്ല. തലമുറകളോട് അഭിമാനത്തോടെ വിളിച്ചു പറയാം, "ഞങ്ങൾ അർജന്റീനയുടെ നെഞ്ചിലേക്ക് കൊടുങ്കാറ്റായി പെയ്തിറങ്ങിയവരാണ്, ലോകചാമ്പ്യന്മാരെപ്പോലും വിറപ്പിച്ച സുവർണ്ണ സംഘമാണ്..." എന്ന്.
കണ്ണുകളിലിപ്പോഴും ആ നീല സ്രാവുകളുടെ ചോരത്തിളപ്പുണ്ട്. കാൽപ്പന്തിനെ പ്രണയിക്കുന്ന ലോകത്തെ കോടിക്കണക്കിന് ആരാധകർ വഴിക്കണ്ണുകളോടെ നിങ്ങൾക്കായി കാത്തിരിക്കും. വോസിഞ്ഞയ്ക്കും കൂട്ടർക്കുമൊപ്പം ഇനിയുമൊരു വസന്തമായി നിങ്ങൾ വരിക തന്നെ ചെയ്യും. ഈ കടൽക്കാറ്റിന് ഇപ്പോഴും നിങ്ങളുടെ വിജയത്തിന്റെ മണമാണ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

