കേപ് വെർഡെ c/o വൊസീഞ്ഞ
text_fieldsനിങ്ങളാരെന്നതു മറക്കാതിരിക്കുക, നിങ്ങൾ വന്ന വഴികളും- വൊസീഞ്ഞ എന്ന ജോസിമർ ഡയസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി നോക്കിയാൽ സ്വാഗതം ചെയ്യുക ഈ വാചകങ്ങളാണ്. ഒരു ദിനം കൊണ്ട് 70 ലക്ഷത്തിലേറെ ഫുട്ബാൾ ആരാധകർ ആ അക്കൗണ്ടിൽ അംഗത്വം എടുത്തുകഴിഞ്ഞു. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ, സ്പെയിനിനെതിരായ ലോകകപ്പ് മത്സരത്തിലെ 90 മിനിറ്റ് സമയത്തെ പ്രകടനം കൊണ്ടു മാത്രമാണ് കേപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ ഇത്രയേറെ ആളുകളെ തന്റെ ഇഷ്ടക്കാരാക്കിയത് എന്നറിയുമ്പോൾ നമ്മൾ മറ്റൊരു കാര്യം കൂടി തിരിച്ചറിയുന്നു- രാജ്യാതിർത്തികളെല്ലാം അപ്രസക്തമാക്കി, ഫുട്ബാളിനോളം മനുഷ്യമനസ്സുകളെ ആകർഷിക്കുന്ന മറ്റൊരു കാന്തമില്ല! അറ്റ്ലാന്റിക് സമുദ്രത്തിൽ പേനാക്കുത്ത് പോലെ കിടക്കുന്ന കേപ് വെർഡെയിലെ ഈ 40കാരൻ ഇപ്പോൾ മാൻഹാട്ടനിലെ അംബരചുംബികൾക്കു മുതൽ മലബാറിലെ അങ്ങാടികൾക്കു വരെ സുപരിചിതനാണ്.
ഇതുപോലൊരു ലോകകപ്പിൽ ഡിയേഗോ മറഡോണ മെക്സികോയിലെ മൈതാനങ്ങളെ ഇളക്കി മറിച്ച 1986ലാണ് കേപ് വെർഡെയിലെ സാവോ വിസെന്റെ ദ്വീപിൽ ജോസിമർ ജനിക്കുന്നത്. വൾഡാനോ എന്നായിരുന്നു മകന് മാതാപിതാക്കൾ ആദ്യം കണ്ടുവെച്ചിരുന്ന പേര്. മറഡോണക്കൊപ്പം അർജന്റീന ടീമിൽ നിറഞ്ഞുകളിച്ച സഹസ്ട്രൈക്കർ ജോർജെ വൾഡാനോയോടുള്ള ഇഷ്ടം കൊണ്ടായിരുന്നു അത്. എന്നാൽ, പോർചുഗീസ് കോളനിയായിരുന്ന കേപ് വെർഡെയിലെ സാങ്കേതിക ചിട്ടവട്ടങ്ങൾ കാരണം അതു സാധിച്ചില്ല. ഒടുവിൽ പകരമിട്ടത് ഒരു ബ്രസീലുകാരന്റെ പേരാണ്. അതേ ലോകകപ്പിൽ തന്നെ ബ്രസീലിന്റെ റൈറ്റ് ബാക്കായി വരവറിയിച്ച ജോസിമറിന്റെ. ബ്രസീലുകാരനാൽ ഫുട്ബാൾ സ്നാനം ചെയ്യപ്പെട്ട ആ ബാലൻ പിൽക്കാലത്ത് മറ്റൊരു ലോകകപ്പ് വേദിയിൽ കാണികളെ ഇങ്ങനെ ആവേശത്തിലാഴ്ത്തുമെന്ന് അന്നാരു കണ്ടു!
എന്നാൽ, ബ്രസീലിയൻ ഇതിഹാസതാരത്തിന്റെ പേരിലുമല്ല ആ പയ്യൻ അറിയപ്പെട്ടത്. അക്ഷരാർഥത്തിൽ അവന്റെ അമ്മൂമ്മയുടെ പേരിലാണ്. കേപ് വെർഡെയിലെ ക്രിയോൾ ഭാഷയിൽ വൊസീഞ്ഞ എന്ന പേരിന്റെ അർഥം അമ്മൂമ്മ എന്നാണ്! അച്ഛൻ മിലിറ്ററി സർവിസിൽ ആയിരുന്നതിനാൽ കുട്ടിക്കാലത്ത് അമ്മൂമ്മക്കും അപ്പൂപ്പനും ഒപ്പമായിരുന്നു ജോസിമറിന്റെ ബാല്യകാല്യം. കളിക്കിടെ മുതിർന്ന കുട്ടികളുടെ പ്രഹരമേറ്റുവീണ് കരഞ്ഞു മടങ്ങുമ്പോൾ കൂട്ടുകാർ അവനെ കളിയാക്കി വിളിക്കാറുണ്ടായിരുന്ന പേരായിരുന്നു അത്. അമ്മൂമ്മക്കുട്ടി എന്ന അർഥത്തിൽ. അപ്പോഴെല്ലാം തന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാറുണ്ടായിരുന്ന അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും ഓർമയിലാണ് സ്പെയിനിനെതിരായ മത്സരശേഷം വൊസീഞ്ഞ വിതുമ്പിയതും. ഇതു കാണാൻ അവരുണ്ടായില്ലല്ലോ എന്ന സങ്കടം പെട്ടെന്ന് എന്ന പിടികൂടി- മത്സരശേഷമുള്ള അഭിമുഖത്തിൽ വൊസീഞ്ഞ പറഞ്ഞു. വിസ പ്രശ്നം മൂലം വൊസീഞ്ഞയുടെ അമ്മക്കും മകന്റെ മത്സരം നേരിട്ടു കാണാൻ യു.എസിൽ എത്താനായില്ല.
കേപ് വെർഡെ എന്ന തന്റെ കൊച്ചുരാജ്യത്തിനു കൂടിയാണ് വൊസീഞ്ഞ തന്റെ മിന്നുംപ്രകടനത്തിലൂടെ മേൽവിലാസം നൽകിയത്. എട്ടു തവണ ലോകകപ്പിൽ കളിച്ച കാമറൂണിനെ വരെ മറികടന്നാണ് ആഫ്രിക്കയിൽ നിന്ന് ലോകകപ്പിനു യോഗ്യത നേടിയതെങ്കിലും യൂറോ കപ്പ് ജേതാക്കളായ സ്പെയിനിനെതിരെ അവർ തകർന്നടിയും എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ ദിവസം ലോകകപ്പിലെ തന്നെ ഏറ്റവും കുഞ്ഞൻ രാജ്യമായ കുറസാവോക്കെതിരെ ജർമനി നേടിയ 7-1ന്റെ വമ്പൻ ജയം ആ പ്രവചനത്തിനു പശ്ചാത്തലമായി ഉണ്ടായിരുന്നു. എന്നാൽ, കുറസാവോയെപ്പോലെയായില്ല കേപ് വെർഡെ. കിക്കോഫ് മുതൽ അവരുടെ ചലനങ്ങളിലെല്ലാം നിശ്ചയദാർഢ്യം പ്രകടമായിരുന്നു. സ്പെയിൻ പന്ത് കൈവശം വെച്ചപ്പോഴും അവർ ചകിതരായില്ല. തങ്ങൾക്കു പന്തു കിട്ടിയപ്പോൾ തിടുക്കപ്പെട്ടതുമില്ല.
അപൂർവം അവസരങ്ങളിൽ പ്രതിരോധം നിരതെറ്റിയപ്പോൾ ഒരു ഡ്രിൽ മാസ്റ്ററെപ്പോലെ വൊസിഞ്ഞ സഹതാരങ്ങൾക്കു നിർദേശം നൽകി. മറ്റൊരിക്കൽ തന്നെ പ്രസ് ചെയ്യാൻ വന്ന സ്പാനിഷ് താരത്തെ നിസ്സാരവത്കരിച്ച് പന്ത് ചുമ്മാ തട്ടിക്കളിച്ചു. കളിയിൽ ഭൂരിഭാഗം സമയവും പന്ത് കാൽക്കൽ വെച്ചത് സ്പെയിനായിരുന്നെങ്കിലും ഈ മത്സരത്തിലൂടെ കേപ് വെർഡെ ലോകത്തോടു വിളിച്ചു പറയുന്നത് ഇതാണ്- ഈ ലോകകപ്പ് എല്ലാവരുടേതുമാണ്. ഈ പന്തിൽ എല്ലാവർക്കും തുല്യാവകാശമാണ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

