വെർഡെയോട് കളിക്കല്ലേ; തളച്ചിരിക്കും
text_fieldsമയാമി: മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ ഗോളടിക്കാൻ അനുവദിക്കാതെ അമേരിക്കൻ മണ്ണിൽ ആദ്യ അട്ടിമറി നടത്തിയ കേപ് വെർഡെയുടെ ചൂടറിഞ്ഞ് മറ്റൊരു മുൻ ചാമ്പ്യന്മാരായ ഉറുഗ്വായിയും. ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് ‘ബി’യിലെ രണ്ടാം അങ്കത്തിൽ വിഖ്യാതനായ പരിശീലകൻ മാഴ്സലോ ബിയേൽസയുടെ തന്ത്രങ്ങളുമായി കളത്തിലിറങ്ങിയ ഉറുഗ്വായിയെ 2-2നാണ് കേപ് വെർഡെ പിടിച്ചുകെട്ടിയത്. ആദ്യ അങ്കത്തിൽ എതിരാളിയെ ഗോളടിക്കാൻ അനുവദിക്കാതെയാണ് പിടിച്ചുകെട്ടിയതെങ്കിൽ, മയാമിയിൽ രണ്ടടിച്ച ഉറുഗ്വായിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടി നൽകിയായിരുന്നു ഇത്തിരിക്കുഞ്ഞന്മാരുടെ ക്ലാസ് പ്രകടനം.
ആദ്യമായി ലോകകപ്പിലേക്ക് യോഗ്യത നേടിയവർ സ്പാനിഷ് അട്ടിമറിയിലൂടെ കന്നി പോയന്റ് നേടിയപ്പോൾ, കഴിഞ്ഞ രാത്രിയിൽ ആദ്യ ഗോളിന്റെ ആഘോഷമായി മാറി. 21ാം മിനിറ്റിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുക്കാൻ കാത്തുനിൽക്കുമ്പോൾ മധ്യനിരതാരം കെവിൻ ലെനിനുപോലും ആ ഷോട്ടിൽ വിശ്വാസമില്ലായിരുന്നു. എന്നാൽ, നിലം പറ്റിയെത്തിയ ഗ്രൗണ്ടർ, പ്രതിരോധകോട്ട തീർത്ത ഉറുഗ്വായിയുടെ അറോഹോ, ഫെറികോ വിനാസ് എന്നിവർക്കിടയിലൂടെ കുതിച്ചുപാഞ്ഞപ്പോൾ ഗോളി മുസ്ലേരയും നിസ്സഹായനായി. കേപിനെയും ഞെട്ടിച്ച ലീഡ്. ആദ്യ പകുതി പിരിയും മുമ്പേ ഉറുഗ്വായ് സമനില നേടി മാനം കാത്തു. 44ാം മിനിറ്റിൽ വിങ്ങിൽ നിന്നെത്തിയ ലോങ് ക്രോസിൽ പിറന്ന ഹെഡ്ഡർ ഗോളി വൊസീഞ്ഞ തട്ടിത്തെറിപ്പിക്കുമ്പോൾ, ക്ലോസ് റേഞ്ചിൽ മാക്സി അറോഹോ കാത്തിരിപ്പുണ്ടായിരുന്നു. മിന്നൽപിണർ കണക്കെയുള്ള പന്ത് വലയിലാക്കി അയാൾ ഉറുഗ്വായിയെ ഒപ്പമെത്തിച്ചു. ഒന്നാം പകുതി പിരിയും മുമ്പേ നീണ്ട ഇഞ്ചുറി ടൈമിൽ ലോകകപ്പിലെ പ്രഥമ ചാമ്പ്യന്മാർ രണ്ടാം ഗോളും നേടി. വൊസീഞ്ഞ ഇത്തവണ, വലതു വിങ്ങിൽ നിന്നുള്ള ലോങ് ക്രോസിനെ മാക്സി അറോഹോ ഹെഡ് പാസിലൂടെ നൽകിയപ്പോൾ ബോക്സിന്റെ മധ്യഭാഗത്തുനിന്നും ലക്ഷ്യത്തിലെത്തിച്ച് അഗസ്റ്റിൻ കനോബിയോ ഉറുഗ്വായ്ക്ക് ലീഡ് നൽകി. പോരാട്ടവീര്യം കൈവിടാതെയായിരുന്നു കേപ് വെർഡെയുടെ രണ്ടാം പകുതി. ഉറുഗ്വായ് പ്രതിരോധത്തിന്റെ വീഴ്ചയിൽ മൈനസ് പാസ് തട്ടിയെടുത്ത ഹിലിയോ വറേലക്ക് സ്ഥാനം തെറ്റിയ ഗോളി മുസ്ലേരയെയും മറികടന്ന് േപ്ലസ് ചെയ്യേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. ശേഷമുള്ള മിനിറ്റുകളിൽ ഉറുഗ്വായ് ആക്രമണത്തിനും ഗോൾപോസ്റ്റിനുമിടയിൽ ഗോളി വൊസീഞ്ഞ വൻമതിലായി നിലകൊണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

