ഇത്തവണ കണക്കുകൾ പിഴച്ചു; ലോകകപ്പിൽ ജോക്കിം ക്ലമന്റിന്റെ പ്രവചനം പാളി
text_fieldsയു.എസ്.എ : കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലെയും ജേതാക്കളെ കൃത്യമായി പ്രവചിച്ച് ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയ ജർമൻ ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ ജോക്കിം ക്ലമന്റിന്റെ ഇത്തവണത്തെ പ്രവചനം പൂർണ്ണമായും പാളി. 2026 ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ഓറഞ്ച് പട കിരീടം ചൂടുമെന്ന ക്ലമന്റിന്റെ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട്, പ്രീക്വാർട്ടർ പോലും കാണാതെ നെതർലൻഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി. റൗണ്ട് ഓഫ് 32-ൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് നെതർലൻഡ്സ് കണ്ണീരോടെ മടങ്ങുന്നത്.
രാജ്യങ്ങളുടെ ജി.ഡി.പി, ജനസംഖ്യ, ഫിഫ റാങ്കിങ്, ഫുട്ബോൾ സംസ്കാരം തുടങ്ങിയ സങ്കീർണ്ണമായ സാമ്പത്തിക-സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയുള്ള ഗണിതശാസ്ത്ര മാതൃക ഉപയോഗിച്ചായിരുന്നു ക്ലമന്റ് ഇത്തവണ നെതർലൻഡ്സിന്റെ വിജയം പ്രവചിച്ചത്. സെമിഫൈനലിൽ സ്പെയിനെയും ഫൈനലിൽ പോർച്ചുഗലിനെയും തോൽപ്പിച്ച് ഓറഞ്ച് പട കപ്പുയർത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ. 1974, 1978, 2010 വർഷങ്ങളിൽ ഫൈനലിൽ കാലിടറി 'കിരീടയോഗമില്ലാത്ത രാജാക്കന്മാർ' എന്ന പേരുദോഷം സമ്പാദിച്ച നെതർലൻഡ്സ് ഇത്തവണ ആ കളങ്കം മായ്ക്കുമെന്ന് ക്ലമന്റിന്റെ പ്രവചനം വന്നതോടെ ആരാധകരും അമിത പ്രതീക്ഷയിലായിരുന്നു.
2014-ൽ ജർമനിയുടെയും, 2018-ൽ ഫ്രാൻസിന്റെയും, 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയുടെയും വിജയങ്ങൾ കിറുകൃത്യമായി പ്രവചിച്ച ചരിത്രമുള്ളതുകൊണ്ടാണ് ക്ലമന്റിന്റെ വാക്കുകൾക്ക് ഫുട്ബോൾ ലോകം അത്രമേൽ വിലനൽകിയത്. എന്നാൽ, കാൽപന്ത് കളിയുടെ ഭംഗി ഒാരോ നിമിഷത്തിലുമുള്ള അതിന്റെ പ്രവചനാതീതത്വത്തിലാണ് എന്ന് മൊറോക്കോ വീണ്ടും തെളിയിച്ചു. കോടി കണക്കുകളും സാമ്പത്തിക മാതൃകകളും മൈതാനത്തെ ചോരയും നീരും നൽകിയുള്ള പോരാട്ട വീര്യത്തിന് മുന്നിൽ വഴിമാറുമെന്ന യാഥാർത്ഥ്യം ക്ലമന്റിന്റെ പ്രവചനത്തെ തിരുത്തിക്കുറിച്ചു.
തന്റെ പ്രവചനത്തെക്കുറിച്ച് അടുത്ത ലോക ചാമ്പ്യൻ ആരായിരിക്കുമെന്ന് ആരെങ്കിലും പന്തയം വച്ചാൽ താൻ ഉത്തരവാദിയല്ലെന്ന ഒരു ഡിസ്ക്ലെയിമർ ജോക്കിം ക്ലമന്റ് മുൻകൂട്ടി നൽകിയിരുന്നു. എന്തായാലും ക്ലമന്റ് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. പ്രവചനം വെറും പ്രവചനമായി അവശേഷിച്ചു, ഗണിതശാസ്ത്ര സമവാക്യങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് മൊറോക്കോ പ്രീക്വാർട്ടറിലേക്ക് കുതിച്ചപ്പോൾ, ക്ലമന്റിന്റെ വിശ്വസ്തമായ പ്രവചന മാതൃകയ്ക്ക് ഇത്തവണ കനത്ത പ്രഹരമേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

