Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right‘അണ്ണൻ വേൾഡ് കപ്പ്...

‘അണ്ണൻ വേൾഡ് കപ്പ് തൂക്കിയപ്പോൾ അനിയൻ സോഷ്യൽ മീഡിയ തൂക്കി’; ലാമിൻ യമാലിന്‍റെ കിരീടധാരണത്തിനിടയിൽ കളം പിടിച്ച് മൂന്ന് വയസ്സുകാരൻ ചുണക്കുട്ടൻ

text_fields
bookmark_border
‘അണ്ണൻ വേൾഡ് കപ്പ് തൂക്കിയപ്പോൾ അനിയൻ സോഷ്യൽ മീഡിയ തൂക്കി’; ലാമിൻ യമാലിന്‍റെ കിരീടധാരണത്തിനിടയിൽ കളം പിടിച്ച് മൂന്ന് വയസ്സുകാരൻ ചുണക്കുട്ടൻ
cancel

ന്യൂയോർക്ക്: അർജന്റീനയെ പൂട്ടി സ്പെയിൻ ലോകകപ്പ് കിരീടമുയർത്തിയപ്പോൾ ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ആരാധകരുടെ മനം കവർന്നത് സ്പാനിഷ് പടയുടെ പാസിങ് ഗെയിം മാത്രമല്ല, താരം ലാമിൻ യമാലും അവന്റെ മൂന്ന് വയസ്സുകാരൻ അനിയൻ കെയ്നെയെയും തമ്മിലുള്ള സ്നേഹപ്രകടനമാണ്. കളി ജയിച്ച് വികാരഭരിതനായി നിന്ന 19-കാരൻ യമാലിന്റെ അടുത്തേക്ക് ചുവന്ന ജേഴ്സിയുമിട്ട് മാസ് എൻട്രിയായിരുന്നു കുട്ടി കെയ്നെയുടേത്.

വരുന്ന വഴിക്ക് ഫൈനൽ നടന്ന ഗോൾപോസ്റ്റിന്റെ വലയിൽ നിന്ന് ഒരു കഷണം ഓർമ്മയ്ക്കായി കയ്യിൽ കരുതിയിരുന്നു കക്ഷി. ജയത്തിന്റെ ആവേശത്തിൽ കൈയടിച്ച് ഓടിവന്ന അനിയനെ യമാൽ വായുവിൽ ഉയർത്തി നെഞ്ചോട് ചേർത്തു. ഇരുവരും ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചതോടെ ഗാലറിയിലും ആവേശം ഇരട്ടിയായി. സെമിയിൽ ഫ്രാൻസിനെ തോൽപ്പിച്ചപ്പോഴും ഡാല്ലസ് സ്റ്റേഡിയത്തിലെ ഗാലറിയിലൂടെ ഓടിവന്ന് യമാലിനെ കെട്ടിപ്പിടിച്ച ചരിത്രവും ഈ മൂന്ന് വയസ്സുകാരനുണ്ട്. ബാഴ്സലോണയിൽ യമാൽ അരങ്ങേറിയ കാലം തൊട്ട് പുള്ളിയുടെ കളിക്കളത്തിലെ സ്ഥിരം പിന്തുണക്കാരനാണ് ഈ അനിയൻ താരം. ഷീല എബാനയാണ് ഇരുവരുടെയും മാതാവ്.

കളിയിലേക്ക് നോക്കിയാൽ, നിശ്ചിത സമയത്ത് അർജന്റീനയെ ഗോൾ അടിക്കാൻ പോലും വിടാതെ സ്പെയിൻ വട്ടം കറക്കുകയായിരുന്നു. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് അർജന്റീനിയൻ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ കാഴ്ചക്കാരനാക്കി വല കുലുക്കിയതോടെയാണ് സ്പെയിൻ 2010-ന് ശേഷം വീണ്ടും ലോക ചാമ്പ്യന്മാരായത്. ഒപ്പം തോൽവി അറിയാതെയുള്ള തങ്ങളുടെ കുതിപ്പ് 38 മത്സരങ്ങളാക്കി മാറ്റാനും സ്പാനിഷ് പടയ്ക്ക് കഴിഞ്ഞു. കിരീടം സ്പെയിൻ കൊണ്ടുപോയെങ്കിലും സോഷ്യൽ മീഡിയയിലെ ലൈക്കും ഷെയറും മുഴുവൻ യമാലിന്റെ അനിയൻ കുട്ടി കൊണ്ടുപോയ മട്ടാണ്!

വിശ്വകിരീടം നേടിയ സ്പെയിൻ ടീമിന്റെ ഔദ്യോഗിക ആഘോഷ ചിത്രങ്ങളേക്കാൾ വേഗത്തിലാണ് യമാലും അനിയനും തമ്മിലുള്ള വിഡിയോകൾ ഇന്റർനെറ്റിൽ തീ പടർത്തിയത്. യമാൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മുൻപ് പങ്കുവെച്ചിട്ടുള്ള അനിയന്റെ കുറുമ്പു നിറഞ്ഞ വിഡിയോകളും ഇതോടെ ആരാധകർ വീണ്ടും കുത്തിപ്പൊക്കി വൈറലാക്കുകയാണ്. എക്സും (ട്വിറ്റർ) ഇൻസ്റ്റാഗ്രാമും അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ യമാലിന്റെ അനിയൻ കുട്ടിയുടെ ട്രോളുകളും റീലുകളും മാത്രമാണ് നിറഞ്ഞുനിൽക്കുന്നത്. ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ഫെറാൻ ടോറസ് ആണെങ്കിൽ, സോഷ്യൽ മീഡിയയിലെ 'മാൻ ഓഫ് ദി ടൂർണമെന്റ്' ഈ മൂന്ന് വയസ്സുകാരനാണെന്നാണ് ആരാധകരുടെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAworldcupLamine Yamal
News Summary - Brother wins, toddler shines
Next Story