Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightബാനർ വിവാദം;...

ബാനർ വിവാദം; അർജന്റീനക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടൻ

text_fields
bookmark_border
ബാനർ വിവാദം; അർജന്റീനക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടൻ
cancel

ലണ്ടൻ: ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ മൈതാനത്ത് രാഷ്ട്രീയ സന്ദേശമുള്ള ബാനറുയർത്തി ആഘോഷിച്ച അർജന്റീനൻ താരങ്ങൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാർ.

ഫിഫയുടെ നിയമങ്ങൾക്ക് വിരുദ്ധമായി താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തി തികച്ചും അനുചിതമാണെന്നും, സംഭവത്തിൽ ലോക ഫുട്ബാൾ ഭരണസമിതിയായ ഫിഫ വിശദമായ അന്വേഷണം നടത്തണമെന്നും ബ്രിട്ടീഷ് ബിസിനസ്സ് സെക്രട്ടറി പീറ്റർ കൈൽ ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തെ ഫുട്ബാളിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തുക എന്നത് ലോകകപ്പിന്റെ തന്നെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം ബി.ബി.സിയോട് പ്രതികരിച്ചു. ബുധനാഴ്ച അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചത്.

മത്സരശേഷമുള്ള ആഘോഷങ്ങൾക്കിടയിലാണ് ഗാലറിയിലുണ്ടായിരുന്ന ആരാധകർ കൈമാറിയ ഒരു വലിയ ബാനറുമായി ജിയോവാനി ലോ സെൽസോ അടക്കമുള്ള അർജന്റീനൻ താരങ്ങൾ മൈതാനത്ത് അണിനിരന്നത്. "ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്" (ഫോക്ക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്നായിരുന്നു ആ ബാനറിൽ എഴുതിയിരുന്നത്.

ഫുട്ബാൾ മൈതാനത്ത് രാഷ്ട്രീയമോ പ്രകോപനപരമോ ആയ സന്ദേശങ്ങളുള്ള പതാകകളോ ബാനറുകളോ പ്രദർശിപ്പിക്കുന്നത് ഫിഫ തങ്ങളുടെ പെരുമാറ്റച്ചട്ടപ്രകാരം കർശനമായി നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അർജന്റീനയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിയമലംഘനത്തിൽ ഫിഫയുടെ അച്ചടക്ക സമിതി എന്ത് നടപടിയാകും സ്വീകരിക്കുക എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ ഫിഫ ശരിയായ രീതിയിൽ തങ്ങളുടെ അന്വേഷണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പീറ്റർ കൈൽ വ്യക്തമാക്കി.

തെക്കേ അമേരിക്കൻ വൻകരയോട് ചേർന്ന് കിടക്കുന്ന ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫോക്ക്ലാൻഡ് ദ്വീപുകളുടെ (മാൽവിനാസ്) പരമാധികാരത്തെച്ചൊല്ലി ബ്രിട്ടനും അർജന്റീനയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കമാണ് പുതിയ വിവാദങ്ങൾക്കും ആധാരം.

നിലവിൽ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശം 1833-ൽ അവർ തങ്ങളിൽ നിന്നും നിയമവിരുദ്ധമായി പിടിച്ചെടുത്തു എന്നാണ് അർജന്റീനയുടെ വാദം. ഈ അതിർത്തിത്തർക്കം രൂക്ഷമായതിനെ തുടർന്ന് 1982-ൽ ഇരു രാജ്യങ്ങളും തമ്മിൽ സൈനിക പോരാട്ടവും നടന്നിരുന്നു. പത്ത് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ 649 അർജന്റീനൻ സൈനികർക്കും 255 ബ്രിട്ടീഷ് സൈനികർക്കും മൂന്ന് പ്രദേശവാസികൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ ചരിത്രപരമായ ശത്രുത ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള ഓരോ ഫുട്ബാൾ മത്സരങ്ങളെയും വലിയ രീതിയിൽ സ്വാധീനിക്കാറുണ്ടെങ്കിലും, ഇത്തവണ കളിക്കളത്തിൽ അരങ്ങേറിയ സംഭവങ്ങൾ അതിരുവിട്ടു എന്ന നിലപാടിലാണ് ബ്രിട്ടീഷ് സർക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandFIFAArgentinaFIFA World Cup 2026
News Summary - British Government Demands Investigation into Argentina Players for Political Banner After World Cup Semi-Final
Next Story