സമനില തെറ്റി കാനറികൾ! ബ്രസീലിനെ പിടിച്ചുകെട്ടി മൊറോക്കോ (1-1)
text_fieldsന്യൂജഴ്സി: ലോകകപ്പിലെ ഹെവി വെയ്റ്റ് പോരാട്ടത്തിൽ സമനിലക്കളി! ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി രക്ഷപ്പെട്ട് കരുത്തരായ ബ്രസീൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.
ഇസ്മാഈൽ സായ്ബരിയിലൂടെ (21ാം മിനിറ്റിൽ) മൊറോക്കോയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. അധികം വൈകാതെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ (32ാം മിനിറ്റിൽ) ബ്രസീലിനായി ഗോൾ മടക്കി. രണ്ടാം പകുതിയിൽ ചടുല നീക്കങ്ങളുമായി ഇരു ടീമുകളും കളംനിറഞ്ഞെങ്കിലും ഗോൾ നേടാനായില്ല. സൂപ്പർതാരം നെയ്മറില്ലാതെ കളത്തിലിറങ്ങിയ കാനറികൾക്ക്, ഒരു പ്ലേ മേക്കറില്ലാത്തതാണ് തിരിച്ചടിയായത്. ആദ്യ മിനിറ്റു മുതൽ ആധിപത്യം പുലർത്തിയ മൊറോക്കോ, ബ്രസീലിന്‍റെ പ്രതിരോധ നിരക്ക് കടുത്ത ഭീഷണിയുയർത്തി.
ആദ്യത്തെ 15 മിനിറ്റ് പന്തിന്‍റെ നിയന്ത്രണം മൊറോക്കോയുടെ കാലിലായിരുന്നു. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് ടീം നഷ്ടപ്പെടുത്തിയത്. ഏഴാം മിനിറ്റിൽ നെയിൽ അൽ അയ്നൂറിയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് പ്രതിരോധ താരങ്ങൾ തട്ടിയകറ്റി. 12 മിനിറ്റുകൾക്കിടെ ആറു ഗോൾ നീക്കങ്ങളാണ് മൊറോക്കോ നടത്തിയത്. ഇതിനിടെ 14ാം മിനിറ്റിൽ ബ്രസീലിന്‍റെ ഇഗോർ തിയാഗോക്ക് ഗോളിലേക്ക് സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മൊറോക്കോ ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ, ഇടതുവശത്തുനിന്നുള്ള ക്രോസ് കൃത്യമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മുൻ ചാമ്പ്യന്മാരുടെ നെഞ്ചു തകർത്ത് മൊറോക്കോ ലീഡെടുക്കുന്നത്.
മൈതാനത്തിന്‍റെ മധ്യഭാഗത്തുനിന്ന് ബ്രസീൽ സെന്‍റർ ബാക്ക് താരങ്ങൾക്കിടയിലൂടെ ബ്രഹീം ഡിയാസ് നൽകിയ ഒരു മനോഹര ത്രൂ ബാളാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് ഓടിയെടുത്ത സായ്ബരി, മുന്നോട്ട് ഓടിക്കയറിയ ഗോൾ കീപ്പർ അലിസൺ ബക്കറിനു മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കി. ലോകകപ്പിൽ ആദ്യമായാണ് ബ്രസീലിനെതിരെ ആഫ്രിക്കൻ ചാമ്പ്യന്മാർ ഗോൾ നേടുന്നത്.
പത്തു മിനിറ്റിനുള്ളിൽ വിനീഷ്യസിന്‍റെ വണ്ടർ ഗോളെത്തി. ബ്രൂണോ ഗ്യൂമറേസാണ് ഗോളിന് വഴിമരുന്നിട്ടത്. ഗോൾ പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്ന് ഗ്യുമേറസിന്‍റെ പന്തു സ്വീകരിച്ച വിനീഷ്യസ്, പ്രതിരോധ താരത്തെ കട്ട് ചെയ്ത് മുന്നോട്ടു കയറിശേഷം തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് മൊറോക്കോ ഗോൾ കീപ്പറെയും മറികടന്ന് പോസ്റ്റിന്റെ ടോപ് കോർണർ കുലുക്കി.
മൊറോക്കോ താരം നെയ്ൽ അൽ അയ്നൂറിയെ ഫൗൾ ചെയ്തതതിന് 37ാം മിനിറ്റിൽ കാസെമിറോ യെല്ലോ കാർഡ് കണ്ടു. ഇൻജുറി ടൈമിൽ ലൂകാസ് പക്വേറ്റയുടെ ഒരു കിടിലൻ സിസ്സർ കട്ട് മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോനു രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതി 1–1ന് അവസാനിച്ചു. ഇടവേളക്കുശേഷം ആഞ്ചലോട്ടി ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തി. കാസെമിറോയെ മാറ്റി ഫാബിനോയെയും ഇബാനെസിനു പകരം ഡാനിലോയെയും കളത്തിലിറക്കി. ബ്രസീൽ മത്സരത്തിൽ കൂടുതൽ ഒത്തിണക്കം കാണിച്ചു. കൂടുതൽ ഗോൾ ശ്രമങ്ങൾ നടത്തിയതും ബ്രസീലായിരുന്നു. എന്നാൽ, നീക്കങ്ങളെല്ലാം മൊറോക്കോ പ്രതിരോധത്തിൽ തട്ടി അകന്നു. 62ാം മിനിറ്റിൽ ഹെൻറിക്കും മാതേയൂസ് കുൻഹയും പകരക്കാരായി ഇറങ്ങി. ഇതിനകം ബ്രസീൽ നാല് പകരക്കാരെ ഇറക്കിയെങ്കിലും മൊറോക്കോ ടീമിൽ ഒരു മാറ്റം പോലും വരുത്തിയിരുന്നില്ല. 65ാം മിനിറ്റിലാണ് മൊറോക്കോ സബ്സ്റ്റിറ്റ്യൂഷൻ വരുത്തുന്നത്. ബിലാല്‍ അൽ ഖാനൂസ്, അസെദിൻ ഔനാഹി എന്നിവരെ കളത്തിലിറക്കി.
അവസാന മിനിറ്റുകളിൽ ബ്രസീൽ ചില അതിവേഗ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളിലെത്തിയില്ല. ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ മൊറോക്കോയുടെ ഗോളെന്നുറിപ്പിച്ച രണ്ടു ഷോട്ടുകൾ അലിസൺ വിഫലമാക്കി. നീൽ അൽ അയ്നോയിയുടെ ബോക്സിനു പുറത്തുനിന്നുള്ള ഷോട്ട് അലിസൺ തട്ടിയകറ്റി. റീബൗണ്ട് പന്ത് ഗോളാക്കാനുള്ള അയ്യൂബ് ബുവാദിയുടെ ശ്രമവും അലിസൺ തട്ടിയകറ്റി. വിനീഷ്യസിനെയും ഇഗോർ തിയാഗോയെയും സ്ട്രൈക്കർമാരാക്കി 4-4-2 ശൈലിയിലാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിലെ കളത്തിലിറക്കിയത്. 4-2-3-1 ഫോർമേഷനിലാണ് മൊറോക്കോ കളിച്ചത്. ഇസ്മായിൽ സായ്ബരി സ്ട്രൈക്കർ റോളിലെത്തിയപ്പോൾ, സൂപ്പർതാരം ബ്രഹീം ഡിയാസ് വലതു വിങ്ങിലും എൽ ഖാനൂസ് ഇടതുവിങ്ങിലും കളിക്കാനിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

