വിജയവഴിയിൽ കാനറികൾ; കുഞ്ഞയുടെ ഇരട്ടഗോളിൽ മഞ്ഞപ്പടയ്ക്ക് തകർപ്പൻ ജയം (3-0)
text_fieldsഫിലാഡൽഫിയ: ആദ്യ പകുതിയിൽ മൂന്ന് ഗോളടിച്ച ബ്രസീൽ രണ്ടാം പകുതിയിൽ ‘വിശ്രമിച്ചു’. ലോകറാങ്കിങ്ങിലെ ആറാം സ്ഥാനക്കാരായ മഞ്ഞപ്പട 80 സ്ഥാനം വ്യത്യാസമുള്ള കുഞ്ഞു ഹെയ്തിയെ 3-0ന് തോൽപിച്ച് നോക്കൗട്ടിനരികിലെത്തി. രണ്ട് കളികളിൽ തോറ്റ ഹെയ്തി ലോകകപ്പിൽ നിന്ന് പുറത്തായി. മാത്യൂസ് കുഞ്ഞയുടെ ഇരട്ട ഗോളും (23, 36 മിനിറ്റുകളിൽ) ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലെഫ്റ്റ് വിങ്ങർ വിനീഷ്യസ് ജൂനിയർ നേടിയ ഗോളുമാണ് ബ്രസീലിന്റെ വിജയം നിർണയിച്ചത്. രണ്ട് കളികളിൽ നിന്ന് കാനറികൾക്ക് നാല് പോയന്റായി. രണ്ടാം പകുതിയിൽ നാല് ഫോർവേഡുകളെ രംഗത്തിറക്കിയെങ്കിലും ഹെയ്തി വലകുലുക്കാനാകാതെ ബ്രസീൽ വിയർത്തു.
പരിക്ക് കാരണം തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രസീൽ നിരയിൽ നെയ്മർ ഇറങ്ങിയില്ല. ആദ്യ കളിയിൽ പകരക്കാരനാകേണ്ടിവന്ന മാത്യൂസ് കുഞ്ഞ ഇന്നലെ ആദ്യ ഇലവനിൽ എത്തി. രണ്ട് ഗോളടിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് താരം കോച്ചിന്റെ പ്രതീക്ഷ കാത്തു. മൊറോക്കോക്കെതിരെ ഡിഫൻസിൽ നിരാശപ്പെടുത്തിയ ഇബാനസിന് പകരം ഡാനിലോയെത്തി. ഇഗോർ തിയാഗോക്ക് പകരമാണ് കുഞ്ഞ വന്നത്. ഈ രണ്ട് മാറ്റങ്ങളും കളത്തിൽ പ്രതിഫലിച്ചു. കുഞ്ഞ രണ്ട് ഗോളുകളുമായി തിളങ്ങി. വലത് ഫ്ലാങ്കിൽ ഡാനിലോയും മികച്ചു നിന്നു. 11ാം മിനിറ്റിൽ റഫീഞ്ഞ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചിരുന്നു. പിന്നീട് വിനീഷ്യസിന്റെ ഗോൾശ്രമം ഹെയ്തി ഗോൾകീപ്പർ ജോണി പ്ലാസിഡ് തട്ടിയിട്ടപ്പോൾ അവസരം കാത്തുനിന്ന കുഞ്ഞ ഗോളാക്കി മാറ്റുകയായിരുന്നു. അടുത്ത ഗോളിന്റെ സൂത്രധാരനും വിനിയായിരുന്നു. വിനിയുടെ തകർപ്പൻ പാസിൽ നിന്നായിരുന്നു കുഞ്ഞയുടെ രണ്ടാം ഗോളിലേക്കുള്ള ഇടം കാലൻ ഷോട്ട്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായി ബ്രസീൽ. 241 ഗോളുകളാണ് പെലെയുടെ നാട്ടുകാർ ലോകകപ്പിൽ വർഷിച്ചത്. ജർമനിയുടെ റെക്കോഡാണ് തകർത്തത്. തൊട്ടുപിന്നാലെ റഫിഞ്ഞ പരിക്കേറ്റ് പുറത്തുപോയി. റയാൻ പകരമെത്തി.
വീണ്ടും കളംഭരിച്ച കാനറികൾ മൂന്നാം ഗോൾ നേടി ആദ്യ പകുതി അവസാനിപ്പിച്ചു. പ്രതിരോധ നിരയിൽ നിന്ന് കിട്ടിയ പന്തുമായി എതിരാളികളില്ലാത്ത ഇടത് വിങ്ങിലൂടെ കുതിച്ചാണ് വിനീഷ്യസ് ഗോൾ നേടിയത്. ടൂർണമെന്റിൽ സൂപ്പർതാരത്തിന്റെ രണ്ടാം ഗോളായിരുന്നു അത്. മധ്യനിരയിൽ പക്വേറ്റയും ബ്രൂണോ ഗ്വിമറെയ്സും നന്നായി കളിച്ചപ്പോൾ കാസിമിറോ താളംകണ്ടെത്താത്ത ആദ്യ പകുതിയായിരുന്നു കടന്നുപോയത്.
രണ്ടാം പകുതിയിൽ ഒരു ഘട്ടത്തിൽ വിനീഷ്യസ്, റയാൻ, എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നീ നാല് ഫോർവേഡുകളാണ് ബ്രസീൽ നിരയിലുണ്ടായിരുന്നത്. ഈ നീക്കങ്ങൾ നടത്തിയിട്ടും ധാരണയോടെ മുന്നേറാൻ ആക്രമണനിരക്ക് കഴിഞ്ഞില്ല. 63ാം മിനിറ്റിൽ ഇൻസിങ്ങർ കോർണർ കിക്കിൽനിന്നുയർന്ന പന്ത് അതിലും ഉയരത്തിൽ ചാടി ഹെഡ് ചെയ്ത റിക്കാർഡോ എഡേ ബ്രസീലിനെ ഞെട്ടിച്ചു. പരിചയ സമ്പന്നനായ ഗോൾകീപ്പർ അലിസൺ ബെക്കർ മിന്നൽവേഗത്തിൽ രക്ഷപ്പെടുത്തുകയായിരുന്നു. പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി ഉതിർത്ത ഷോട്ട് ഹെയ്തിയുടെ ക്രോസ്ബാറിൽ തട്ടി തെറിച്ചിരുന്നു. ജൂൺ 25ന് സ്കോട്ട്ലൻഡിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ് മത്സരം. ഈ കളി ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി നോക്കൗട്ടിലെത്താം. പരിക്കേറ്റ നെയ്മർ ഈ മത്സരത്തിൽ കളിക്കുമെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

