സ്പാനിഷ് ടീം ഗോളടിക്കുമ്പോൾ ഗസ്സയിൽ ആരവം; വംശഹത്യ അതിജീവിച്ച ജനത സ്പെയിനിനെ പിന്തുണക്കാൻ കാരണമിതാണ്
text_fieldsഗസ്സ: ബോംബ് വർഷങ്ങൾക്കും കൂട്ടക്കുരുതികൾക്കുമിടയിലും ജീവിതത്തെ തിരിച്ചുപിടിക്കാൻ പൊരുതുന്ന ഗസ്സയിൽ നിന്നുള്ള വേറിട്ടൊരു കാഴ്ചയാണിത്. ഗസ്സ സിറ്റിയിലെ ഒരു കഫേയിൽ താൽക്കാലികമായി സജ്ജീകരിച്ച ചെറിയ പ്രൊജക്ടർ സ്ക്രീനിനു മുന്നിൽ ഒരുകൂട്ടം ഫുട്ബാൾ ആരാധകർ ഒത്തുകൂടിയിരിക്കുന്നു. ലോകകപ്പിൽ സ്പെയിനും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടം കാണാനാണവർ എത്തിയത്.
മത്സരത്തിന്റെ പത്താം മിനിറ്റിൽ സ്പാനിഷ് യുവതാരം ലമീൻ യമാൽ ആദ്യ ഗോൾ നേടിയപ്പോൾ ആഹ്ലാദാരവങ്ങൾ കഫേയിലാകെ മുഴങ്ങി. അടുത്ത 35 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ കൂടി സ്പെയിൻ വലയിലെത്തിച്ചപ്പോൾ, താൽക്കാലിക കഫേയിലുണ്ടായിരുന്ന ഗസ്സക്കാരുടെ ആവേശം അണപൊട്ടി. ഫലസ്തീനുമായി എക്കാലത്തും അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് സൗദി അറേബ്യയെങ്കിലും, സ്പാനിഷ് ടീമിനോടുള്ള ഗസ്സക്കാരുടെ അഭിനിവേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
എന്നാൽ, ലോകകപ്പിൽ സ്പെയിനിന് ലഭിക്കുന്ന ഈ പിന്തുണ കേവലം ഫുട്ബാൾ മികവിന്റെ പേരിൽ മാത്രമല്ല. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ സ്പെയിൻ സ്വീകരിച്ച ശക്തമായ രാഷ്ട്രീയ-മാനവിക നിലപാടുകൾ കൂടിയാണ് ഈ സ്നേഹത്തിന് പിന്നിൽ. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതുമുതൽ, ഇസ്രായേലിന്റെ കടുത്ത വിമർശകരും ഗസ്സയിലെ ജനങ്ങളുടെ ഏറ്റവും വലിയ പിന്തുണക്കാരുമായി യൂറോപ്പിൽ നിലകൊള്ളുന്നത് സ്പെയിനാണ്. ഈ വംശഹത്യയിൽ ഇതുവരെ 73,000-ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
'ഞങ്ങൾ ജീവിതത്തെയും ഫുട്ബാളിനെയും സ്നേഹിക്കുന്ന ജനതയാണ്,' ഗസ്സ സിറ്റിയിലെ അഭിഭാഷകനായ മുഹമ്മദ് അത്തല്ല പറയുന്നു. വർഷങ്ങളായി അദ്ദേഹം സ്പാനിഷ് ഫുട്ബാളിന്റെ ആരാധകനാണ്. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെടുകയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഗസ്സയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ 'ലാ റോഹ' (സ്പാനിഷ് ദേശീയ ടീം) യോടുള്ള അവരുടെ സ്നേഹത്തിന് പുതിയ അർഥതലങ്ങൾ കൈവന്നു.
മാഡ്രിഡിൽ നിന്ന് 3,500 കിലോമീറ്റർ അകലെയാണെങ്കിലും സ്പെയിനിന്റെ ഓരോ ശബ്ദവും ഗസ്സയിലെ ജനങ്ങൾ നെഞ്ചേറ്റുന്നുണ്ട്. ഫലസ്തീൻ രാഷ്ട്രത്തെ 2024-ൽ അംഗീകരിച്ച സ്പാനിഷ് സർക്കാരിന്റെ നടപടി, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന 'നീചമായ കൃത്യങ്ങൾ' അവസാനിപ്പിക്കണമെന്ന സ്പാനിഷ് രാജാവ് ഫിലിപ്പെ ആറാമന്റെ അഭ്യർഥന, ബാഴ്സലോണയുടെ വിജയമാഘോഷിക്കുമ്പോൾ ഫലസ്തീൻ പതാക ഉയർത്തിപ്പിടിച്ച യുവതാരം ലാമിൻ യമാലിന്റെ ഐക്യദാർഢ്യം — ഇവയൊന്നും ഗസ്സക്കാർ മറന്നിട്ടില്ല.
"ഈ ദുഷ്കരമായ സാഹചര്യങ്ങളിൽ ഫലസ്തീൻ ജനതയ്ക്കൊപ്പം നിന്ന എല്ലാവരെയുമോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. അതുകൊണ്ടാണ് ഇവിടുത്തെ പലരും സ്പെയിനിനെ പിന്തുണയ്ക്കുന്നത്; ഫുട്ബാളിന്റെ പേരിൽ മാത്രമല്ല, അവരുടെ മാനുഷിക നിലപാടുകൾ കൊണ്ടു കൂടിയാണ്," അത്തല്ല കൂട്ടിച്ചേർത്തു. സൗദിയെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടക്കുരുതികൾക്കിടയിലെ അതിജീവനം
ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന ദൈനംദിന ദുരിതങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക ആശ്വാസമാണ് ഈ കാൽപന്ത് കളി. "ചുറ്റും നാശനഷ്ടങ്ങളും ദുരിതങ്ങളുമുണ്ടെങ്കിലും ഗസ്സയിലെ ജനങ്ങൾ ജീവിതത്തെയും സ്പോർട്സിനെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന് ലോകത്തെ കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," 32-കാരനായ ഹാനി അബു റിസ്ഖ് പറഞ്ഞു.
യുദ്ധം ഗസ്സയുടെ കായിക മേഖലയെയും തകർത്തെറിഞ്ഞു. പ്രാദേശിക ലീഗുകളിലെ താരങ്ങളായിരുന്ന പലർക്കും സ്റ്റേഡിയങ്ങൾ തകർക്കപ്പെട്ടതോടെ മറ്റ് ജോലികൾ തേടിപ്പോകേണ്ടി വന്നു. എന്നിട്ടും ഗസ്സയിലെ ജനങ്ങളുടെ ഫുട്ബോൾ പ്രേമം കെട്ടടങ്ങിയിട്ടില്ല. നിരന്തരമുള്ള വൈദ്യുതി-ഇന്റർനെറ്റ് തടസ്സങ്ങൾക്കിടയിലും ഫുട്ബോൾ കാണാൻ കഫേകളിൽ ഒത്തുകൂടാൻ അവർ സമയം കണ്ടെത്തുന്നു. ഖത്തർ ലോകകപ്പിലേതു പോലെ തന്നെ, തങ്ങളുടെ പോരാട്ടങ്ങളും ദുരിതങ്ങളും ലോകത്തെ ഓർമ്മിപ്പിക്കാനുള്ള ഒരു വേദി കൂടിയാണ് ഫലസ്തീനികൾക്ക് ഇത്തരം കായിക മാമാങ്കങ്ങൾ.
അറബ് ടീമിനെതിരെ കളിക്കുമ്പോഴും സ്പെയിനിനെ പിന്തുണയ്ക്കാൻ ഗസ്സക്കാരെ പ്രേരിപ്പിക്കുന്നത് വംശഹത്യക്കെതിരായ അവരുടെ ധീരമായ നിലപാടുകളാണ്. "അവർ ഞങ്ങളുടെ ഭാഷ സംസാരിക്കുന്നവരായിരിക്കില്ല, എന്നാൽ ലോകത്തെ മറ്റാരേക്കാളും അവരുടെ മാനുഷിക നിലപാടുകൾ ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു," ഗസ്സ നിവാസിയായ അബ്ദുല്ല മസൂദ് പറയുന്നു. "സ്റ്റേഡിയങ്ങളിലും ആരാധകർക്കിടയിലും ഫലസ്തീൻ പതാക ഉയരുമ്പോഴെല്ലാം, ഞങ്ങളുടെ ദുരിതങ്ങൾ ലോകം മറന്നിട്ടില്ലെന്നും ഞങ്ങളുടെ വിലാപങ്ങൾ കേൾക്കാൻ ഇപ്പോഴും ആളുകളുണ്ടെന്നും ഞങ്ങൾ തിരിച്ചറിയുന്നു."
ഉപരോധത്തിന്റെയും യുദ്ധത്തിന്റെയും കെടുത്തലുകൾക്കിടയിലും, ഒരു നാൾ സ്വന്തം രാജ്യമായ ഫലസ്തീനും ലോകകപ്പ് കളിക്കുന്നത് കാണാൻ കഴിയുമെന്ന പ്രത്യാശയിലാണ് ഗസ്സയിലെ ഓരോ ഫുട്ബാൾ പ്രേമിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

