കോട്ടയത്തെ മത്തായിമാരും ഫ്രാൻസിലെ ഫുട്ബാളർമാരും
text_fieldsകോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നു ചോദിച്ചത് പ്രശസ്ത സംവിധായകൻ ജോൺ ഏബ്രഹാമാണ്. ചോദിക്കുക മാത്രമല്ല, അങ്ങനെയൊരു കഥയും എഴുതി ജോൺ. ടെലിഫോൺ ഡയറക്ടറിയിൽ തുടങ്ങിയ ഗവേഷണത്തിനൊടുവിൽ കോട്ടയത്ത് തന്റെ അതേ പേരുള്ള 917 പേരെ കണ്ടെത്തുന്ന ഒരു മത്തായിയുടെ കഥയാണത്.
ഓരോ മത്സരങ്ങൾ കാണുമ്പോഴും ഫുട്ബാൾ ആരാധകർ ചോദിക്കുന്നതും സമാനമായ ഒരു ചോദ്യമാണ്- ഫ്രാൻസിൽ നിന്നിപ്പോൾ എത്രപേർ ലോകകപ്പ് കളിക്കുന്നുണ്ട്? ജോണിന്റെ മത്തായിയെപ്പോലെ ന്യൂയോർക് ടൈംസിന്റെ ഉടമസ്ഥതയിലുള്ള ദ അത്ലറ്റിക് പോർട്ടൽ അതിനുത്തരം കണ്ടെത്തിയിട്ടുണ്ട്. 99 പേർ! അതിൽ 23 പേർ ഫ്രാൻസ് ടീമിൽ തന്നെ. ശേഷിക്കുന്നവരിൽ ഭൂരിഭാഗവും ഫ്രഞ്ച് കോളനികളായിരുന്ന രാജ്യങ്ങൾക്കു വേണ്ടിയാണ് കളിക്കുന്നത്. അൽജീരിയ (13), ഹെയ്തി (12), ഡി.ആർ.കോംഗോ (11), സെനഗാൾ (10), ഐവറി കോസ്റ്റ് (8), തുനീഷ്യ (7), മൊറോക്കോ (6) എന്നിങ്ങനെ നീളുന്നു അത്. അതിൽ തന്നെ ഭൂരിഭാഗവും ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പ്രാന്തപ്രദേശങ്ങളിലുമായി ജനിച്ചവരാണ്. പാരിസ് ലോക ഫാഷന്റെ തലസ്ഥാനം മാത്രമല്ല, ചതുരശ്ര കിലോമീറ്ററിൽ ഏറ്റവും കൂടുതൽ ഫുട്ബാളർമാരുള്ള ലോക നഗരം കൂടിയാണ്!
ആനന്ദിനെ വളർത്തിയ സോവിയറ്റ് യൂനിയൻ
2012ൽ മോസ്കോയിൽ വെച്ചു നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിനും എതിരാളി ഇസ്രായേൽ ഗ്രാൻഡ് മാസ്റ്റർ ബോറിസ് ഗെൽഫൻഡിനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിരുന്നു നൽകി. സോവിയറ്റ് യൂനിയന്റെ സഹകരണത്തോടെ ചെന്നൈയിൽ സ്ഥാപിക്കപ്പെട്ട താൽ ചെസ് ക്ലബിലാണ് താൻ ചെസ് കളിച്ചുപഠിച്ചു തുടങ്ങിയതെന്ന് ആനന്ദ് പുടിനോടു പറഞ്ഞു. റഷ്യൻ പ്രസിഡന്റിന്റെ മറുപടിയിങ്ങനെ: ഓഹോ, അപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ എതിരാളിയെ ഞങ്ങൾ തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു അല്ലേ..!
പുടിൻ ചോദിച്ച ഈ ചോദ്യം ഫ്രഞ്ച് പ്രസിഡന്റിനു ചോദിക്കാവുന്ന ഒട്ടേറെ പേർ ഈ ലോകകപ്പിലുണ്ട്. അതിലൊരാൾ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീലിനെ വിറപ്പിച്ച മൊറോക്കോയുടെ മധ്യനിരയിലെ പതിനെട്ടുകാരൻ അയ്യൂബ് ബുവാദിയാണ്. ഫ്രഞ്ച് ഫുട്ബാളിന്റെ നഴ്സറി എന്നറിയപ്പെടുന്ന ക്ലെയർഫൊണ്ടെയ്ൻ ഫുട്ബാൾ സെന്ററിൽ പയറ്റിത്തെളിഞ്ഞ അനേകം വിദേശ താരങ്ങളിലൊരാളാണ് ബുവാദി. വിവിധ പ്രായവിഭാഗങ്ങളിൽ ഫ്രാൻസിനു വേണ്ടി കളിച്ച് അണ്ടർ-21 ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റനായിരിക്കവെയാണ് ബുവാദിയുടെ മുന്നിൽ മൊറോക്കോ ഫുട്ബാൾ ഫെഡറേഷൻ വലിയൊരു ഓഫർ വെക്കുന്നത്. ടീമിലേക്കു വന്നാൽ ലോകകപ്പിൽ കളിക്കാം!
ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ സ്ഥാനമുണ്ടാവില്ല എന്നുറപ്പായതോടെ ബുവാദി ആ ഓഫർ സ്വീകരിച്ചു. തന്റെ മാതാപിതാക്കളുടെ ജന്മനാടിനു വേണ്ടി കളിക്കുക എന്ന വൈകാരിക കാരണവും അതിനു പിന്നിലുണ്ടായിരുന്നു. എന്നാൽ, അതിനേക്കാളേറെ ബുവാദിയെ ആകർഷിച്ചത് മറ്റൊന്നാണ്. ഫ്രാൻസിനെപ്പോലെ ലോകനിലവാരത്തിലുള്ള ടീമാണ് മൊറോക്കോയും എന്നതുതന്നെ അത്. 2022 ലോകകപ്പിൽ സെമിഫൈനൽ കളിച്ച ശേഷം ഒരിക്കലും ഫിഫ റാങ്കിങ്ങിൽ മുൻനിരയിൽ നിന്നു പുറത്തായിട്ടില്ല മൊറോക്കോ. മൊറോക്കോക്കുവേണ്ടി കളിച്ചാലും ലോകശ്രദ്ധ നേടാം എന്ന വിശ്വാസത്തിലാണ് ബുവാദി റബാത്തിലേക്കു വിമാനം കയറുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ആ വിശ്വാസം സത്യമാവുകയും ചെയ്തു.
സാർവദേശീയതയുടെ ആഘോഷം
ഫ്രാൻസ് കഴിഞ്ഞാൽ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ കളിക്കാർ ജനിച്ചുവളർന്ന രാജ്യം നെതർലൻഡ്സാണ് (67). ജർമനി (50), ഇംഗ്ലണ്ട് (47), സ്വീഡൻ, സ്പെയിൻ, ബൽജിയം (36), ഓസ്ട്രിയ (31), സ്വിറ്റ്സർലൻഡ് (30) എന്നീ യൂറോപ്യൻ രാജ്യങ്ങൾ പിന്നിലുണ്ട്. ആദ്യ പത്തിൽ യൂറോപ്പിൽ നിന്നല്ലാത്ത ഒരേയൊരു രാജ്യമേയുള്ളൂ-അർജന്റീന. പൂർവികരുടെ നാടിനെയോ അല്ലെങ്കിൽ ജനിച്ചുവളർന്ന രാജ്യത്തെയോ വരിക്കുന്നതിൽ വൈകാരിക പ്രതിസന്ധിയില്ലാത്ത പ്രഫഷനലുകളാണ് ഇവരിൽ ഭൂരിഭാഗവും. എന്നാൽ, അങ്ങനെയല്ലാത്തവരുമുണ്ട്. സ്വീഡിഷ് സ്ട്രൈക്കർ യാസിൻ അയാരി അക്കൂട്ടത്തിൽപ്പെടുന്നു. ഗ്രൂപ് ഘട്ടത്തിൽ തുനീഷ്യക്കെതിരെ രണ്ടു ഗോൾ നേടിയ ശേഷം അയാരി ആഘോഷിക്കുകയല്ല ചെയ്തത്. മുട്ടുകുത്തിനിന്ന് കൈകൂപ്പുകയാണ്. തന്റെ പിതാവിന്റെ ജന്മനാടിനോടുള്ള സ്നേഹാദരമായിരുന്നു അത്.
ബുവാദിയും അയാരിയുമെല്ലാം വിളിച്ചുപറയുന്നത് ഒരു കാര്യം തന്നെയാണ്. ദേശീയതയുടെ ഏറ്റവും വലിയ പ്രദർശനമായിരിക്കാം ലോകകപ്പ്. ഓരോ രാജ്യത്തിനും തങ്ങളുടെ പതാക ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാനുള്ള അവസരം. എന്നാൽ, രസകരമായ ഒരു ഐറണി പോലെ ദേശീയതയെ തീർത്തും അപ്രസക്തമാക്കുന്ന ആഘോഷം കൂടിയാകുന്നു അത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

