‘രോഹിത് ശർമ എവിടെയും പോകുന്നില്ല...’; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബി.സി.സി.ഐ
text_fieldsരോഹിത് ശർമ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ഏകദിനം വെറ്ററൻ താരം രോഹിത് ശർമയുടെ അവസാന അന്താരാഷ്ട്ര മത്സരമാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ. വിരമിക്കലുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും രോഹിത് ഇന്ത്യൻ ടീമിലെ സ്ഥിരാംഗമാണെന്നും അദ്ദേഹം പറഞ്ഞു. 2027 ഏകദിന ലോകകപ്പിൽ രോഹിത്തിനെ പരിഗണിക്കില്ലെന്ന് സെലക്ടർമാർ താരത്തെ അറിയിച്ചതോടെയാണ് വിരമിക്കൽ അഭ്യൂഹങ്ങൾ ശക്തമായത്.
‘രോഹിത് ശർമയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്‌സിൽ നടക്കുന്ന ഏകദിനം രോഹിത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് തീർത്തു പറയാൻ ആഗ്രഹിക്കുന്നു’ -സൈക്കിയ വാർത്ത ഏജൻസി പി.ടി.ഐയോട് പറഞ്ഞു. ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരാംഗമാണ് രോഹിത്. ടീമിന്റെ പദ്ധതികളിൽ ഉള്ളിടത്തോളം കാലം താരം രാജ്യത്തെ പ്രതിനിധീകരിക്കും. ലോർഡ്‌സ് ഏകദിനം താരത്തിന്‍റെ അവസാന മത്സരമായിരിക്കില്ലെന്നും സൈക്കിയ വ്യക്തമാക്കി. കാർഡിഫിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ പുറത്തുവരുന്നത്. മത്സരത്തിൽ 47 പന്തിൽനിന്ന് 26 റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം.
എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ഏകദിനത്തിലും താരത്തിന് തിളങ്ങാനായില്ല. 21 പന്തിൽ 11 റൺസെടുത്ത് പുറത്തായി. ഐ.പി.എല്ലിലും താരം നിരാശപ്പെടുത്തിയിരുന്നു. 2027ലെ ഏകദിന ലോകകപ്പ് മുന്നിൽകണ്ട് യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന് അവസരം നൽകുമെന്നും ടീമിന്‍റെ ലോകകപ്പ് പദ്ധതിയിൽ താരത്തെ പരിഗണിക്കുന്നില്ലെന്നും ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് സെലക്ടർമാർ 39കാരനായ രോഹിത്തിനെ അറിയിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. 2026ലെ ഐ.പി.എൽ സമയത്ത് തന്നെ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് സെലക്ടർമാർ ചർച്ചകൾ തുടങ്ങിയിരുന്നു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചർച്ചയുടെ ഭാഗമായിരുന്നുവെന്നാണ് വിവരം. ലോർഡ്സ് ഏകദിനത്തിനു മുന്നോടിയായി രോഹിത്തിന്‍റെ മാതാപിതാക്കൾ ലണ്ടനിലെത്തിയിട്ടുണ്ട്.
ജൂണിൽ ധർമശാലയിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ കളിക്കാനിറങ്ങിയതോടെ മൊഹീന്ദർ അമർനാഥിനെ മറികടന്ന് ഇന്ത്യക്കായി ഏകദിനം കളിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ ക്രിക്കറ്റ് താരമായി രോഹിത് മാറിയിരുന്നു. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ 16, 48, 79 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോറുകൾ. 2025 മാർച്ചിൽ ഇന്ത്യയെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് താരത്തെ നായക സ്ഥാനത്തുനിന്ന് മാറ്റി ശുഭ്മൻ ഗില്ലിനെ കൊണ്ടുവരുന്നത്. ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച താരം നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

